ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കൂടുതലും സ്ത്രീകളും കുട്ടികളും
ടെൽ അവീവ്: പുതുവത്സര ദിനത്തിൽ ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 12 പലസ്‌തീനികൾ കൊല്ലപ്പെട്ടു. ഇവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പുതുവർഷത്തിലേക്ക് കടക്കുമ്പോൾ ഏകദേശം 15 മാസത്തോളമായി നീണ്ട യുദ്ധത്തിന് ഇതുവരെയും വിരാമമായിട്ടില്ല എന്ന് മാത്രമല്ല ഇസ്രായേൽ ആക്രമണം അനുദിനം കടുപ്പിക്കുകയാണ്.
വടക്കൻ ഗാസയിലെ ജബലിയ പ്രദേശത്തെ ഒരു വീടിനെ ഉൾപ്പെടെയാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. ഒക്‌ടോബർ ആദ്യം മുതൽ ഇസ്രായേൽ പ്രധാന ലക്ഷ്യമായി കണക്കാക്കിയിരുന്ന മേഖലയാണ് ഇത്, നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ആക്രമണത്തിൽ നശിച്ചിരുന്നു. അതിനിടെയാണ് വീണ്ടും ഇസ്രായേൽ മേഖല ലക്ഷ്യമിട്ട് കടുത്ത ആക്രമണം അഴിച്ചുവിട്ടത്.

ഇവിടെ മാത്രം ഒരു സ്ത്രീയും നാല് കുട്ടികളും ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടതായും ഒരു ഡസനോളം പേർക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മധ്യ ഗാസയിലെ ബുറൈജ് അഭയാർത്ഥി ക്യാമ്പിൽ ഇന്നലെ രാത്രിയോടെ നടന്ന മറ്റൊരു ആക്രമണത്തിൽ ഒരു സ്ത്രീയും ഒരു കുട്ടിയും കൊല്ലപ്പെട്ടതായി മറ്റൊരു റിപ്പോർട്ട് വ്യക്തമാക്കുന്നു.
ബുറൈജ് മേഖലയിൽ നിന്ന് രാത്രിയിൽ തീവ്രവാദികൾ റോക്കറ്റുകൾ തൊടുത്തുവിട്ടതായും അതിന് തിരിച്ചടിയായി മറ്റൊരു ആക്രമണത്തിലൂടെ സേന പ്രതികരിച്ചതായും ഇസ്രായേൽ സൈന്യം അറിയിച്ചു. തെക്കൻ നഗരമായ ഖാൻ യൂനിസിൽ നടന്ന മൂന്നാമത്തെ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായും ആരോഗ്യ പ്രവർത്തകർ അറിയിച്ചു.
2023 ഒക്‌ടോബർ 7-ന് ഹമാസിന്റെ നേതൃത്വത്തിലുള്ള തീവ്രവാദികൾ തെക്കൻ ഇസ്രായേലിൽ ആക്രമണം നടത്തി 1200-ഓളം പേരെ കൊല്ലുകയും 250-ഓളം പേരെ തട്ടിക്കൊണ്ടു പോകുകയും ചെയ്‌തതോടെയാണ് യുദ്ധം ഇന്ന് കാണുന്ന നിലയിലേക്ക് ശക്തമായത്. 100ഓളം ഇസ്രായേൽ ബന്ദികൾ ഗാസയിൽ ഇപ്പോഴുമുണ്ടെന്നാണ് കരുതുന്നത്.
ബന്ദികളിൽ വലിയൊരു ശതമാനം മരണപ്പെട്ടതായാണ് കണക്കാക്കുന്നത്. ഇതിന് മറുപടിയായി ഇസ്രായേൽ നിരന്തരം ഗാസ മുനമ്പ് ലക്ഷ്യമാക്കി ആക്രമണം അഴിച്ചുവിടുന്നുണ്ട്. ഇസ്രയേലിന്റെ വ്യോമ, കര ആക്രമണത്തിൽ ഇതുവരെ 45,000 പലസ്‌തീനികൾ കൊല്ലപ്പെട്ടതായാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്.
മരണസംഖ്യ കൂടാതെ യുദ്ധം വലിയ രീതിയിലുള്ള നാശ നഷ്‌ടങ്ങൾ മേഖലയിൽ സൃഷ്‌ടിച്ചിട്ടുണ്ട്. 2.9 മില്യണോളം വരുന്ന ഗാസയിലെ ജനസംഖ്യയെ നിലവിലെ യുദ്ധം സാരമായി ബാധിച്ചിരുന്നു. ഇതിൽ 90 ശതമാനത്തോളം പേർക്കും സ്വന്തം നാട് വിട്ട് മറ്റൊരു മേഖലയിലേക്ക് പലായനം ചെയ്യേണ്ട സാഹചര്യമാണ് ഉയർന്നുവന്നത്. പതിനായിരക്കണക്കിന് പേരാണ് കുടിലുകൾ കെട്ടി പാർക്കുന്നത്. എന്നിട്ടും യുദ്ധത്തിന് ഇതുവരെയും പരിഹാരമായിട്ടില്ല.












Click it and Unblock the Notifications