ബെയ്‌റൂട്ടില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം, കുട്ടികള്‍ അടക്കം കൊല്ലപ്പെട്ടു; ഹിസ്ബുല്ലയ്ക്ക് മറുപടി
ബെയ്‌റൂട്ട്: ഹിസ്ബുല്ലയ്‌ക്കെതിരെ കടുത്ത പ്രത്യാക്രമണവുമായി ഇസ്രായേല്‍. ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയിരിക്കുകയാണ്. ഹിസ്ബുല്ല കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ടാര്‍ഗറ്റഡ് ആക്രമണം ആയിരുന്നുവെന്നാണ് ഇസ്രായേല്‍ സൈന്യം ഇതിനെ വിശദീകരിക്കുന്നത്.
നേരത്തെ ഹിസ്ബുല്ല വടക്കന്‍ ഇസ്രായേലിലേക്ക് 140 റോക്കറ്റുകള്‍ വര്‍ഷിച്ചിരുന്നു. ഇതിനുള്ള തിരിച്ചടിയായിട്ടാണ് ഈ ആക്രമണത്തെ ഇസ്രായേല്‍ വിശേഷിപ്പിക്കുന്നത്. തുടര്‍ച്ചയായ നാലാം ദിനത്തിലാണ് ലെബനനില്‍ ഇസ്രായേല്‍ കടുത്ത ആക്രമണങ്ങള്‍ നടത്തുന്നത്. നേരത്തെ പേജര്‍ ആക്രമണം അടക്കം നടത്തിയതിലൂടെ ഹിസ്ബുല്ല നേതാക്കള്‍ അടക്കം കൊല്ലപ്പെട്ടിരുന്നു.

ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള പോരാട്ടം വലിയ യുദ്ധത്തിലേക്ക് വഴിമാറുന്നുവെന്നാണ് പുതിയ ആക്രമണത്തിലൂടെ വ്യക്തമാകുന്നത്. ഇസ്രായേലിന്റെ ആക്രമണത്തില്‍ അഞ്ച് കുട്ടികള്‍ അടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍ ദേശീയ വാര്‍ത്താ ഏജന്‍സി എന്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു.
ബെയ്‌റൂട്ടിലെ ആക്രമമത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി ഉയര്‍ന്നതായി ലെബനന്‍ ആരോഗ്യ മന്ത്രാലയവും സ്ഥിരീകരിച്ചു. പരുക്കേറ്റ 59 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എട്ട് പേര്‍ ഗുരുതരാവസ്ഥയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബെയ്‌റൂട്ടില്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം ഹിസ്ബുള്ളയുടെ റാഡ്വാന്‍ ഫോഴ്‌സ് കമാന്‍ഡര്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ലെബനീസ് സുരക്ഷാ ഉദ്യോസ്ഥന്‍ വെളിപ്പെടുത്തി. ഇബ്രാഹിം അഖീല്‍ എന്നയാളാണ് ദക്ഷിണ ബെയ്‌റൂട്ടില്‍ വെച്ച് കൊല്ലപ്പെട്ടത്. റാഡ്വാന്‍ ഫോഴ്‌സിലെ രണ്ടാമനാണ് അഖീല്‍. നേരത്തെ ഈ സേനയിലെ പ്രമുഖനായ ഫുവാദ് ഷുഖര്‍ ഇതേ സ്ഥലത്ത് വെച്ച് കൊല്ലപ്പെട്ടിരുന്നു.
എഫ്-35 ജെറ്റ് ആക്രമണമാണ് നടന്നതെന്നാണ് എന്‍എന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹിസ്ബുല്ലയുടെ ദഹിയേഹിലെ കേന്ദ്രങ്ങളെയാണ് ഇസ്രായേല്‍ ലക്ഷ്യമിട്ടതെന്നാണ് സൂചന. ഹിസ്ബുല്ലയുടെ ശക്തികേന്ദ്രമാണിത്. ഇസ്രായേല്‍ നിരന്തരം ഈ മേഖലയെയാണ് ലക്ഷ്യമിടാറുള്ളത്.അതേസമയം ഇസ്രായേല്‍ ആക്രമണമുണ്ടായ പ്രദേശത്ത് കെട്ടിടം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. മരണനിരക്ക് കൂടും എന്നാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നേരത്തെ ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്രല്ല ഇസ്രായേലിനെതിരെ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പേജര്‍ ആക്രമണത്തിനെ വിമര്‍ശിച്ച് കൊണ്ടായിരുന്നു നസ്രല്ല തിരിച്ചടിക്കുമെന്ന് അറിയിച്ചത്.
ലെബനനുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളെയാണ് ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണം ലക്ഷ്യമിട്ടത്. അതേസമയം ദക്ഷിണ ലെബനനിലെ ഗ്രാമങ്ങളെ ഇസ്രായേല്‍ ലക്ഷ്യമിട്ടത് കൊണ്ടാണ് റോക്കറ്റാക്രമണം നടത്തിയതെന്ന് പിന്നീട് ഹിസ്ബുല്ല അറിയിച്ചിരുന്നു.ഇസ്രായേലിന്റെ ആറോളം സൈനിക ആസ്ഥാനങ്ങള്‍ക്കെതിരെ കത്യുഷ റോക്കറ്റുകളാണ് പ്രയോഗിച്ചതെന്നും, സൈനിക ബേസുകളെയും, വ്യോമ പ്രതിരോധ കേന്ദ്രങ്ങളെയുമാണ് ലക്ഷ്യമിട്ടതെന്നും ഹിസ്ബുല്ല പറഞ്ഞു.












Click it and Unblock the Notifications