ഗാസയിലെ സഹായകേന്ദ്രങ്ങൾ ഉൾപ്പെടെ ലക്ഷ്യമിട്ട് ഇസ്രായേലിന്റെ വ്യോമാക്രമണം; 95 പലസ്‌തീനികൾ കൊല്ലപ്പെട്ടു
ടെൽ അവീവ്: ഗാസയിൽ സഹായം തേടി എത്തിയവർക്ക് നേരെ വീണ്ടും ആക്രമണം തുടർന്ന് ഇസ്രായേൽ. ഗാസയിലെ ഒരു കഫേ, സ്‌കൂൾ, ഭക്ഷ്യ വിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഇസ്രായേൽ സൈന്യം ബോംബാക്രമണം നടത്തിതിൽ 95 പലസ്‌തീനികൾ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൂടാതെ ഇവർ ഒരു ആശുപത്രി ആക്രമിക്കുകയും ചെയ്‌തിരുന്നു. ഇതിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.
ഈ ആക്രമണത്തിന് ഇരയായവരിൽ 62 പേരോളം ഗാസ നഗരത്തിലും പ്രദേശത്തിന്റെ വടക്കു ഭാഗത്ത് നിന്നും ഉള്ളവരായിരുന്നു. വടക്കൻ ഗാസ നഗരത്തിലെ അൽ-ബഖ കഫറ്റീരിയ എന്ന കടൽത്തീര കഫേയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട 39 പേരും ഇതിൽ ഉൾപ്പെടുന്നു. ഈ ആക്രമണത്തിൽ നിരവധി പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.

മരിച്ചവരിൽ പത്രപ്രവർത്തകൻ ഇസ്‌മായിൽ അബു ഹതാബും കഫേയിൽ ഒത്തുകൂടിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. ഇസ്രായേലി യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയതെന്ന് ഒരു ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വ്യോമാക്രമണത്തിൽ കഫേ ഒന്നാകെ തകർന്നുവെന്നാണ് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്.
ഗാസ നഗരത്തിലെ സെയ്‌തുൺ പരിസരത്തുള്ള ഒരു ഭക്ഷ്യ വിതരണ വെയർഹൗസിൽ ഇസ്രായേൽ സൈന്യം വ്യോമാക്രമണം നടത്തുകയും ചെയ്‌തിരുന്നു. ഇവിടെ നിന്നും റേഷൻ വാങ്ങാൻ ശ്രമിച്ച 13 പേർ കൊല്ലപ്പെട്ടു. നൂറുകണക്കിന് പലസ്‌തീനികൾ അഭയം തേടിയ ഗാസ സിറ്റിയിലെ യാഫ സ്‌കൂളിലും ഇസ്രായേൽ സൈന്യം ബോംബിട്ടു.
കൂടാതെ നഗരത്തിലെ ഒരു തെരുവിൽ ഉണ്ടായ മറ്റ് രണ്ട് ആക്രമണങ്ങളിൽ 15 പേർ കൊല്ലപ്പെട്ടതായി ഷിഫ ആശുപത്രി അറിയിച്ചു. സവൈദ പട്ടണത്തിന് സമീപം ഒരു കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായും അൽ-അഖ്‌സ ആശുപത്രി അറിയിച്ചു. ഇതോടെ മരണസംഖ്യ നൂറിനോട് അടുക്കുകയാണ്.
കഴിഞ്ഞ ഒരു മാസത്തിനിടെ സഹായ വിതരണ പരിപാടിയിൽ 500ലധികം പലസ്‌തീനികൾ കൊല്ലപ്പെട്ടിരുന്നു. ഖാൻ യൂനിസിലെ ജിഎച്ച്എഫ് സൈറ്റിൽ നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെയാണ് വെടിവയ്പ്പ് നടന്നത്. പലസ്‌തീനികൾ ആ സ്ഥലത്ത് നിന്ന് എത്തിച്ചേരാവുന്ന ഏക വഴിയിലൂടെ മടങ്ങുന്നതിനിടെയാണ് വെടിവയ്പ്പ് ഉണ്ടായതെന്നാണ് വിവരം.
ജിഎച്ച്എഫിന് പകരം ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സഹായ ഗ്രൂപ്പുകളും ഏകോപിപ്പിക്കുന്ന ഒരു സംവിധാനം വരണമെന്നാണ് ഇസ്രായേൽ ആവശ്യപ്പെടുന്നത്. തീവ്രവാദികളായ ഹമാസ് ഗ്രൂപ്പ് നിലവിൽ നൽകുന്ന സഹായങ്ങളിൽ നിന്ന് വസ്‌തുക്കൾ മോഷ്‌ടിക്കുകയും മേഖലയിൽ തങ്ങളുടെ ഭരണം നിലനിർത്താൻ അത് ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് ഇസ്രായേലും യുഎസും ആരോപിക്കുന്നു.












Click it and Unblock the Notifications