ഗാസയിലെ സ്‌കൂളില്‍ ബോംബിട്ട് ഇസ്രായേല്‍: 30 പലസ്തീനുകാര്‍ കൊല്ലപ്പെട്ടു
ഗാസ: പലസ്തീനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍ സൈന്യം. ഗാസ മുനമ്പിലെ കടുത്ത ആക്രമണത്തില്‍ 77 പലസ്തീനുകാരാണ് കൊല്ലപ്പെട്ടത്. ഗാസയിലെ സ്‌കൂളിലും ഇസ്രായേല്‍ ബോംബിട്ടു. ഇവിടെ അഭയം തേടിയ നിരവധി പേര്‍ മരിച്ചിട്ടുണ്ട്. അടുത്തിടെയുണ്ടായ ഏറ്റവും കടുത്ത ആക്രമണങ്ങളിലൊന്നാണിത്.
ഇസ്രായേല്‍ നടത്തുന്ന പ്രത്യാക്രമണങ്ങള്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് വിപരീത ഫലമുണ്ടാക്കുമെന്ന് കഴിഞ്ഞ ദിവസം ഹമാസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഖത്തറിലെ ദോഹയില്‍ വീണ്ടും സമാധാന ചര്‍ച്ചകള്‍ നടക്കാനിരിക്കുകയാണ്. ഇതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്. അബ്ബാസാന്‍ ടൗണില്‍ ഇസ്രായേല്‍ അല്‍-അവദാ സ്‌കൂളിലാണ് ബോംബിട്ടത്.

മുപ്പത് പേര്‍ മരിച്ചതിന് പുറമേ 53 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരില്‍ നല്ലൊരു ഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് പലസ്തീന്‍ അധികൃതര്‍ പറയുന്നു. പലസ്തീന്‍ യുവാക്കള്‍ കെട്ടിടത്തിന്റെ മുറ്റത്ത് ഫുട്‌ബോള്‍ കളിക്കുന്നതും, നിരവധി ആളുകള്‍ കാണാനെത്തിയിരിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ ഉണ്ട്.
ഈ സമയം വലിയ സ്‌ഫോടന ശബ്ദം കേള്‍ക്കുകയും, ജനങ്ങള്‍ പല സ്ഥലങ്ങളിലേക്ക് രക്ഷപ്പെടാനായി ഓടുകയുമായിരുന്നു. ആക്രമണത്തില്‍ നിരവധി ബന്ധുക്കളെ തനിക്ക് നഷ്ടമായതായി ഒരു പലസ്തീന്‍ കുട്ടി അല്‍ ജസീറയോട് പ്രതികരിച്ചു.
ഞങ്ങള്‍ അവിടെ ഇരിക്കുകയായിരുന്നു. ആ സമയം മിസൈല്‍ പതിച്ച് സര്‍വവും നശിപ്പിച്ചുവെന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് കുട്ടി പ്രതികരിച്ചത്. അമ്മാവനെയും, ബന്ധുക്കളെയുമെല്ലാം തനിക്ക് നഷ്ടമായെന്നും കുട്ടി പറഞ്ഞു.ഇസ്രായേല്‍ സൈന്യം ആക്രമണം നടന്നത് പരിശോധിക്കുകയാണെന്ന് അറിയിച്ചു.
സെന്‍ട്രല്‍ ബുരേജ് ക്യാമ്പിലും ഇസ്രായേല്‍ ബോംബിട്ടു. പതിനേഴ് പേരാണ് ഈ ആക്രമണത്തില്‍ മരിച്ചത്. ഇതില്‍ പതിനാല് പേരും കുട്ടികളാണ്. സെന്‍ട്രല്‍ ഡൈയര്‍ എല്‍ ബാലയിലും ഇസ്രായേല്‍ നടത്തിയ സൈനിക റെയ്ഡില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. അല്‍ അവ്ദ സ്‌കൂളിന് നേരെയുള്ള ആക്രമണത്തെ അറബ്-മുസ്ലീം രാഷ്ട്രങ്ങള്‍ അപലപിക്കണമെന്നും, പ്രതിഷേധങ്ങള്‍ വര്‍ധിപ്പിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.
യൂറോപ്പ്യന്‍ യൂണിയനിലെ നയതന്ത്രജ്ഞനായ ജോസഫ് ബോറലും ആക്രമണത്തെ അപലപിച്ചു. ഈ യുദ്ധത്തിന്റെ ദുരിതങ്ങള്‍ നിരപരാധികളായ സാധാരണക്കാര്‍ എത്ര കാലം സഹിക്കേണ്ടി വരുമെന്നായിരുന്നു ബോറല്‍ എക്‌സില്‍ കുറിച്ചത്.
വേഗത്തില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തുകയാണ് ഏറ്റവും നല്ല മാര്‍ഗം. ഇത് ഒരുപാട് സാധാരണക്കാരുടെ ദുരിതം അവസാനിപ്പിക്കും. എല്ലാ ബന്ദികളെയും മോചിപ്പിക്കുക, ആവശ്യമായ മാനുഷിക സഹായങ്ങള്‍ ലഭ്യമാക്കണമെന്നും ബോറല്‍ ആവശ്യപ്പെട്ടു.
സിഐഎ ഡയറക്ടര്‍ വില്യം ബേണ്‍സും മൊസാദ് അധ്യക്ഷന്‍ ഡേവിഡ് ബാര്‍ണിയയും ഖത്തറിലേക്ക് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി പോകാനിരിക്കുകയാണ്. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താ എല്‍ സിസിയുമായി ബേണ്‍സ് നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
കൂടിക്കാഴ്ച്ചയില്‍ വെടിനിര്‍ത്തലിനായി ഇടപെടണമെന്നും അഭ്യര്‍ഥിച്ചിരുന്നു. അതേസമയം എല്ലാ ചര്‍ച്ചകളെയും അട്ടിമറിക്കുന്നതാണ് ഇസ്രായേലിന്റെ ഈ ആക്രമണമെന്ന് ഹമാസ് നേതാവ് ഇസ്രമായില്‍ ഹനിയേഹ് പറഞ്ഞു.












Click it and Unblock the Notifications