ശ്രീലങ്കൻ തീരത്ത് ഇറാനിയൻ കപ്പലിന് നേരെ അന്തർവാഹിനി ആക്രമണം; 101 പേരെ കാണാതായി, 78 പേർക്ക് പരിക്ക്
കൊളംബോ: ശ്രീലങ്കയുടെ തെക്കൻ തീരത്ത് ഒരു ഇറാനിയൻ കപ്പലിന് നേരെ നടന്ന അന്തർവാഹിനി ആക്രമണത്തിൽ 101 പേരെ കാണാതാവുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി റിപ്പോർട്ട്. ശ്രീലങ്കൻ നാവികസേനയെയും പ്രതിരോധ മന്ത്രാലയത്തെയും ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സാണ് ഈ വിവരം റിപ്പോർട്ട് ചെയ്യുന്നത്.
ബുധനാഴ്‌ച ശ്രീലങ്കൻ തീരക്കടലിലായിരുന്നു സംഭവം നടന്നത്. അപകടസൂചന ലഭിച്ചതിനെത്തുടർന്ന് ശ്രീലങ്കൻ സൈന്യം വലിയ തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾ ഇവിടെ ആരംഭിക്കുകയും ചെയ്‌തിരുന്നു. പരിക്കേറ്റവരെയും കാണാതായവരെയും കുറിച്ചുള്ള വിവരങ്ങളും എണ്ണവും ശ്രീലങ്കൻ നാവികസേന സ്ഥിരീകരിച്ചു.

'ഇറാനിയൻ കപ്പലിൽ നിന്ന് അപകടസന്ദേശം ലഭിച്ചതിനെ തുടർന്ന് നാവികസേന രക്ഷാപ്രവർത്തനം അയച്ചു' എന്നാണ് പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചത്. കൂടാതെ പരിക്കേറ്റ 32 പേരെ നാവികസേന രക്ഷപ്പെടുത്തി ആശുപത്രിയിൽ ചികിത്സയിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്നതിനിടയിലാണ് ഈ സംഭവ വികാസം.
ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് നിയമനിർമ്മാതാക്കളോട് പറഞ്ഞതനുസരിച്ച്, മുങ്ങിക്കൊണ്ടിരുന്ന കപ്പലിലെ ജീവനക്കാരെ വൈദ്യസഹായത്തിനായി കരയിലെത്തിച്ചു. വിശദാംശങ്ങൾ പങ്കുവെച്ചില്ലെങ്കിലും, അപകടവുമായി ബന്ധപ്പെട്ട് ശ്രീലങ്ക ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
180 പേരുള്ള ഐറിസ് ദേന എന്ന കപ്പൽ അപകടത്തിലാണെന്നും ദ്വീപ് രാഷ്ട്രം കപ്പലുകളും വ്യോമസേനാ വിമാനങ്ങളും രക്ഷാപ്രവർത്തനത്തിനായി അയച്ചതായും ശ്രീലങ്കൻ നാവികസേനയ്ക്ക് വിവരം ലഭിച്ചതായി വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് പാർലമെന്റിനെ അറിയിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമാണോ എന്നതുൾപ്പെടെ ഇനി അറിയാനുണ്ട്.
അപകടത്തിൽപ്പെട്ട കപ്പലിന്റെ കൂടുതൽ വിശദാംശങ്ങളോ ആക്രമണത്തിന് പിന്നിൽ ആരെന്ന് തുടങ്ങിയ വിവരങ്ങളോ ഉടനടി ലഭ്യമല്ല. ശ്രീലങ്കൻ പ്രതിരോധ, ഇറാനിയൻ ഉദ്യോഗസ്ഥരിൽ നിന്നുമുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്. നിലവിലെ സംഘർഷവുമായി ബന്ധമുള്ള ആക്രമണമാണോ നടന്നത് എന്നതുൾപ്പെടെ ഇനിയും വിവരം ലഭിക്കേണ്ടതുണ്ട്.
അതേസമയം, പശ്ചിമേഷ്യയിലെ ഭീതിയിൽ ആഴ്ത്തിയ സംഘർഷത്തിന്റെ അഞ്ചാം ദിവസം, യുഎസും ഇസ്രായേലും ടെഹ്‌റാനും മറ്റ് നഗരങ്ങളും ലക്ഷ്യമിട്ട് ഒന്നിലധികം വ്യോമാക്രമണങ്ങൾ നടത്തി. ഇറാൻ പ്രധാനമായും ഇസ്രായേലിനും മേഖലയിലുടനീളവും മിസൈൽ ആക്രമണങ്ങളും ഡ്രോൺ ആക്രമണങ്ങളും നടത്തിയപ്പോൾ ഇസ്രായേൽ ഇറാൻ നേതൃത്വത്തെയും സുരക്ഷാ സേനയെയും ലക്ഷ്യം വച്ചു.
നേരത്തെ, ഒരു അന്തർവാഹിനി ഉൾപ്പെടെ 17 ഇറാനിയൻ കപ്പലുകൾ നശിപ്പിച്ചതായും ഇറാനിലെ ഏകദേശം 2000 ലക്ഷ്യങ്ങൾ ആക്രമിച്ചതായും യുഎസ് സൈന്യം പറഞ്ഞിരുന്നു. 'ഇന്ന്, അറേബ്യൻ ഗൾഫ്, ഹോർമുസ് കടലിടുക്ക്, ഒമാൻ ഉൾക്കടൽ എന്നിവിടങ്ങളിൽ ഒരു ഇറാനിയൻ കപ്പലും പ്രവർത്തിക്കുന്നില്ല' എന്നാണ് യുഎസ് എക്‌സ് പോസ്‌റ്റിലൂടെ അറിയിച്ചത്.












Click it and Unblock the Notifications