തന്ത്രപ്രധാനമായ ഗാസ ഇടനാഴിയിൽ നിന്ന് പിന്മാറി ഇസ്രായേലി സൈന്യം; നടപടി ബന്ദി കൈമാറ്റം തുടരുന്നതിനിടെ
ടെൽ അവീവ്: ഗാസയിലെ നിർണായക ഇടനാഴിയിൽ നിന്ന് പിന്മാറി ഇസ്രായേലി. പലസ്‌തീൻ തീവ്രവാദ സംഘടനയായ ഹമാസുമായുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായാണ് വടക്കൻ, തെക്കൻ ഗാസയെ വേർതിരിക്കുന്ന വിവാദ ഭൂപ്രദേശമായ നേത്രസിം ഇടനാഴിയിൽ നിന്ന് ഞായറാഴ്‌ച ഇസ്രായേൽ സൈന്യം പിൻവാങ്ങിയത്. പേര് വെളിപ്പെടുത്താൻ തയ്യാറാവാത്ത ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്‌തു.
എത്ര സൈനികർ പ്രദേശത്ത് നിന്ന് പിൻവാങ്ങിയെന്നോ എത്ര പേർ ഇനിയും അവിടെ നിന്ന് ഇറങ്ങാനുണ്ടെന്നോ കൃത്യമായ കണക്കുകൾ അദ്ദേഹം പങ്കുവച്ചിട്ടില്ല. എന്നാൽ തന്ത്രപ്രധാനമായ പാതയിൽ നിന്ന് ഇസ്രായേൽ സൈന്യത്തിന്റെ പിൻവാങ്ങൽ പൂർത്തിയാക്കിയതായി ഹമാസ് ഉദ്യോഗസ്ഥൻ പിന്നീട് അറിയിച്ചു.

'ഇസ്രായേൽ സൈന്യം അവരുടെ സ്ഥാനങ്ങളും സൈനിക പോസ്‌റ്റുകളും തകർത്തു, സലാഹദ്ദീൻ റോഡിലെ നെറ്റ്സാരിം ഇടനാഴിയിൽ നിന്ന് അവരുടെ ടാങ്കുകൾ പൂർണ്ണമായും പിൻവലിച്ചു, വാഹനങ്ങൾ ഇരു ദിശകളിലേക്കും സ്വതന്ത്രമായി കടന്നുപോകാൻ അനുവദിക്കുന്നുണ്ട്' ഹമാസ് നേതൃത്വം നൽകുന്ന ഗാസയിലെ സർക്കാരിൽ ഉന്നത പദവി വഹിക്കുന്ന ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.
ഇരുപക്ഷവും തമ്മിലുള്ള ബന്ദികളുടെയും തടവുകാരുടെയും തുടർച്ചയായ കൈമാറ്റത്തെ തുടർന്നുള്ള ഈ നീക്കം വെടിനിർത്തൽ കരാർ വിജയകരമായി മുന്നോട്ട് പോകുന്നതിന്റെ മറ്റൊരു ശുഭ സൂചനയാണ്. ഇസ്രായേലും ഹമാസും തങ്ങളുടെ അഞ്ചാമത്തെ ബന്ദി-തടവു കൈമാറ്റം കഴിഞ്ഞ ദിവസമാണ് പൂർത്തിയാക്കിയത്. ഇതിന് പിന്നാലെയാണ് പുതിയ വാർത്ത പുറത്തുവന്നത്.
വെടിനിർത്തൽ ചർച്ചകൾക്കിടെ നേത്രസിം ഇടനാഴിയിൽ നിന്ന് പൂർണമായി സൈന്യത്തെ നീക്കം ചെയ്യാൻ ഇസ്രായേൽ സമ്മതിച്ചിരുന്നു. പരിശോധനകളില്ലാതെ ഇടനാഴിയിലൂടെ കടന്നുപോകാൻ പലസ്‌തീനികളെ ഇസ്രായേൽ അനുവദിക്കണമെന്നും വ്യവസ്ഥകളിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പലസ്‌തീനികളെ തകർന്ന് വീടുകളിലേക്ക് മടങ്ങാൻ ഇസ്രായേൽ സൈന്യം അനുവദിച്ചിരുന്നു.
നേരത്തെ 2005-ൽ ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യം പിൻവാങ്ങിയപ്പോൾ നശിപ്പിക്കപ്പെട്ട ഒരു മുൻ ഇസ്രായേലി സെറ്റിൽമെന്റിന്റെ പേരാണ് നേത്രസിം ഇടനാഴി. 2023 ഒക്ടോബറിൽ ഗാസയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം ഇസ്രായേൽ നിർമ്മിച്ച തന്ത്രപ്രധാനമായ സൈനിക മേഖല കൂടിയായിരുന്നു നേത്രസിം ഇടനാഴിയിലേത്.
ഇസ്രായേൽ-ഗാസ അതിർത്തി മുതൽ മെഡിറ്ററേനിയൻ കടൽ വരെ ഏകദേശം 6 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഭൂമി, ഗാസയെ രണ്ട് പ്രദേശങ്ങളായി വിഭജിച്ചു വരികയായിരുന്നു. ഗാസ മുനമ്പിലെ ഹമാസ് തീവ്രവാദികളുടെ നീക്കങ്ങൾ നിരീക്ഷിക്കാനും അവരുടെ സൈനിക പ്രവർത്തനങ്ങൾ നടത്താനും ഇസ്രായേൽ ഈ ഇടനാഴി ഉപയോഗിച്ചുപോരുന്നു.
എന്നാൽ വടക്കൻ ഗാസയ്ക്കും തെക്കൻ ഗാസയ്ക്കും ഇടയിലുള്ള പലസ്‌തീനികളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഇസ്രായേൽ നിയന്ത്രിക്കുന്നുവെന്ന് ആരോപിച്ചാണ് ഈ ഇടനാഴി വിവാദമായത്. എങ്കിലും വെടിനിർത്തൽ വന്നതോടെ ഇതിന് അറുതിയാവുകയായിരുന്നു. 42 ദിവസത്തെ വെടിനിർത്തൽ കരാർ നിലവിൽ വന്ന് പാതിവഴി പിന്നിടുമ്പോഴേക്കും ബന്ദി കൈമാറ്റം പുരോഗമിക്കുകയാണ്. അതിനിടെയാണ് ഈ സംഭവവികാസവും.












Click it and Unblock the Notifications