യുദ്ധം അവസാനിപ്പിക്കാൻ യുഎസിന് മുൻപിൽ 7 നിബന്ധനകൾ വച്ച് ഇറാൻ; മധ്യസ്ഥ ശ്രമം നടത്തുന്നത് ഖത്തർ വഴി

ടെഹ്‌റാൻ: യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിക്കുന്നതിനായി ഇറാൻ ഖത്തർ വഴി അമേരിക്കയ്ക്ക് ഏഴ് നിബന്ധനകൾ കൈമാറിയതായി റിപ്പോർട്ട്. ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്‌സെൻ റെസായി ആണ് ഇക്കാര്യം അറിയിച്ചത്. ഇറാൻ മുന്നോട്ടുവെച്ച നിബന്ധനകൾ ഖത്തർ അമേരിക്കയെ അറിയിച്ചിട്ടുണ്ടെന്നും ഇനി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും റെസായി പറഞ്ഞു.

ഏഴ് നിബന്ധനകളിൽ മൂന്ന് പ്രധാന ആവശ്യങ്ങൾ മാത്രമാണ് റെസായി പരസ്യമായി വെളിപ്പെടുത്തിയത്. എല്ലാ മേഖലകളിലുമുള്ള യുദ്ധം അവസാനിപ്പിക്കുക, ഇറാന്റെ മരവിപ്പിച്ചിട്ടുള്ള സാമ്പത്തിക ആസ്‌തികൾ വിട്ടുനൽകുക, അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം പിൻവലിക്കുക എന്നിവയാണ് ഈ മൂന്ന് ആവശ്യങ്ങൾ. ഏഴ് നിബന്ധനകളുടെ പൂർണ പട്ടിക അദ്ദേഹം പുറത്തുവിട്ടിട്ടില്ല.

iran

ഇറാന്റെ നിലപാട് വ്യക്തമായതാണെന്നും സംഘർഷം അവസാനിപ്പിക്കണമെങ്കിൽ ഇറാൻ ഉന്നയിച്ച അവകാശങ്ങളും നിബന്ധനകളും അമേരിക്ക അംഗീകരിക്കണമെന്നും റെസായി പറഞ്ഞു. അതേസമയം, ആവശ്യങ്ങൾ നിരസിക്കുകയാണെങ്കിൽ വലിയ തോതിലുള്ള സംഘർഷത്തിലേക്ക് നീങ്ങാൻ ഇറാൻ തയ്യാറാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ടെഹ്റാനും വാഷിങ്ടണും തമ്മിലുള്ള ആശയവിനിമയത്തിനുള്ള ഇടനിലക്കാരായി ഖത്തർ പ്രവർത്തിച്ചുവരികയാണ്. ചർച്ചകൾ പുനരാരംഭിക്കുന്നതിനുള്ള ശ്രമങ്ങളിൽ പാകിസ്ഥാനും പങ്കാളിയാണ്. യുദ്ധം അവസാനിപ്പിക്കുന്നതിനും തുടർന്ന് വിപുലമായ ചർച്ചകൾക്ക് ഒരു ചട്ടക്കൂട് രൂപപ്പെടുത്തുന്നതിനുമായി ഇറാനും അമേരിക്കയും തമ്മിൽ ഉണ്ടായിരുന്ന ധാരണാപത്രത്തിന്റെ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് പുതിയ നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്.

പാകിസ്ഥാൻ ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്‌വി ടെഹ്റാൻ സന്ദർശിക്കാനിരിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്‌മയിൽ ബഘായി പറഞ്ഞു. എന്നാൽ, നഖ്‌വി അമേരിക്കയുടെ പ്രത്യേക സന്ദേശമോ നിർദേശമോ കൈവശം വഹിച്ചായിരിക്കും എത്തുകയെന്നതിന് നിലവിൽ സൂചനകളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാൻ-പാകിസ്ഥാൻ ബന്ധവും നേരത്തെ ഉണ്ടായ കരാറുകളും സംബന്ധിച്ച തുടർനടപടികളാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്നും ബഘായി പറഞ്ഞു. നയതന്ത്ര ശ്രമങ്ങൾക്കൊപ്പം, അമേരിക്ക വീണ്ടും ആക്രമണം നടത്തിയേക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇറാൻ തയ്യാറെടുപ്പുകൾ നടത്തുന്നതായും റെസായി സൂചിപ്പിച്ചു.

