ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഹോർമുസ് കടലിടുക്കിൽ ഇന്ത്യ ഉൾപ്പെടെ അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്തില്ലെന്ന നിർണായക പ്രഖ്യാപനവുമായി ഇറാൻ. സംഘർഷഭരിതമായ ഈ തന്ത്രപ്രധാന കടലിടുക്കിലൂടെ റഷ്യ, ചൈന, പാകിസ്ഥാൻ, ഇറാഖ് എന്നീ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയുടെയും കപ്പലുകൾക്ക് സുരക്ഷിത പാതയൊരുക്കുമെന്നും ഇറാൻ വ്യക്തമാക്കി.
ഇറാനിയൻ സ്‌റ്റേറ്റ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഖ്ചി, ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടച്ചിട്ടില്ലെന്ന് അറിയിച്ചു. എന്നാൽ, ശത്രുരാജ്യങ്ങളായ യുഎസ്, ഇസ്രായേൽ എന്നിവയുടെയും മിഡിൽ ഈസ്‌റ്റിലെ യുദ്ധത്തിൽ അവരെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെയും കപ്പലുകൾക്ക് ഈ കടലിടുക്കിലൂടെ പോകാൻ അനുമതിയുണ്ടായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'നിരവധി കപ്പലുടമകളും അവരുടെ രാജ്യങ്ങളും ഞങ്ങളെ സമീപിക്കുകയും കടലിടുക്കിലൂടെയുള്ള സുരക്ഷിത യാത്ര ഉറപ്പാക്കാൻ അഭ്യർത്ഥിക്കുകയും ചെയ്‌തിട്ടുണ്ട്. ഞങ്ങൾ സൗഹൃദപരമായി കാണുന്ന ചില രാജ്യങ്ങൾക്കോ, മറ്റ് കാരണങ്ങളാലോ, ഞങ്ങളുടെ സായുധ സേന സുരക്ഷിത പാതയൊരുക്കിയിട്ടുണ്ട്' റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തതനുസരിച്ച് അറഖ്ചി പറഞ്ഞു.
'നിങ്ങൾ വാർത്തകളിൽ കണ്ടിട്ടുണ്ടാകും: ചൈന, റഷ്യ, പാകിസ്ഥാൻ, ഇറാഖ്, ഇന്ത്യ. ഇതിൽ ഇന്ത്യയുടെ രണ്ട് കപ്പലുകൾ ഏതാനും രാത്രികൾക്ക് മുൻപ് കടന്നുപോയി. മറ്റ് ചില രാജ്യങ്ങളും ബംഗ്ലാദേശും പോലും ഇതിൽ ഉൾപ്പെടുന്നു. ഈ രാജ്യങ്ങൾ ഞങ്ങളുമായി സംസാരിച്ച് ഏകോപനം നടത്തിയവയാണ്, യുദ്ധത്തിന് ശേഷവും ഇത് തുടരും' അദ്ദേഹം അറിയിച്ചു.
അതിനിടെ ആഭ്യന്തര പാചകവാതക ക്ഷാമം ലഘൂകരിക്കുന്നതിനും ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ മറികടക്കാനും ഇന്ത്യ ഇറാനിൽ നിന്ന് ദ്രവീകൃത പെട്രോളിയം വാതകം (എൽപിജി) വീണ്ടും ഇറക്കുമതി ചെയ്യാൻ തുടങ്ങിയിരുന്നു. വർഷങ്ങൾക്ക് ശേഷമുള്ള ആദ്യ ഇറാനിയൻ എൽപിജി കപ്പൽ മംഗലാപുരത്തേക്ക് പുറപ്പെട്ടു. ഈ ഇടപാടുകൾക്ക് രൂപയിലാകും പണം നൽകുക.
എൽഎസ്‌ഇജി ട്രേഡ് ഡാറ്റയും മൂന്ന് വ്യവസായ വൃത്തങ്ങളും ഇത് വർഷങ്ങൾക്ക് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ഇറാനിയൻ എൽപിജി ഇറക്കുമതിയായി സ്ഥിരീകരിക്കുന്നു. അമേരിക്ക ഇറാനുമേലുള്ള ക്രൂഡ്, ശുദ്ധീകരിച്ച ഇന്ധന കയറ്റുമതി ഉപരോധങ്ങൾ താൽക്കാലികമായി നീക്കിയതാണ് ഇതിന് വഴിയൊരുക്കിയത്. ലോകത്തെ രണ്ടാമത്തെ വലിയ എൽപിജി ഇറക്കുമതിക്കാരായ ഇന്ത്യ കടുത്ത വാതക ദൗർലഭ്യം നേരിടുന്ന ഘട്ടത്തിലാണ് ഈ സുപ്രധാന നീക്കം.
ഗാർഹിക ആവശ്യങ്ങൾക്കായി പാചകവാതകം ഉറപ്പാക്കാൻ സർക്കാർ വ്യവസായശാലകളിലേക്കുള്ള വിതരണം നേരത്തെ കുറച്ചിരുന്നു. കഴിഞ്ഞ വർഷം ഇന്ത്യ 33.15 ദശലക്ഷം മെട്രിക് ടൺ എൽപിജി ഉപയോഗിച്ചു. ഇതിൽ ഏകദേശം 60 ശതമാനം ആവശ്യകതയും ഇറക്കുമതിയിലൂടെയാണ് നിറവേറ്റിയത് എന്നതാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
എൽപിജി ഇറക്കുമതിക്കായി ഇന്ത്യ ഇപ്പോഴും മിഡിൽ ഈസ്‌റ്റേൺ വിതരണക്കാരെയാണ് കാര്യമായി ആശ്രയിക്കുന്നത്. കഴിഞ്ഞ വർഷം ഇറക്കുമതിയുടെ 90 ശതമാനം അവർ നൽകി. യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് ഹോർമുസ് കടലിടുക്കിലൂടെയുള്ള ഊർജ്ജ വിതരണത്തിലെ തടസ്സങ്ങൾ ബദൽ സ്രോതസുകളും വഴികളും തേടാൻ ഇന്ത്യയെ പ്രേരിപ്പിക്കുകയായിരുന്നു.












Click it and Unblock the Notifications