ട്രംപിനോട് പോയി പണി നോക്കാൻ പറഞ്ഞ് ഇറാൻ; വെടിനിർത്തൽ പ്രഖ്യാപനം തള്ളി, 'ഞങ്ങൾ കീഴടങ്ങുന്ന ആളുകളല്ല'
ടെഹ്‌റാൻ: ഇസ്രായേലുമായുള്ള സംഘർഷം തുടരുന്നതിനിടെ അമേരിക്കൻ പ്രസിഡന്റിന്റെ വെടിനിർത്തൽ പ്രഖ്യാപനം തള്ളി ഇറാൻ. കൊട്ടിഘോഷിച്ച ഡൊണാൾഡ് ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് ആയുസ് മണിക്കൂറുകൾ മാത്രമാണ് ഉണ്ടായത്. അപ്പോഴേക്കും വാർത്ത നിഷേധിച്ചുകൊണ്ട് ഇറാനിയൻ മാധ്യമങ്ങളാണ് രംഗത്ത് വന്നത്. ഇത്തരത്തിൽ ഒരുവിധത്തിലുള്ള കരാറിലും ഇറാൻ ഭാഗമായിട്ടില്ലെന്നാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശിച്ച വെടിനിർത്തൽ പദ്ധതി പൂർണമായും തെറ്റാണെന്നും മേഖലയിലെ തങ്ങളുടെ താവളങ്ങൾ ആക്രമിച്ചതിലൂടെ അമേരിക്കയ്ക്ക് അടുത്തിടെയുണ്ടായ അപമാനത്തിൽ നിന്ന് പൊതുജനാഭിപ്രായം വഴിതിരിച്ചുവിടുക എന്ന ലക്ഷ്യത്തോടെയാണ് ഇത് മുന്നോട്ടുവച്ചതെന്നുമാണ് ഇറാനിയൻ വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്യുന്നത്.

ഇരുപക്ഷവും വെടിനിർത്തലിന് സമ്മതിച്ചതായി ട്രംപ് അവകാശപ്പെട്ടിട്ടുണ്ടെങ്കിലും, ഇറാനിൽ നിന്ന് വെടിനിർത്തലിനുള്ള ഔദ്യോഗികമോ അനൗദ്യോഗികമോ ആയ നിർദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഫാർസ് റിപ്പോർട്ട് ചെയ്യുന്നത്. വരും മണിക്കൂറുകളിൽ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ, ഇസ്രായേലിലെ സയണിസ്‌റ്റ് ഭരണകൂടത്തിന് ഈ അവകാശവാദത്തിന്റെ കള്ളത്തരം തുറന്നുകാട്ടുമെന്ന് പറഞ്ഞതായാണ് ടെഹ്‌റാനിലെ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളോട് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും പ്രതികരിച്ചു.സോഷ്യൽ മീഡിയ പോസ്‌റ്റിലൂടെ ആയിരുന്നു അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഇറാൻ ജനതയെയും അവരുടെ ചരിത്രത്തെയും അറിയുന്നവർക്ക് ഇറാൻ കീഴടങ്ങുന്ന ഒരു രാഷ്ട്രമല്ലെന്ന് അറിയാം; ഖമേനി പറയുന്നു.
ഇസ്രായേലുമായുള്ള വെടിനിർത്തലിന് ഇതുവരെ ഒരു കരാറും ഉണ്ടാക്കിയിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രിയും പറഞ്ഞു. അപ്രതീക്ഷിതമായി ട്രംപ് വെടിനിർത്തൽ പ്രഖ്യാപിക്കുകയും 6 മണിക്കൂറിനുള്ളിൽ ഇരുപക്ഷവും അത് പാലിക്കുകയും ചെയ്യുമെന്ന് ട്രൂത്ത് സോഷ്യലിലെ പോസ്‌റ്റിലൂടെ പറയുകയും ചെയ്‌തതിന് പിന്നാലെയാണ് ഇറാൻ ഇത് നിഷേധിച്ചു രംഗത്ത് വന്നിരിക്കുന്നത്. മറുവശത്ത് ഇസ്രായേൽ ആവട്ടെ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടുമില്ല.
മാത്രമല്ല ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷവും മേഖലയിൽ ആക്രമണം തുടരുകയാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ചൊവ്വാഴ്‌ച രാവിലെ ഇറാനിൽ നിന്ന് വിക്ഷേപിച്ച നാല് ഡ്രോണുകൾ വ്യോമസേന തടഞ്ഞതായി ഐഡിഎഫ് പ്രഖ്യാപിച്ചു. ഇതിന് മുന്നോടിയായി ഇത്തരം വിമാനങ്ങളുടെ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി കൊണ്ട് തെക്കൻ ഗോലാൻ കുന്നുകളിൽ സൈറണുകൾ മുഴങ്ങിയിരുന്നു.
നേരത്തെ ഇസ്രായേലും ഇറാനും വെടിനിർത്തലിന് സമ്മതിച്ചതായി സിബിഎസിനോട് ഒരു മുതിർന്ന ഭരണാധികാരി പറഞ്ഞുവെന്ന് അവർ റിപ്പോർട്ട് ചെയ്‌തിരുന്നു. ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നേരിട്ട് ആശയവിനിമയം നടത്തിയെന്നും ഇറാൻ അവരെ കൂടുതൽ ആക്രമിക്കാത്തിടത്തോളം ഇസ്രായേൽ വെടിനിർത്തലിന് സമ്മതിച്ചതായും സിബിഎസ് റിപ്പോർട്ട് ചെയ്യുന്നു.
കൂടാതെ ടെഹ്‌റാൻ വെടിനിർത്തലിന് സമ്മതിച്ചതായി മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചതായി സിബിഎസ് റിപ്പോർട്ട് ചെയ്യുന്നു. യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്, സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രത്യേക ദൂതൻ സ്‌റ്റീവ് വിറ്റ്കോഫ് എന്നിവർ നേരിട്ടും അല്ലാതെയും ഇറാനി നേതാക്കളുമായി ആശയവിനിമയം നടത്തിയതിന് ശേഷമാണ് വെടിനിർത്തൽ ഉണ്ടായതെന്ന് മുതിർന്ന ഭരണാധികാരിയെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വന്നെങ്കിലും ഇപ്പോഴും അതിൽ അനിശ്ചിതത്വം തുടരുകയാണ്.












Click it and Unblock the Notifications