'എഐയെ ഏറ്റവും കൂടുതൽ ഭയപ്പെടാൻ കാരണം തൊഴിൽ നഷ്‌ടം'; ആഗോള എഐ ഉച്ചകോടിയിൽ നരേന്ദ്ര മോദി
പാരീസ്: ആഗോളഎഐ ഉച്ചകോടിയെ അഭിസംബോധന ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരീസിൽ വച്ച് നടന്ന ഉച്ചക്കോടിയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിനൊപ്പം സഹ അധ്യക്ഷനായിരുന്നു മോദി. മനുഷ്യരുടെ ദൈനംദിന ജീവിതത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എങ്ങനെ നിർണായക പങ്ക് വഹിക്കുന്നു എന്നതിനെക്കുറിച്ച് അദ്ദേഹം ഉച്ചക്കോടിയിൽ വിശദമായി സംസാരിച്ചു.
എഐയുടെ നേട്ടങ്ങൾ എല്ലാവരുമായും, പ്രത്യേകിച്ച് ഗ്ലോബൽ സൗത്തുമായി പങ്കിടണമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അപകട സാധ്യതകളെ കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്‌തു. വിശ്വാസ്യതയും സുതാര്യതയും വർധിപ്പിക്കുന്ന ഓപ്പൺ സോഴ്‌സ് സിസ്‌റ്റങ്ങൾ വികസിപ്പിക്കുകയും ലോകത്തിന് പ്രയോജനം ചെയ്യുന്നതിനായി ഗുണമേന്മയുള്ള ഡാറ്റാസെറ്റുകൾ ഉണ്ടാക്കുകയും വേണമെന്ന് മോദി പ്രസംഗത്തിൽ എടുത്തുപറഞ്ഞു.

എഐ എന്നത് ആളുകളെ കേന്ദ്രീകരിച്ചുള്ള ആപ്ലിക്കേഷനുകളെക്കുറിച്ചായിരിക്കണം. സൈബർ സുരക്ഷ, തെറ്റായ വിവരങ്ങൾ, ഡീപ്പ്ഫേക്കുകൾ എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകൾ നമ്മൾ അഭിസംബോധന ചെയ്യണമെന്നും മോദി ആവശ്യപ്പെട്ടു. ലോകമെമ്പാടുമുള്ള നിരവധി രാഷ്ട്രത്തലവൻമാരും നേതാക്കളും ഒക്കെ പങ്കെടുത്ത ചടങ്ങിലായിരുന്നു മോദിയുടെ പ്രസംഗം.
ദശലക്ഷക്കണക്കിന് ജീവിതങ്ങളെ മാറ്റിമറിക്കാൻ എഐ സഹായിക്കും, കൂടാതെ ഇത് ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, കൃഷി, കൂടാതെ മറ്റു പല മേഖലകളിലും വ്യാപിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള യാത്രയിൽ എളുപ്പവും വേഗമേറിയതുമായ ഒരു ലോകം സൃഷ്‌ടിക്കാൻ എഐ സഹായിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.
എഐ ഏറ്റവും ഭയക്കുന്നതിന് കാരണം തൊഴിൽ നഷ്‌ടപ്പെടലാണ്. പക്ഷേ, സാങ്കേതികവിദ്യയുടെ ഫലമായി ജോലി ഇല്ലാതാകുന്നില്ലെന്നാണ് ചരിത്രം തെളിയിക്കുന്നത്. കാലത്തിനനുസരിച്ച് തൊഴിലുകളുടെ സ്വഭാവം മാറുന്നു, പുതിയ തരം ജോലികൾ സൃഷ്‌ടിക്കപ്പെടുന്നു; എഐ മൂലം ജോലികൾ ഇല്ലാതാവില്ലെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്ത്യയിൽ അതിന്റെ ഭാഗമായി കൊണ്ടുവന്ന മാറ്റങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. 1.4 ബില്യണിലധികം ആളുകൾക്ക് വളരെ കുറഞ്ഞ ചിലവിൽ ഒരു ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യം ഇന്ത്യ വിജയകരമായി നിർമ്മിച്ചു. എല്ലാവർക്കുമായി ഇന്ത്യ ഒരു എഐ ദൗത്യം നിർമ്മിച്ചു. അതുകൊണ്ട് തന്നെ ഇന്ന്, എഐയുമായുള്ള പൊരുത്തപ്പെടുത്തലിലും ഡാറ്റാ സ്വകാര്യതയിലെ സാങ്കേതിക-നിയമപരമായ പരിഹാരങ്ങളിലും ഇന്ത്യ മുന്നിലാണ്; നരേന്ദ്ര മോദി പറയുന്നു.
അതേസമയം, ഇന്നലെ രാത്രിയോടെയാണ് നരേന്ദ്ര മോദി ദ്വിദിന സന്ദർശനത്തിനായി ഫ്രാൻസിൽ എത്തിയത്. അവിടെ അദ്ദേഹം പങ്കെടുക്കുന്ന ഏറ്റവും പ്രധാന പരിപാടികളിൽ ഒന്നാണ് ആഗോള എഐ ഉച്ചകോടി. ഇതിന് പുറമേ മറ്റ് ചില ചടങ്ങുകളിലും അദ്ദേഹം പങ്കെടുക്കും. ശേഷം ഇവിടെ നിന്ന് നേരെ യുഎസിലേക്ക് ആയിരിക്കും അദ്ദേഹം പറക്കുക.












Click it and Unblock the Notifications