Get Updates
Get notified of breaking news, exclusive insights, and must-see stories!

സിറിയയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; ദമാസ്‌കസിൽ വ്യോമാക്രമണം, 15 പേർ കൊല്ലപ്പെട്ടു, 16 പേർക്ക് പരിക്ക്

ടെൽ അവീവ്: സിറിയൻ തലസ്ഥാന നഗരമായ ദമാസ്‌കസിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ പതിനഞ്ച് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 16 പേർക്ക് പരിക്കേറ്റുവെന്നാണ് സിറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൈനിക കേന്ദ്രങ്ങളും ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിന്റെ ആസ്ഥാനവും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രായേൽ അറിയിച്ചു.

എന്നാൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് ആക്രമണം ഉണ്ടായതെന്നാണ് സിറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സിറിയൻ തലസ്ഥാന നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള മസ്സെഹ്, ഖുദ്‌സയ എന്നീ മേഖലകളുടെ പ്രാന്തപ്രദേശങ്ങളിലാണ് ഈ ആക്രമണം ഉണ്ടായതെന്നാണ് സിറിയൻ സൈന്യത്തെ ഉദ്ധരിച്ച് മാധ്യമങ്ങൾ അറിയിക്കുന്നത്.

israelsyriaattack

കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിറിയയിലെ ഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾക്കെതിരെ ഇസ്രായേൽ ആക്രമണം നടത്തി വരുന്നുണ്ട്. എന്നാൽ കഴിഞ്ഞ വർഷം ഒക്‌ടോബർ 7ന് പലസ്‌തീൻ തീവ്രവാദ ഗ്രൂപ്പായ ഹമാസ് ഇസ്രായേലിലേക്ക് ആക്രമണം അഴിച്ചു വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിറിയയിൽ ഉൾപ്പെടെ ഇസ്രായേൽ കൂടുതൽ കനത്ത രീതിയിൽ ആക്രമണം നടത്തുന്നത്.

ലെബനനിലെ ഹിസ്ബുള്ള സായുധ സംഘത്തിന്റെ ചില കമാൻഡർമാരും സിറിയ ആസ്ഥാനമായുള്ള ഇറാന്റെ റെവല്യൂഷണറി ഗാർഡുകളും മസ്സെഹിലാണ് തമ്പടിച്ചിരിക്കുന്നതെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ഇവിടുത്തെ വലിയ കെട്ടിടങ്ങളും സൗകര്യവുമാണ് കൂടുതൽ നേതാക്കളെയും കമാൻഡർമാരെയും പാർപ്പിക്കാൻ സഹായിക്കുന്നത്. ഇവിടെയാണ് ഇപ്പോൾ ഇസ്രായേൽ ലക്ഷ്യമിട്ടിരിക്കുന്നത്.

ഇതിന് പുറമേ ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനിയുടെ ഉപദേഷ്‌ടാവായ അലി ലാരിജാനി പലസ്‌തീൻ വിഭാഗങ്ങളുടെ പ്രതിനിധികളുമായി മസ്സെഹിലെ ഇറാൻ എംബസിയിൽ കൂടിക്കാഴ്‌ച നടത്തുന്നതിന് തൊട്ടുമുമ്പാണ് ഡമാസ്‌കസിൽ ആക്രമണം നടന്നത് എന്ന റിപ്പോർട്ടുകൾ കൂടി പുറത്ത് വരുന്നുണ്ട്.

അടുത്തിടെ സിറിയയിൽ ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കിയിരുന്നു. ഏഴ് സാധാരണക്കാർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നുവെന്ന് സിറിയൻ ദേശീയ മാധ്യമമായ സന റിപ്പോർട്ട് ചെയ്‌തിരുന്നു. ഈ ആക്രമണത്തിന്റെ മുറിവുണങ്ങും മുൻപാണ് ഇസ്രായേൽ അടുത്ത ആക്രമണം അഴിച്ചുവിടുന്നത്.

കഴിഞ്ഞ ദിവസം ലെബനനും സിറിയയ്ക്കും ഇടയിലുള്ള ചില റൂട്ടുകൾ ആക്രമിച്ചതായി ഇസ്രായേൽ അറിയിച്ചിരുന്നു. ഈ റൂട്ടുകളിലൂടെ ഹിസ്ബുള്ളയ്ക്ക് ആയുധങ്ങൾ കൈമാറ്റം നടന്നതായും അവർ ആരോപിക്കുന്നു. പടിഞ്ഞാറൻ സിറിയയിലെ ഹോംസ് ഗ്രാമപ്രദേശത്തുള്ള ഖുസൈർ ഏരിയയിലെ സിറിയ-ലെബനൻ അതിർത്തിയിലെ പാലങ്ങളാണ് ഇസ്രായേൽ ലക്ഷ്യമിട്ടത്.

സിറിയൻ പ്രസിഡന്റ് ബാഷർ അസദിന്റെ പ്രധാന സഖ്യകക്ഷിയായ ഇറാൻ, രാജ്യത്തെ ആഭ്യന്തര യുദ്ധത്തിൽ സിറിയൻ സർക്കാരിനെ പിന്തുണയ്ക്കുന്നതിൽ നിർണായക പങ്കുവഹിച്ച രാജ്യമാണ്. ആഭ്യന്തര യുദ്ധ സമയത്ത് അസദിന് ആവശ്യമായ സൈനിക ഉപദേശം ഉൾപ്പെടെ എല്ലാവിധ സഹായങ്ങളും നൽകി വന്ന ഇറാന് തിരിച്ച് സിറിയയും ഒരുപാട് സഹായങ്ങൾ ചെയ്യുന്നുണ്ട്. ഇതാണ് ഇസ്രായേലിനെ ചൊടിപ്പിക്കുന്ന കാര്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+