ഇറാന്‍ ഒതുങ്ങില്ല; വമ്പന്‍ എണ്ണക്കരാറുമായി അമേരിക്ക, വെനസ്വേലയെ തൂക്കി, ഡോളര്‍ ഒഴിവാക്കാന്‍ മുജ്തബ
ഇറാനുമായുള്ള പോരില്‍ ആയുധം ഒഴിവാക്കിയ അമേരിക്ക മറ്റൊരു വഴിക്കാണ് നീങ്ങുന്നത്. ആയുധ പ്രയോഗത്തിലൂടെ ഇറാന്‍ ഒതുങ്ങില്ലെന്ന് വ്യക്തമായതോടെ സാമ്പത്തികമായി ഞെരുക്കാനാണ് നീക്കം. ഇറാനെതിരെ ഉപരോധം ശക്തമാക്കിയ പിന്നാലെ ഇറാനുമായി സഹകരിക്കുന്ന രാജ്യങ്ങള്‍ക്കെതിരെയും ഉപരോധം പ്രഖ്യാപിച്ചു. യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന ഈജിപഷ്യന്‍ ബാങ്കിനെതിരെ നടപടി എടുക്കുന്നതിന് കാരണവും ഇതാണ്.
അതേസമയം, എണ്ണ വിപണി നിയന്ത്രണത്തില്‍ നിര്‍ത്തുന്നതിന് പുതിയ നീക്കം നടത്തിയിരിക്കുകയാണ് അമേരിക്ക. വെനസ്വേലയുമായി പുതിയ കരാര്‍ ഒപ്പുവെക്കുകയാണ്. ആ രാജ്യത്തെ 65 ബില്യണ്‍ ബാരല്‍ എണ്ണ ശേഖരം സ്വന്തമാക്കുന്നതാണ് കരാര്‍. ഈ എണ്ണ അമേരിക്കന്‍ കമ്പനികളായിരിക്കും ലോക വിപണിയിലെത്തുക. ഇതോടെ അമേരിക്ക നേരിടുന്ന പണപ്പെരുപ്പ പ്രതിസന്ധി ഇല്ലാതാകുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രതീക്ഷ.

ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാര്‍ എന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെനസ്വേലയുമായുള്ള ഇടപാടിനെ വിശേഷിപ്പിച്ചത്. വെനസ്വേലയിലെ 6500 കോടി ബാരല്‍ എണ്ണ ഇനി അമേരിക്കക്ക് സ്വന്തമാകും. വെനസ്വേലയില്‍ അധിനിവേശം നടത്തി പ്രസിഡന്റ് നിക്കോളാസ് മദ്യൂറോയെ അറസ്റ്റ് ചെയ്തുകൊണ്ടുപോയി മാസങ്ങള്‍ക്ക് ശേഷമാണ് അമേരിക്കയുടെ പുതിയ കരാര്‍ വരുന്നത്.
മദ്യൂറോ വെനസ്വേല ഭരിച്ച വേളയില്‍ അമേരിക്കയുമായി സഹകരിക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് അദ്ദേഹത്തെ യുഎസ് സൈന്യമെത്തി അറസ്റ്റ് ചെയ്തതും അമേരിക്കയിലേക്ക് കൊണ്ടുപോയതും. നിലവില്‍ അമേരിക്കന്‍ ജയിലിലാണ് മദ്യൂറോ. തൊട്ടുപിന്നാലെ സമാനമായ നീക്കം ഇറാനിലും നടത്താന്‍ അമേരിക്ക ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ആറ് മാസമായിട്ടും ഇറാന്‍ അമേരിക്കക്ക് കീഴടങ്ങിയിട്ടില്ല.
വെനസ്വേലയുമായുള്ള പുതിയ എണ്ണ കരാര്‍ വൈകാതെ ഒപ്പുവെക്കും. വിദേശകാര്യ സെക്രട്ടറി മാര്‍കോ റുബിയോ ഇതിനുള്ള ചര്‍ച്ചയിലാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ എണ്ണ റിസര്‍വിന്റെ ഇരട്ടിയില്‍ അധികം എണ്ണയുടെ ഇടപാടാണ് നടക്കുന്നത് എന്ന് ട്രംപ് പറയുന്നു. ഇത് യാഥാര്‍ഥ്യമായാല്‍ അമേരിക്കയില്‍ എണ്ണയുടെയും വാതകത്തിന്റെയും വില കുറയുമെന്ന പ്രത്യാശയും ട്രംപ് പങ്കുവച്ചു.
ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ശേഖരമുള്ള രാജ്യമാണ് വെനസ്വേല. 30300 കോടി ബാരല്‍ എണ്ണയുണ്ട് എന്നാണ് കണക്കാക്കുന്നത്. അതായത്, ലോകത്തെ മൊത്തം എണ്ണയുടെ 17 ശതമാനം. അമേരിക്കയുടെ ഉപരോധം കാരണം ഇവ ഖനനം ചെയ്യാനും ആഗോള വിപണിയില്‍ വില്‍പ്പന നടത്താനും വെനസ്വേലയ്ക്ക് സാധിച്ചിരുന്നില്ല. ഒടുവില്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി അമേരിക്കക്ക് തന്നെ എണ്ണ വില്‍ക്കേണ്ട അവസ്ഥയിലാണ് വെനസ്വേല.
അതേസമയം, അമേരിക്കയുടെ സാമ്പത്തിക ഉപരോധം പരാജയപ്പെടുത്തും എന്നാണ് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ അലി ഖാംനഇ പറയുന്നത്. ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും അമേരിക്കന്‍ ഡോളറിനെ ഘട്ടങ്ങളായി ഒഴിവാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഇറാന്റെ സാമ്പത്തിക രംഗം പരിപോഷിപ്പിക്കുകയാകും ഇനിയുള്ള ശ്രദ്ധ എന്നും മുജ്തബ വ്യക്തമാക്കി.




Click it and Unblock the Notifications