ഗാസയിലെ വെടിനിർത്തൽ കരാറിന് അംഗീകാരം നൽകി ഇസ്രായേൽ സുരക്ഷാ ക്യാബിനറ്റ്; ഒരുപടി കൂടി അടുത്തു
ടെൽ അവീവ്: ഗാസയിലെ വെടിനിർത്തൽ, ബന്ദികളെ മോചിപ്പിക്കൽ കരാറിന് അംഗീകാരം നൽകി ഇസ്രായേൽ സുരക്ഷാ ക്യാബിനറ്റ്. ഇതോടെ ഇനി അന്തിമ തീരുമാനം പൂർണ ക്യാബിനറ്റ് ആയിരിക്കും സ്വീകരിക്കുക. പൂർണ ക്യാബിനറ്റിന്റെ അംഗീകാരത്തിനായി വെടിനിർത്തൽ കരാർ അടുത്ത തലത്തിലേക്ക് കൈമാറിയിരിക്കുകയാണ് എന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
'എല്ലാ രാഷ്ട്രീയ, സുരക്ഷ, മാനുഷിക വശങ്ങളും അവലോകനം ചെയ്‌ത ശേഷം, നിർദ്ദിഷ്ട കരാർ യുദ്ധത്തിന്റെ പിന്നിലെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പിന്തുണയ്ക്കുന്നുവെന്ന് മനസ്സിലാക്കിയ ശേഷം, (സുരക്ഷാ കാബിനറ്റ്) നിർദ്ദിഷ്ട ചട്ടക്കൂട് അംഗീകരിക്കാൻ സർക്കാരിനോട് ശുപാർശ ചെയ്‌തിരിക്കുകയാണ്' പിഎംഒ പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു.

മധ്യസ്ഥരായ ഖത്തറും യുഎസും ബുധനാഴ്‌ച മേഖലയിലെ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും അവസാന നിമിഷം ഹമാസിനെ കുറ്റപ്പെടുത്തി നെതന്യാഹു സംസാരിച്ചതോടെ കരാർ ഒരു ദിവസത്തിലധികം അനിശ്ചിതത്വത്തിലായിരുന്നു. എന്നാൽ ഹമാസ് അംഗങ്ങൾ ഇക്കാര്യത്തിൽ തങ്ങളുടെ അനുകൂല നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഗാസ നിവാസികളും ബന്ദികളുടെ കുടുംബങ്ങളും കരാർ യാഥാർത്ഥ്യമാകുമോ എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന വേളയിലാണ് പുതിയ വികസനം ഉണ്ടായിരിക്കുന്നത്. കരാർ ഇപ്പോൾ മുഴുവൻ മന്ത്രിമാരുടെയും ക്യാബിനറ്റിലേക്ക് അംഗീകാരത്തിനായി പോവും. ഇവിടെ കൂടി എല്ലാം ഒത്ത് വന്നാൽ ഞായറാഴ്‌ച മുതൽ ഈ കരാർ നിലവിൽ വരും.
ഗാസയിലെ യുദ്ധത്തിന്റെ ഗതിക്ക് മേൽനോട്ടം വഹിക്കുന്ന സർക്കാരിലെ ഏറ്റവും മുതിർന്ന ചില അംഗങ്ങൾ ഉൾപ്പെടുന്നതാണ് സുരക്ഷാ ക്യാബിനറ്റ്. കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് കരാറിനെ ശരിയായ നീക്കം എന്ന് വിശേഷിപ്പിക്കുകയും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് അതിൽ മുന്നോട്ട് പോവാൻ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
എന്നാൽ, കരാറിൽ ചില അനിശ്ചിതത്വങ്ങൾ നിലനിർത്തി കൊണ്ട് ക്യാബിനറ്റ് ചർച്ചയിൽ പരിഹരിക്കപ്പെടേണ്ട നിരവധി പ്രശ്‌നങ്ങൾ അവശേഷിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്നലെ അറിയിച്ചതോടെ വീണ്ടും ആശങ്ക ഉയർന്നിരുന്നു. എങ്കിലും ഏറ്റവും പുതിയ തീരുമാനം പുതിയ പ്രതീക്ഷകൾ ഉയർത്തുന്നതാണ്.
അതേസമയം, 2023 ഒക്‌ടോബർ 7-ന് ഇസ്രായേലിലേക്ക് അതിർത്തി കടന്നുള്ള ആക്രമണത്തിലൂടെ ഹമാസ് യുദ്ധത്തിന് തുടക്കമിടുകയായിരുന്നു. ഇതിൽ 1200 പേരെ കൊല്ലുകയും 250 ഓളം പേരെ ബന്ദികളാക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇതിനോട് ഇസ്രായേലിന്റെ പ്രതികരണം വളരെ കടുപ്പമേറിയ രീതിയിലായിരുന്നു. യുദ്ധത്തിൽ ഏകദേശം 46,000 പലസ്‌തീനികൾക്ക് ജീവൻ നഷ്‌ടമായിരുന്നു.












Click it and Unblock the Notifications