യുഎസ്സിനെയും തള്ളി നെതന്യാഹു; വെടിനിര്‍ത്തലില്ല, ലെബനനിലെ പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ല
ബെയ്‌റൂട്ട്: ലെബനനില്‍ വെടിനിര്‍ത്തലിനുള്ള അഭ്യര്‍ത്ഥനകളെ തള്ളി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. നേരത്തെ അമേരിക്ക ലെബനനില്‍ 21 ദിവസത്തെ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തെയാണ് നെതന്യാഹു തള്ളിയത്. കഴിഞ്ഞ ദിവസം ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഹിസ്ബുല്ല കമാന്‍ഡര്‍ കൊലപ്പെട്ടിരുന്നു. ഫൈറ്റര്‍ ജെറ്റുകള്‍ ഹിസ്ബുല്ലയുടെ വ്യോമ കമാന്‍ഡര്‍ മുഹമ്മദ് ഹുസൈന്‍ സറോറിനെ തിരിച്ചറിഞ്ഞുവെന്നും, തുടര്‍ന്നാണ് വധിച്ചതെന്നും ഇസ്രായേല്‍ സൈന്യം അറിയിച്ചു.
ഒരാഴ്ച്ചയ്ക്കിടെ ഇസ്രായേല്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന നാലാമത്തെ ആക്രമണമാണിത്. യെമനിലെ ഹൂതി പോരാളികളെ പരിശീലിപ്പിക്കാന്‍ ഹിസ്ബുല്ല അയച്ചിരുന്ന ഉന്നത ഉപദേഷ്ടാവാണ് മുഹമ്മദ് ഹുസൈന്‍. ഈ ആഴ്ച്ച മാത്രം ഇസ്രായേല്‍ ലെബനനില്‍ നടത്തിയ ആക്രമണത്തില്‍ 700ലധികം ആളുകളാണ് കൊല്ലപ്പെട്ടത്. 1,18000 പേര്‍ വീടുകള്‍ അടക്കം നഷ്ടപ്പെട്ട് തെരുവിലായെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. മിഡില്‍ ഈസ്റ്റില്‍ വീണ്ടുമൊരു യുദ്ധം ആരംഭിക്കുമെന്ന ഭയത്തിലാണ് ലെബനീസ് പൗരന്‍മാര്‍.

യുഎന്നും ഈ ആക്രമണങ്ങളെ അപലപിച്ചിരുന്നു. ഇനിയൊരു യുദ്ധത്തെ ഈ മേഖലയ്ക്ക് താങ്ങാനാവില്ലെന്ന് യുഎന്‍ പറയുന്നു. എന്നാല്‍ ഹിസ്ബുല്ലയെ പൂര്‍ണമായും ഇല്ലാതാക്കുന്നത് വരെ പിന്നോട്ടില്ലെന്ന നിലപാടിലാണ് നെതന്യാഹു.
യുഎസ്, ഫ്രാന്‍സ്, അടക്കമുള്ള സഖ്യകക്ഷികളാണ് ഇസ്രായേലിനോട് 21 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശിച്ചത്. എന്നാല്‍ നെതന്യാഹു ഇതിനെ തള്ളി. സൈന്യത്തിനോട് സര്‍വകരുത്തും ഉപയോഗിച്ച് ഹിസ്ബുല്ലയ്‌ക്കെതിരെ പോരാടാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി.
ഇസ്രായേല്‍ പൗരന്‍മാര്‍ അവരുടെ വീടുകളിലേക്ക് സുരക്ഷിതമായി മടങ്ങുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. ഞങ്ങള്‍ കാര്യങ്ങള്‍ പറയുന്നതിലല്ല, ചെയ്ത് കാണിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് നെതന്യാഹു എക്‌സില്‍ കുറിച്ചു. ആരും ആശയക്കുഴപ്പത്തിലാകേണ്ട കാര്യമില്ല, ഇസ്രായേല്‍ പൗരന്‍മാര്‍ സുരക്ഷിതമായി മടങ്ങിയെത്തുന്നത് വരെ ഹിസ്ബുല്ലയ്‌ക്കെതിരെ ആക്രമണം നിര്‍ത്തില്ലെന്നും മറ്റൊരു പോസ്റ്റില്‍ നെതന്യാഹു വ്യക്തമാക്കി.
യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍, ജപ്പാന്‍, അറബ് രാഷ്ട്രങ്ങളായ ഖത്തര്‍, സൗദി അറേബ്യ, എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ലെബനനിലെ ആക്രമണത്തെ അപലപിച്ചിരുന്നു. ആരുടെയും താല്‍പര്യമല്ല ഈ ആക്രമണം. ഇസ്രായേലിലെയോ ലെബനനിലെയോ ജനങ്ങള്‍ക്ക് ഈ യുദ്ധം ആവശ്യമില്ലെന്നും ഇവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
നേരത്തെ ഇസ്രായേലിന്റെ സൈനിക ചീഫ് ലെഫ്.ജനറല്‍ ഹെര്‍സി ഹലേവി ആക്രമണം ശക്തമാക്കുന്ന കാര്യം പറഞ്ഞിരുന്നു. ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടങ്ങിയ ശേഷം 1500 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 2006ല്‍ ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള യുദ്ധത്തില്‍ ലെബനനിലെ 1200 കൊല്ലപ്പെട്ടിരുന്നു. ഇസ്രായേലുകാരായ 160 പേര്‍ അടക്കം കൊല്ലപ്പെട്ടവരിലുണ്ടായിരുന്നു.












Click it and Unblock the Notifications