'എല്ലാം ശരിയാക്കാനുള്ള സമയമായി'; സമാധാനം പുനസ്ഥാപിക്കാൻ ട്രംപിന്റെ സഹായം തേടാൻ വീണ്ടും സെലൻസ്‌കി
കീവ്: ഓവൽ ഓഫീസിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി പരസ്യമായി ഏറ്റുമുട്ടിയതിന് പിന്നാലെ വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച് യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്‌കി. മേഖലയിൽ ശാശ്വത സമാധാനം കൈവരിക്കാൻ യുഎസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കാനുള്ള തന്റെ സന്നദ്ധത ഒരിക്കൽ കൂടി അദ്ദേഹം പ്രകടിപ്പിച്ചു. എല്ലാം ശരിയാക്കാനുള്ള സമയമാണിതെന്നാണ് സെലൻസ്‌കി വ്യക്തമാക്കിയത്.
'വെള്ളിയാഴ്‌ച വൈറ്റ്‌ഹൗസിൽ വാഷിംഗ്‌ടണിൽ നടന്ന ഞങ്ങളുടെ യോഗം ഉദ്ദേശിച്ച രീതിയിയിൽ ആയിരുന്നില്ല നടന്നത്. ഇങ്ങനെ ഒക്കെ സംഭവിച്ചതിൽ ഖേദമുണ്ട്. കാര്യങ്ങൾ ശരിയാക്കാനുള്ള സമയമാണിത്. ഭാവിയിലെ സഹകരണവും ആശയവിനിമയവും ക്രിയാത്മകമായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു' അദ്ദേഹം എക്‌സ് പോസ്‌റ്റിൽ കുറിച്ചു.

'നമ്മളിൽ ആരും തന്നെ അവസാനിക്കാത്ത യുദ്ധം ആഗ്രഹിക്കുന്നില്ല. ശാശ്വത സമാധാനം പുലർത്തുന്നതിനായി ഞങ്ങൾ എത്രയും വേഗം ചർച്ചയ്ക്ക് വരാൻ തയ്യാറാണ്. യുക്രേനിയക്കാരെക്കാൾ സമാധാനം മറ്റാരും ആഗ്രഹിക്കുന്നില്ല. ശാശ്വതമായ സമാധാനം ലഭിക്കാൻ പ്രസിഡന്റെ ട്രംപിന്റെ ശക്തമായ നേതൃത്വത്തിന് കീഴിൽ പ്രവർത്തിക്കാൻ ഞാനും എന്റെ ടീമും തയ്യാറാണ്' സെലൻസ്‌കി പോസ്‌റ്റിൽ എഴുതി.
യുക്രൈനെ അതിന്റെ പരമാധികാരവും സ്വാതന്ത്ര്യവും നിലനിർത്താൻ സഹായിക്കുന്നതിന് അമേരിക്ക എത്രമാത്രം കാര്യങ്ങൾ ചെയ്‌തുവെന്ന് ഞങ്ങൾ ശരിക്കും വിലമതിക്കുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുക്രൈന് ജാവലിൻ നൽകിയപ്പോൾ കാര്യങ്ങൾ മാറിയ നിമിഷം ഞങ്ങൾ ഓർക്കുന്നു. ഇതിന് ഞങ്ങൾ നന്ദിയുള്ളവരാണ്; അദ്ദേഹം പറയുന്നു.
യുക്രൈനുള്ള സൈനിക സഹായം നിർത്തലാക്കിയ യുഎസ് തീരുമാനം വന്ന് മണിക്കൂറുകൾക്ക് അകമാണ് സെലൻസ്‌കി വിഷയത്തിൽ തന്റെ ആദ്യ പരസ്യ പ്രതികരണം നടത്തിയത്. സെലൻസ്‌കിയുമായുള്ള വിവാദ കൂടിക്കാഴ്‌ചയ്ക്ക് ദിവസങ്ങൾക്ക് ശേഷമാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൈനിക സഹായം നിർത്താൻ ഉത്തരവിട്ടത്. റഷ്യയുമായുള്ള സമാധാന ചർച്ചകൾക്ക് കീവിനെ സമ്മർദ്ദത്തിലാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.
ഈ തീരുമാനത്തിന് പിന്നലെ യുഎസിന് നന്ദി അറിയിച്ചുകൊണ്ട് റഷ്യ രംഗത്ത് വരികയും ചെയ്‌തിരുന്നു. കൂടാതെ യുഎസുമായി സഹകരണം തുടരാനുള്ള സന്നദ്ധതയും അവർ പങ്കുവച്ചു. യുഎസ് യുക്രൈന് നൽകി വന്നിരുന്ന സഹായം താൽക്കാലികമായി നിർത്തിവച്ചത് സമാധാനത്തിനുള്ള ഏറ്റവും മികച്ച സംഭാവനയാണെന്ന് റഷ്യ പറഞ്ഞിരുന്നു.
നേരത്തെ യുഎസിന്റെയും റഷ്യയുടെയും ഉന്നത ഉദ്യോഗസ്ഥർ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടത്തിയിരുന്നു. സൗദി അറേബ്യ ആയിരുന്നു സമാധാന ചർച്ചകൾക്ക് വേദിയായത്. എന്നാൽ ഇതിൽ യുക്രൈൻ, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവയെ പരിഗണിക്കുക പോലും ചെയ്‌തിരുന്നില്ല. ഇതിന് പിന്നാലെയാണ് യുക്രൈൻ അടക്കം യുഎസിനെതിരെ പരോക്ഷമായി രംഗത്ത് വന്നത്.












Click it and Unblock the Notifications