കളി മാറ്റി പിടിക്കാൻ ഒരുങ്ങി ഇറാൻ; യുഎസിലെ ഇടക്കാല തിരഞ്ഞെടുപ്പ് ലക്ഷ്യം, എണ്ണവില കൂട്ടാൻ പുതിയ നീക്കം
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെ ലക്ഷ്യമിട്ട് പുതിയ ആക്രമണതന്ത്രങ്ങൾ നടപ്പാക്കാൻ ഇറാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ആഗോള എണ്ണവില ഉയർന്ന നിലയിൽ നിലനിർത്താനും നവംബറിൽ നടക്കുന്ന അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുമാണ് ഇറാന്റെ നീക്കമെന്നാണ് മുതിർന്ന രണ്ട് ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആക്രമണം ആരംഭിച്ചതിനുശേഷം ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം കൈക്കലാക്കാൻ ടെഹ്‌റാൻ ശ്രമിച്ചുവരികയാണ്. യുദ്ധത്തിന് മുമ്പ് ലോകത്തെ ആകെ എണ്ണ, ദ്രവീകൃത പ്രകൃതിവാതക വ്യാപാരത്തിന്റെ ഏകദേശം അഞ്ചിലൊന്ന് കടന്നുപോയിരുന്ന പ്രധാന ജലപാതയാണിത്. കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിലൂടെ അമേരിക്കയ്ക്കുമേൽ സമ്മർദം ചെലുത്താനാണ് ഇറാന്റെ ശ്രമം.

ഇറാന്റെ ഭീഷണികളും ആക്രമണങ്ങളും കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം ഗണ്യമായി കുറയാൻ കാരണമായി. ഇതോടെ എണ്ണവില ഉയർന്നു. എങ്കിലും ചില കപ്പലുകൾ ഇപ്പോഴും ഇതുവഴി സഞ്ചരിക്കുന്നുണ്ട്. പുതിയ തന്ത്രത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല. എന്നാൽ, ഇറാന്റെ നിയന്ത്രണങ്ങൾ ലംഘിക്കുന്നതായി കരുതുന്ന കപ്പലുകൾക്കെതിരെ ഏകദേശം പത്ത് ദിവസം മുമ്പ് മുതൽ വ്യത്യസ്‌തമായ ആക്രമണരീതികൾ ഉപയോഗിച്ചുതുടങ്ങിയെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇതോടെ അത്തരം കപ്പലുകൾക്കെതിരായ ആക്രമണങ്ങളുടെ എണ്ണവും വർധിച്ചതായാണ് വിവരം. ആക്രമണങ്ങളുടെ രീതിയിലും വേഗത്തിലും മാറ്റം വരുത്തിയിട്ടുണ്ടെന്നും അമേരിക്കൻ തിരഞ്ഞെടുപ്പിന്റെ ഫലത്തെ സ്വാധീനിക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആഗോള എണ്ണവില കുറയ്ക്കാനുള്ള അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ശ്രമങ്ങളെ തടസപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇറാന്റെ പരമോന്നത നേതൃത്വമാണ് പുതിയ തന്ത്രം സ്വീകരിക്കാൻ തീരുമാനിച്ചതെന്നും ഭരണസംവിധാനത്തിന്റെ വിവിധ തലങ്ങളിൽ ഏകോപനത്തോടെയാണ് ഇത് നടപ്പാക്കുന്നതെന്നും ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. അമേരിക്കൻ സൈനിക ഉദ്യോഗസ്ഥനും ഇറാൻ ആക്രമണരീതിയിൽ മാറ്റം വരുത്തിയതായി സ്ഥിരീകരിച്ചു.
ഇറാന്റെ റഡാർ സംവിധാനങ്ങളുടെ വലിയൊരു ഭാഗം അമേരിക്ക തകർത്തതിനു പിന്നാലെ, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് സാധ്യതയുള്ള ലക്ഷ്യങ്ങളെ കണ്ടെത്താൻ ആയുധങ്ങളില്ലാത്ത ചെറിയ ബോട്ടുകളിലെ നിരീക്ഷകരെ ഉപയോഗിക്കുന്നുണ്ടെന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥൻ പറഞ്ഞത്. അമേരിക്കൻ നാവികസേനയുടെ കപ്പലുകളും ഇവരുടെ നിരീക്ഷണലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.
അതിനിടെ യുദ്ധത്തിന്റെ സാമ്പത്തിക ചെലവും അമേരിക്കയിൽ രാഷ്ട്രീയ ചർച്ചാവിഷയമായിട്ടുണ്ട്. പ്രതിമാസം ഏകദേശം 300 കോടി ഡോളർ ചെലവുവരുന്ന യുദ്ധം നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിലെ പ്രധാന വിഷയങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. അമേരിക്കൻ കോൺഗ്രസിന്റെ നിയന്ത്രണം ഏത് പാർട്ടിക്ക് ലഭിക്കുമെന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണിത്.
ഇറാനെതിരെ അടുത്തതായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആലോചിച്ചുവരികയാണ്. എന്നാൽ തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ വീണ്ടും ആക്രമിക്കില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതേസമയം, ഇറാന്റെ തുറമുഖങ്ങൾക്കെതിരായ നാവിക ഉപരോധം അമേരിക്ക തുടരുകയാണ്. ഇറാനുമേൽ സാമ്പത്തിക സമ്മർദം വർധിപ്പിക്കുന്നതിനായി ഉപരോധങ്ങളും നീട്ടിയിട്ടുണ്ട്.
സംഘർഷം അവസാനിപ്പിക്കാൻ ധാരണയിലെത്താൻ ടെഹ്‌റാനെ നിർബന്ധിതമാക്കുകയാണ് ഇതിലൂടെ യുഎസ് ലക്ഷ്യമിടുന്നത്. ഹോർമുസ് കടലിടുക്കിലെ സംഘർഷം ആഗോള ഊർജവിപണിയെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന ആശങ്ക ശക്തമാണ്. ആക്രമണഭീഷണിയും കപ്പൽഗതാഗതത്തിനും ഇൻഷുറൻസിനും വർധിച്ചുവരുന്ന ചെലവും സാധാരണ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെ സങ്കീർണമാക്കുന്നു.
യുദ്ധം ആരംഭിച്ചതിനുശേഷം കടലിടുക്കിലൂടെ ഇപ്പോഴും സഞ്ചരിക്കുന്ന വാണിജ്യക്കപ്പലുകൾക്കെതിരായ ആക്രമണങ്ങൾ ഏറ്റവും ഉയർന്ന നിലയിലെത്തിയതായി സ്വതന്ത്ര വിവരവിശകലനങ്ങൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ 48 മണിക്കൂറിനിടെ ഹോർമുസ് മേഖലയിലെ എണ്ണക്കപ്പലുകളും മറ്റ് വാണിജ്യക്കപ്പലുകളും ഉൾപ്പെട്ട കുറഞ്ഞത് അഞ്ച് സംഭവങ്ങളെങ്കിലും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഡ്രോൺ ആക്രമണങ്ങളും ഇതിൽ ഉൾപ്പെടുന്നു.


Click it and Unblock the Notifications
