അധിനിവേശ വെസ്‌റ്റ് ബാങ്കിൽ ഇസ്രായേൽ ആക്രമണം; 10 പേർ കൊല്ലപ്പെട്ടു, ഗാസയിലും സ്ഥിതി രൂക്ഷം
ടെൽ അവീവ്: അധിനിവേശ വെസ്‌റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ പത്ത് പലസ്‌തീനികൾ കൊല്ലപ്പെട്ടു. നൂറു കണക്കിന് ഇസ്രായേലി സൈനികർ ഇവിടേക്ക് ഇരച്ചു കയറി നടത്തിയ റെയ്‌ഡിന് ഒടുവിലുണ്ടായ വെടിവെപ്പിലും മറ്റ് ആക്രമണ സംഭവങ്ങളിലുമാണ് ഇത്രയധികം പേർ കൊല്ലപ്പെട്ടതെന്നാണ് പലസ്‌തീൻ റെഡ് ക്രെസന്റ് സൊസൈറ്റിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.
ആക്രമണത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. ഇതിന് പിന്നാലെ വടക്കൻ വെസ്‌റ്റ് ബാങ്കിലെ ജെനിൻ, തുൽക്കർം, അൽ-ഫറാ അഭയാർത്ഥി ക്യാമ്പ് എന്നിവ കേന്ദ്രീകരിച്ച് തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ഇസ്രായേൽ ബോർഡർ പോലീസ് സേനയുടെയും ആഭ്യന്തര സുരക്ഷാ സേവനത്തിന്റെയും നേതൃത്വത്തിലാണ് ഓപ്പറേഷൻ നടന്നതെന്നാണ് അവർ പറയുന്നത്.

ഐഡിഎഫ് ആശുപത്രികൾ വളയുകയും ചെക്ക്‌പോസ്‌റ്റുകൾ സ്ഥാപിക്കുകയും അറസ്‌റ്റുകൾ നടത്തുകയും ചെയ്‌തപ്പോൾ ഡ്രോണുകൾ ആകാശ ദൃശ്യങ്ങൾ പകർത്തുകയും ചെയ്‌തതായി ദൃക്‌സാക്ഷികൾ പറയുന്നു. തങ്ങളുടെ ആറ് അംഗങ്ങൾ കൊല്ലപ്പെട്ടതായി പലസ്‌തീൻ തീവ്രവാദി സംഘടനയായ ജെനിൻ ബറ്റാലിയൻ പറഞ്ഞു. അധികൃതർ നേരത്തെ പ്രഖ്യാപിച്ച കണക്കിൽ ആ മരണങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.
സമീപ മാസങ്ങളിൽ വെസ്‌റ്റ് ബാങ്കിൽ നിന്ന് പ്രത്യേകിച്ച് വടക്കൻ പ്രദേശങ്ങളിൽ നിന്ന് ആക്രമണങ്ങൾ കൂടി വന്നതായി ഇസ്രായേൽ പറഞ്ഞു. ഈ മാസം ടെൽ അവീവിൽ നടന്ന ബോംബാക്രമണ ശ്രമത്തിന്റെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുത്തിരുന്നു, ഗാസയിൽ യുദ്ധം തുടരുന്നിടത്തോളം കാലം സമാനമായ രീതിയിൽ പ്രവർത്തനം നടത്താൻ ഉദ്ദേശിക്കുന്നുവെന്നാണ് അവർ പറയുന്നത്.
പലസ്‌തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് സൗദി അറേബ്യയിലേക്കുള്ള സന്ദർശനം വെട്ടിച്ചുരുക്കിയതായാണ് അറിയിച്ചിരിക്കുന്നത്. രണ്ട് പതിറ്റാണ്ടിനിടെ വെസ്‌റ്റ് ബാങ്കിൽ കാര്യമായ കടന്നുകയറ്റവും ആക്രമണവും ഇസ്രായേൽ നടത്തിയിരുന്നില്ല. എന്നാൽ ഇതിനെയൊക്കെ കാറ്റിൽ പറത്തി കൊണ്ടാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്.
ഗാസയിൽ ഇപ്പോഴും ആക്രമണം പഴയ പടി തുടരുകയാണ് ഇസ്രായേൽ. കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവരാണ് ഇവിടുത്തെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. ഗാസയിലെ സ്‌കൂളിൽ നടന്ന ബോംബാക്രമണത്തിൽ ചെറിയ കുട്ടികൾ ഉൾപ്പെടെ 8 പേരുടെ ജീവനാണ് കഴിഞ്ഞ ദിവസം പൊലിഞ്ഞത്.
പലസ്‌തീൻ ഇസ്ലാമിസ്‌റ്റ് ഗ്രൂപ്പായ ഹമാസിന്റെ ഇസ്രയേലിനെതിരായ അപ്രതീക്ഷിതമായ ആക്രമണത്തെ തുടർന്ന് ഇരു വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഗാസയിൽ 40,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. വ്യാപകമായ നാശത്തിനും യുദ്ധം കാരണമായി, ഗാസയിലെ ഏകദേശം 2.4 ദശലക്ഷം ആളുകൾ കുടിയിറക്കപ്പെട്ട എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications