ട്രംപ് വാചകമടിക്കുകയേ ഉള്ളൂ; ഉത്തരകൊറിയയെ തൊടില്ലെന്ന് റഷ്യ- കാരണം?
ട്രംപ് വാചകമടിക്കുകയേ ഉള്ളൂ; ഉത്തരകൊറിയയെ തൊടില്ലെന്ന് റഷ്യ- കാരണം?
മോസ്‌കോ: അമേരിക്ക ഉത്തരകൊറിയക്കെതിരേ ആക്രമണം നടത്തില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്. കാരണം മറ്റൊന്നുമല്ല, അമേരിക്കക്കാര്‍ക്ക് നന്നായറിയാം, ഉത്തരകൊറിയയുടെ കൈയില്‍ അതിശക്തമായ ആണവായുധമുണ്ടെന്ന്. ന്യൂക്ലിയര്‍ ബോംബുണ്ടെന്ന കാര്യത്തില്‍ അമേരിക്കക്ക് സംശയമല്ല, ഉറപ്പാണ് ഉള്ളതെന്നും ഒരു സാഹസത്തിന് അമേരിക്ക മുതിരില്ലെന്നും അദ്ദേഹം പറഞ്ഞു. റഷ്യയിലെ എന്‍.ടി.വി ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് ലാവ്‌റോവ് ഇക്കാര്യം പറഞ്ഞത്.
'ഞാന്‍ ഉത്തരകൊറിയയുടെ ഭാഗം ചേര്‍ന്ന് പറയുകയല്ല. ഈ വിലയിരുത്തല്‍ എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്'- വിദേശകാര്യമന്ത്രി പറഞ്ഞു. 1945ല്‍ അമേരിക്ക ഹിരോഷിമയെ നശിപ്പിക്കാന്‍ ഉപയോഗിച്ചതിന്റെ 16 മടങ്ങ് ശക്തിയുള്ള ഹൈഡ്രജന്‍ ബോംബാണ് ഉത്തരകൊറിയ ഭൂമിക്കടിയില്‍ കഴിഞ്ഞ ദിവസം പരീക്ഷിച്ചത്. ഉത്തരകൊറിയ നടത്തിയ ആറാമത്തെ വലിയ ആണവ പരീക്ഷണമായിരുന്നു ഇത്.

ഇത്തരമൊരു സാഹചര്യത്തില്‍ കുറച്ച് മയത്തില്‍ സംസാരിക്കുന്നതാണ് പ്രതിസന്ധി പരിഹരിക്കാന്‍ നല്ലതെന്നും ലാവ്‌റോവ് പറഞ്ഞു. അതെങ്ങനെയെന്ന ചോദ്യത്തിന് ലാവ്‌റോവിന്റെ മറുപടി ഇങ്ങനെയായിരുന്നു- മെല്ലെ തലോടി, നിര്‍ദേശങ്ങള്‍ നല്‍കി, പ്രേരണ ചെലുത്തി വേണം പ്രശ്‌നം പരിഹരിക്കാന്‍. അത്തരമൊരു നിലപാട് അമേരിക്ക സ്വീകരിക്കുന്നില്ലെങ്കില്‍ വന്‍ ദുരന്തമായിരിക്കും എല്ലാവരെയും കാത്തിരിക്കുന്നത്. രണ്ട് കൊറിയകളിലെയും ജപ്പാനിലെയും പതിനായിരക്കണക്കിന് നിരപരാധികളാവും അതിന്റെ തിക്തഫലം അനുഭവിക്കുക. സമീപ രാജ്യങ്ങളായ ചൈനയ്ക്കും റഷ്യയ്ക്കും പ്രശ്‌നങ്ങളുണ്ടാവും.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മീര്‍ പുട്ടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് ഉത്തരകൊറിയന്‍ പ്രശ്‌നം രൂക്ഷമാവുന്നതില്‍ റഷ്യക്കുള്ള അതീവ ഉല്‍കണ്ഠ രേഖപ്പെടുത്തിയതിനു പിന്നാലെയായിരുന്നു വിദേശകാര്യമന്ത്രിയുടെ അഭിമുഖം ടെലിവിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്തത്. അമേരിക്കയും ഉത്തരകൊറിയയും ഭീഷണികള്‍ നിറഞ്ഞ പരുക്കന്‍ പരാമര്‍ശങ്ങള്‍ നടത്തുന്നതിനെ പ്രസിഡന്റിന്റെ വക്താവ് വിമര്‍ശിക്കുകയും ചെയ്തിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്തരകൊറിയന്‍ നേതാവ് കിമ്മും നടത്തുന്ന പ്രസ്താവനകളെ നഴ്‌സറിക്കുട്ടികളുടെ അടികൂടലെന്നായിരുന്നു ലാവ്‌റോവ് കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത്.












Click it and Unblock the Notifications