ജോ ബൈഡനെ മാറ്റണം; ഒടുവിൽ ബരാക്ക് ഒബാമയും കൈയൊഴിഞ്ഞു, പാളയത്തിൽ പട ശക്തമാവുമ്പോൾ?
ന്യൂയോർക്ക്: വരാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരിക്കൽ കൂടി മത്സരിക്കാമെന്ന ജോ ബൈഡന്റെ മോഹങ്ങൾക്ക് വീണ്ടും തിരിച്ചടി. ഏറ്റവും ഒടുവിൽ മുൻ പ്രസിഡന്റ് ബരാക്ക് ഒബാമ കൂടി ബൈഡനെ കൈയൊഴിഞ്ഞതോടെയാണ് കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. ബൈഡൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം പുനപരിശോധിക്കണം എന്നാണ് ഒബാമ അറിയിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ജോ ബൈഡന്റെ വിജയ സാധ്യതയിൽ ഒബാമ സംശയം പ്രകടിപ്പിച്ചതായാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ ഒബാമ പ്രസിഡന്റ് ആയിരുന്ന 2009-17 വരെയുള്ള കാലയളവിൽ ജോ ബൈഡൻ ആയിരുന്നു വൈസ് പ്രസിഡന്റ്. അതിലുപരി ഡെമോക്രാറ്റിക് പാർട്ടിയിൽ ഇപ്പോഴും ശക്തമായ സ്വാധീനം ബരാക്ക് ഒബാമയ്ക്ക് ഉണ്ട്.

ഡൊണാൾഡ് ട്രംപുമായുള്ള ഒരു സംവാദത്തിൽ ബൈഡന്റെ മോശം പ്രകടനമാണ് കാര്യങ്ങളെല്ലാം മാറ്റി മറിച്ചത്. ഇതോടെ ബൈഡനെതിരെ സ്വന്തം പാർട്ടിയിൽ നിന്ന് പോലും ശക്തമായ എതിർപ്പുകളാണ് നേരിടേണ്ടി വന്നത്. പല പ്രമുഖ നേതാക്കളും ബൈഡനെ മാറ്റണമെന്ന ആവശ്യമാവുമായി രംഗത്ത് വന്നിരുന്നു. ഇക്കൂട്ടത്തിലേക്ക് ഏറ്റവും ഒടുവിൽ വന്ന് ചേർന്ന ആളാണ് ബരാക്ക് ഒബാമ.
നിലവിൽ കൊവിഡ് ബാധിതനാണ് ജോ ബൈഡൻ. അതുകൊണ്ട് തന്നെ തന്റെ ബീച്ച് ഹൗസിൽ ക്വാറന്റൈനിൽ ഇരിക്കുകയാണ് അദ്ദേഹം. ഇത്രയൊക്കെ വിവാദങ്ങൾ ഉയർന്നു വന്നപ്പോഴും താൻ പൂർണ ആരോഗ്യവാൻ ആണെന്നും തനിക്ക് ആവശ്യത്തിന് ശാരീരിക ക്ഷമത ഉണ്ടെന്നും അതിനാൽ മത്സര രംഗത്ത് തുടരുമെന്നും ബൈഡൻ അറിയിച്ചിരുന്നു.
വിഷയത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ ഡെമോക്രാറ്റിക് സെനറ്റ് മെജോറിറ്റി നേതാവ് ചക്ക് ഷൂമർ, ഹൗസ് മൈനോറിറ്റി നേതാവ് ഹക്കീം ജെഫ്രിസ് എന്നിവർ ബൈഡനുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്‌ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ തന്നെയാണ് ഈ കൂടിക്കാഴ്‌ചയിൽ ചർച്ചയായത്.
ഈ വിഷയത്തിൽ മുൻ ഹൗസ് സ്‌പീക്കറായ നാൻസി പെലോസി അടുത്തിടെ ബൈഡന് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകൾ സൂചിപ്പികുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ബൈഡൻ മത്സരിച്ചാൽ ഡെമോക്രാറ്റിക് പാർട്ടിയുടെ തന്നെ മുഴുവൻ സാധ്യതകളും ഇല്ലാതാവുമെന്നാണ് പെലോസി നൽകിയ മുന്നറിയിപ്പ്. ഇതോടെ ബൈഡന്റെ കുരുക്ക് മുറുകുകയാണ്.
അതേസമയം, കൊവിഡ് ബാധയെ തുടർന്ന് വിശ്രമത്തിൽ കഴിയുന്ന ബൈഡൻ തന്റെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് ഈ സമയം കൂടുതൽ ചിന്തിച്ച് ഒരു തീരുമാനം എടുക്കുമെന്നാണ് ഡെമോക്രാറ്റിക് പാർട്ടിയിലെ ചില നേതാക്കൾ പങ്കുവയ്ക്കുന്ന പ്രതീക്ഷ. ഒരുപക്ഷേ ജോ ബൈഡൻ മാറിയാലും പകരം ആരെത്തും എന്നതാണ് പ്രസക്തമായ ചോദ്യം. കമല ഹാരിസിന് തന്നെയാണ് ഏറ്റവും കൂടുതൽ സാധ്യത എന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications