'ട്രംപ് കോമാളിയായിരിക്കാം, പക്ഷേ പുടിനുമായുള്ള സൗഹൃദം അത്ര നല്ലതിനല്ല'; മോദിക്ക് കാസ്‌പറോവിന്റെ മുന്നറിയിപ്പ്
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായുള്ള സൗഹൃദത്തിൽ നരേന്ദ്ര മോദിക്ക് മുന്നറിയിപ്പുമായി ചെസ് ഇതിഹാസം ഗ്യാരി കാസ്‌പറോവ്. പുടിനെതിരായ രാഷ്ട്രീയ നിലപാടിനെ തുടർന്ന് വർഷങ്ങളോളം റഷ്യയിൽ നിന്ന് നാടുകടത്തപ്പെട്ട വ്യക്തി കൂടിയാണ് കാസ്‌പറോവ്. പുടിനെ വിശ്വസിക്കുന്നതിനെ ക്കുറിച്ചാണ് അദ്ദേഹം ഏറ്റവും ഒടുവിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വേൾഡ് ലിബർട്ടി കോൺഗ്രസിന്റെ വൈസ് പ്രസിഡന്റും റിന്യൂ ഡെമോക്രസിയുടെ സ്ഥാപകനും ചെയർമാനുമാണ് കാസ്‌പറോവ്. പ്രൊഫഷണൽ ചെസ്സിൽ നിന്ന് വിരമിച്ച ശേഷം ഒരു ആക്റ്റിവിസ്‌റ്റും പ്രഭാഷകനുമായ കാസ്‌പറോവ്, റഷ്യൻ പൗരന്മാരുടെ ജനാധിപത്യ സ്വാതന്ത്ര്യം വെട്ടിക്കുറയ്ക്കുന്നുവെന്ന് ആരോപിച്ച് പുടിനെതിരെ ശബ്‌ദമുയർത്തിയിരുന്നു. അതിന് പിന്നാലെയാണ് ഈ വിഷയത്തിലും അദ്ദേഹം രംഗത്ത് വന്നിരിക്കുന്നത്.

'തന്റെ സ്വേച്ഛാധിപത്യം നീട്ടി കിട്ടാൻ ഏത് സമയത്തും പുടിൻ മോദിയെയും മുഴുവൻ ഇന്ത്യൻ രാഷ്ട്രത്തെയും വിൽക്കും' എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ-റഷ്യ ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് പുടിനുമായി സംഭാഷണം നടത്തുന്നതിനെക്കുറിച്ച് മോദി ട്വീറ്റ് ചെയ്‌തപ്പോഴാണ് കാസ്‌പറോവിന്റെ മുന്നറിയിപ്പ് ലഭിച്ചത്.
'നിങ്ങളുടെ സുഹൃത്ത് വ്‌ളാഡിമിർ പുടിനോ? വംശഹത്യ നടത്തിയ യുദ്ധ കുറ്റവാളിയോ? നിങ്ങളുടെ സുഹൃത്ത് നിങ്ങളെയും മുഴുവൻ ഇന്ത്യൻ രാഷ്ട്രത്തെയും ഒരു മണിക്കൂർ കൂടി തന്റെ സ്വേച്ഛാധിപത്യം നീട്ടാൻ വിൽക്കും. അതുപോലുള്ള സുഹൃത്തുക്കളുണ്ടെങ്കിൽ, ആർക്കാണ് ജനാധിപത്യം വേണ്ടത്? ട്രംപ് ഒരു കോമാളിയാണ്, പക്ഷേ മെച്ചപ്പെട്ട ഒന്നിനുവേണ്ടി നിലകൊള്ളുക' കാസ്‌പറോവ് ചൂണ്ടിക്കാട്ടി.
റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ യുഎസുമായുള്ള ബന്ധത്തിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ, മോദിയും പുടിനും കഴിഞ്ഞ ദിവസം ഒരു ഫോൺ സംഭാഷണം നടത്തിയിരുന്നു. അതിൽ അവർ യുക്രൈൻ സംഭവം ചർച്ച ചെയ്യുകയും ചെയ്‌തിരുന്നു. ഇന്ത്യക്കെതിരായ യുഎസ് നടപടി വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.
റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങലിന് ഇന്ത്യക്കെതിരെ 50 ശതമാനം എന്ന അഭൂതപൂർവവും അമിതവുമായ തീരുവ ചുമത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് മോദിയും പുടിനും തമ്മിലുള്ള ചർച്ച നടന്നതെന്നാണ് ശ്രദ്ധേയമായ കാര്യം. അമേരിക്ക ഇതുവരെ ഒരു രാജ്യത്തിന് മേൽ ചുമത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന നിരക്കാണിത്.
ഇന്ത്യ ഈ നടപടിയെ അന്യായവും, അനീതിയും, യുക്തിരഹിതവും എന്ന് വിശേഷിപ്പിച്ചിരുന്നു. അതിനിടെ ട്രംപ് തുടർച്ചയായ ട്വീറ്റുകളിലൂടെ ഇന്ത്യയ്‌ക്കെതിരെ വ്യാപകമായ വിമർശനം ഉന്നയിച്ചിരുന്നു. അതിലൊന്നിൽ, ഇന്ത്യയും റഷ്യയും അവരുടെ നിർജീവമായ സമ്പദ്‌വ്യവസ്ഥകളെ ഒരുമിച്ച് തകർക്കുന്നതിൽ തനിക്ക് പ്രശ്‌നമില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഈ വർഷം അവസാനം പുടിനെ ഇന്ത്യയിൽ സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മോദി ഇതിന് പിന്നാലെ അറിയിച്ചിരുന്നു. ഈ ആഴ്‌ച മോസ്കോയിലേക്ക് പോയി പുടിനെ കണ്ട ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലും അദ്ദേഹം ഇന്ത്യ സന്ദർശിക്കുമെന്ന് പറഞ്ഞിരുന്നു. എങ്കിലും കൃത്യമായ തീയതി ഇതുവരെയും പുറത്തുവിട്ടിട്ടില്ല.












Click it and Unblock the Notifications