മുൻ സംഘർഷങ്ങളെത്തുടർന്ന് ഇറാന്റെ സൈനിക ആസൂത്രണത്തിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും പേർഷ്യൻ ഗൾഫ് മുതൽ ഒമാൻ ഉൾക്കടൽ വഴിയും അറബിക്കടൽ വരെയും വ്യാപിച്ചുകിടക്കുന്ന അമേരിക്കൻ നാവിക സേനയുടെ സാന്നിധ്യമാണ് ഇപ്പോൾ പ്രത്യേകമായി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ ഒരു അമേരിക്കൻ കപ്പലിനോ വിമാനവാഹിനിക്കപ്പലിനോ സമീപം ഇറാൻ ഒന്നിലധികം പോർമുനകൾ വഹിക്കാൻ കഴിയുന്ന കപ്പൽവേധ മിസൈൽ പരീക്ഷിച്ചുവെന്നും റെസായി അവകാശപ്പെട്ടു.
വീണ്ടും സംഘർഷമുണ്ടായാൽ, മേഖലയിൽ സ്ഥിതിചെയ്യുന്ന അമേരിക്കൻ സൈനിക താവളങ്ങളിൽ മാത്രം ഇറാന്റെ പ്രതികരണം ഒതുങ്ങില്ലെന്നും അവിടെയുള്ള അമേരിക്കൻ വാണിജ്യ താൽപര്യങ്ങളെയും കമ്പനികളെയും ബാധിച്ചേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ആണവായുധ നിർവ്യാപന ഉടമ്പടിയായ എൻപിടിയിൽ നിന്ന് പിന്മാറണമെന്ന കാര്യത്തിൽ ഇറാൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് റെസായി പറഞ്ഞു. എന്നാൽ അമേരിക്കയുടെ നടപടികൾ ഈ വിഷയത്തിൽ ഭാവിയിൽ ടെഹ്റാൻ എടുക്കുന്ന തീരുമാനത്തെ സ്വാധീനിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇറാന്റെ പ്രഖ്യാപിത ആണവനയം മാറിയിട്ടില്ലെന്നും ആണവായുധങ്ങൾ കൈവശം വയ്ക്കുന്നതിനെതിരായ മതവിധി ഇറാൻ ഇപ്പോഴും പാലിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മേഖലയിലെ തന്ത്രപ്രധാനമായ കടൽപാതകളെക്കുറിച്ചും ഇറാൻ ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ബാബ് അൽ-മന്ദബ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ ആലോചിക്കുന്നുവെന്ന പ്രചാരണം അദ്ദേഹം തള്ളി. ഈ വിഷയം യെമനുമായും ഹൂതി പ്രസ്ഥാനവുമായും ബന്ധപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഹോർമുസ് കടലിടുക്ക് സംബന്ധിച്ച് ഇറാനും ഒമാനും തമ്മിൽ ഒരു കരാർ പ്രഖ്യാപിക്കുന്നതിന്റെ വക്കിലെത്തിയിരുന്നുവെന്നും എന്നാൽ പിന്നീട് അത് മാറ്റിവെച്ചുവെന്നും റെസായി പറഞ്ഞു. കരാറിന്റെ ചട്ടക്കൂട് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും എന്നാൽ അത് പരസ്യമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് മേഖലയിൽ നിന്നുള്ള അംഗീകാരം ആവശ്യമായി വന്നേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma