യമനിലെ ഹൂതി കേന്ദ്രങ്ങൾ ആക്രമിച്ച് ഇസ്രായേൽ; ലക്ഷ്യമിട്ടവയിൽ എയർപോർട്ടും, ആറ് പേർ കൊല്ലപ്പെട്ടു
ടെൽ അവീവ്: സനാ അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ യെമനിലെ ഹൂതികളുമായി ബന്ധപ്പെട്ട ഒന്നിലധികം കേന്ദ്രങ്ങളിൽ ആക്രമണം അഴിച്ചുവിട്ട് ഇസ്രായേൽ. കുറഞ്ഞത് ആറ് പേരെങ്കിലും ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് ഹൂതി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സനാ വിമാനത്താവളത്തിൽ ആക്രമണം നടക്കുമ്പോൾ ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസും സംഭവ സ്ഥലത്തുണ്ടായിരുന്നു.
തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. ടെഡ്രോസ് അദാനോം വിമാനത്തിൽ കയറാനായി തയ്യാറെടുത്ത് നിൽക്കെയാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. വിമാനത്തിലെ ഒരു ക്രൂ മെമ്പർക്ക് പരിക്കേറ്റിട്ടുണ്ട്. വിമാനത്താവളത്തിൽ ആക്രമണം നടത്തിയതിന് പുറമെ യെമന്റെ പടിഞ്ഞാറൻ തീരത്തുള്ള ഹൊദൈദ, സാലിഫ്, റാസ് കനാറ്റിബ് തുറമുഖങ്ങളിലെ സൈനിക അടിസ്ഥാന സൗകര്യങ്ങളും തകർത്തതായി ഇസ്രായേൽ സൈന്യം അറിയിച്ചു.

രാജ്യത്തെ ഹെസ്യാസ്, റാസ് കനാറ്റിബ് പവർ സ്‌റ്റേഷനുകളിലും ആക്രമണം നടത്തിയിരുന്നു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സബ വാർത്താ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തോട് വേഗത്തിൽ പ്രതികരിക്കാനും അതിനെ നേരിടാനും തങ്ങൾ തയ്യാറാണെന്ന് ഹൂതികളെ ഉദ്ധരിച്ച് അൽ മസീറ ടിവി റിപ്പോർട്ട് ചെയ്യുന്നു.
ഗാസയിലെ പലസ്‌തീനികളോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി ഹൂതികൾ ഇസ്രായേലിന് നേരെ ഡ്രോണുകളും മിസൈലുകളും ആവർത്തിച്ച് പ്രയോഗിച്ചിരുന്നു. ഇതാണ് ഇസ്രയേലിന്റെ പ്രകോപനത്തിന് പിന്നാലെ പ്രധാന കാരണം. ഹൂതികൾക്കെതിരായ നടപടികളുടെ തുടക്കത്തിൽ മാത്രമാണ് ഇസ്രായേലെന്ന് ചാനൽ 14ന് നൽകിയ അഭിമുഖത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
തെക്കൻ ലെബനനിലെ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളക്കെതിരെ ഇസ്രായേൽ സൈന്യം നടത്തിയ നിരന്തര നടപടികളിലൂടെ സിറിയൻ സൈന്യത്തിന്റെ തന്ത്രപ്രധാനമായ ആയുധ ശേഖരങ്ങളിൽ ഭൂരിഭാഗവും നശിപ്പിച്ച സാഹചര്യത്തിൽ നിലവിൽ ഇസ്രായേലിന് മേൽക്കൈയുണ്ട്.
അതേസമയം, തടവിലാക്കപ്പെട്ട യുഎൻ ജീവനക്കാരെ മോചിപ്പിക്കുന്നതിനും മാനുഷിക സാഹചര്യം വിലയിരുത്തുന്നതിനുമായാണ് താൻ യെമനിൽ എത്തിയതെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് പറഞ്ഞു. ഞങ്ങൾ ഉണ്ടായിരുന്നിടത്ത് നിന്ന് ഏതാനും മീറ്ററുകൾ മാത്രം അകലെയായിരുന്ന എയർ ട്രാഫിക് കൺട്രോൾ ടവർ, ഡിപ്പാർച്ചർ ലോഞ്ച് എന്നിവയ്ക്കും റൺവേയ്ക്കും കേടുപാടുകൾ സംഭവിച്ചു.
ഹൂതികൾക്ക് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണം പ്രത്യേകിച്ച് മുന്നറിയിപ്പ് നൽകുന്ന ഒന്നാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞതായി യുഎൻ വക്താവ് അറിയിച്ചു. സംഘർഷം കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതയെക്കുറിച്ച് ഗുട്ടെറസ് ആശങ്കാകുലനാണ്, സൈനിക നടപടികൾ അവസാനിപ്പിക്കാനും പരമാവധി സംയമനം പാലിക്കാനും ബന്ധപ്പെട്ട എല്ലാ കക്ഷികളോടും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications