ഇസ്രായേലിന് ചരിത്ര നിമിഷം; യുഎഇയുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ചു
ദുബായ്: ഇസ്രായേലും യുഎഇയും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ചു. ഒരു അറബ് രാജ്യവുമായി ഇസ്രായേല്‍ വ്യാപാര കരാര്‍ ഒപ്പുവയ്ക്കുന്നത് ആദ്യമായിട്ടാണ്. രണ്ടു പശ്ചിമേഷ്യന്‍ രാജ്യങ്ങളും നേരത്തെ നയതന്ത്ര ബന്ധം സ്ഥാപിക്കുകയും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇസ്രായേല്‍ ധനമന്ത്രി ഓര്‍ണ ബര്‍ബിവായും യുഎഇ ധനമന്ത്രി അബ്ദുല്ല ബിന്‍ തൗക്കുല്‍ മാരിയും ദുബായില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് കരാര്‍ ഒപ്പുവച്ചത്. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് കരാര്‍ സാധ്യമായത് എന്നതും എടുത്തുപറയേണ്ടതാണ്.
കരാര്‍ ഇസ്രായേല്‍ വലിയ ആഘോഷമാക്കിയിരുന്നു. സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവയ്ക്കുന്നത് സംബന്ധിച്ച് നേരത്തെ യുഎഇയിലെ ഇസ്രായേല്‍ അംബാസഡര്‍ ആമിര്‍ ഹായിക് ട്വീറ്റ് ചെയ്യുകയും കരാര്‍ ഒപ്പുവച്ച ശേഷം ഇക്കാര്യം വിശദമാക്കുകയും ചെയ്തിരുന്നു. ഇസ്രായേല്‍ കമ്പനികള്‍ക്ക് യുഎഇയില്‍ ഓഫീസ് തുറക്കാന്‍ കരാര്‍ പ്രകാരം പ്രേരണയാകും. മാത്രമല്ല, ഇരുരാജ്യങ്ങളും തമ്മിലുള്ള ഇടപാടുകളില്‍ നികുതി നിരക്ക് എത്ര, നികുതി ഒഴിവാക്കിയുള്ള ഉല്‍പ്പന്നങ്ങള്‍ ഏതൊക്കെ എന്നീ കാര്യങ്ങളെല്ലാം കരാറിന്റെ ഭാഗമായി വിശദീകരിച്ചിട്ടുണ്ട്.

1000 ഇസ്രായേലി കമ്പനികള്‍ യുഎഇയില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് യുഎഇ-ഇസ്രായേല്‍ ബിസിനസ് കൗണ്‍സില്‍ അധ്യക്ഷന്‍ ദൊരിയന്‍ ബറാക് പ്രതികരിച്ചത്. ഈ വര്‍ഷം അവസാനത്തോടെയാണ് ഇത്രയും കമ്പനികള്‍ക്ക് യുഎഇയില്‍ പ്രവര്‍ത്തനം സാധ്യമാകുക. യുഎഇയില്‍ ഓഫീസ് തുറക്കുന്നത് വഴി ഏഷ്യ, പശ്ചിമേഷ്യ മേഖലയിലെ രാജ്യങ്ങളുമായി ഇടപാടുകള്‍ വേഗത്തിലാക്കാന്‍ സാധിക്കുമെന്ന് ഇസ്രായേല്‍ കരുതുന്നു.
96 ശതമാനം ചരക്കുകളുടെ ചുങ്കം എടുത്തുകളയാന്‍ പുതിയ കരാര്‍ സഹായിക്കുമെന്നാണ് ഇസ്രായേല്‍ ധനമന്ത്രാലയം പറയുന്നത്. ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, കാര്‍ഷിക, അലങ്കാര, വൈദ്യ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവയുള്‍പ്പെടെയുള്ള ചരക്കുകളുടെ ചുങ്കം ഇനിയുണ്ടാകില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഓരോ വര്‍ഷവും 1000 കോടി ഡോളറായി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് യുഎഇ പ്രത്യാശ പ്രകടിപ്പിക്കുന്നത്. ഇരു രാജ്യങ്ങളുടെയും വളര്‍ച്ച അതിവേഗത്തിലാക്കുന്നതാണ് കരാര്‍. ഒട്ടേറെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. പശ്ചിമേഷ്യയില്‍ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുകയും ചെയ്യുമെന്ന് യുഎഇ മന്ത്രി താനി അല്‍ സയൂദി പ്രതികരിച്ചു.
ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച ആദ്യ ഗള്‍ഫ് രാജ്യമാണ് യുഎഇ. മൂന്നാമത്തെ അറബ് രാജ്യവും. നേരത്തെ ഈജിപ്തും ജോര്‍ദാനും ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചിരുന്നു. യുഎഇ ബന്ധം സ്ഥാപിച്ച പിന്നാലെ ബഹ്‌റൈനും സുഡാനും മൊറോക്കോയും ബന്ധം സ്ഥാപിച്ചു. ഇനിയും ചില ഗള്‍ഫ് രാജ്യങ്ങള്‍ കൂടി ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications