കൊളറാഡോയില്‍ പിറന്നാള്‍ ആഘോഷങ്ങള്‍ക്കിടെ വെടിവെപ്പ്, അക്രമി അടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു
ന്യൂയോര്‍ക്ക്: അമേരിക്കയിലെ കൊളറാഡോയില്‍ പിറന്നാള്‍ പാര്‍ട്ടിക്കിടെ തോക്കുധാരിയുടെ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ആറ് പേരും ഒപ്പം അക്രമിയും കൊല്ലപ്പെട്ടു. തോക്കുധാരി കൃത്യത്തിന് ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. കൊളറാഡോ സ്പ്രിംഗ്‌സിലെ കിഴക്ക് ഭാഗത്തുള്ള മൊബൈല്‍ ഹോം പാര്‍ക്കില്‍ അര്‍ധ രാത്രിക്ക് ശേഷമാണ് വെടിവെപ്പ് നടന്നത്. പോലീസ് എത്തുമ്പോഴേക്ക് ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. കൊലയാളി ഗുരുതരമായ പരിക്കുകളോടെയായിരുന്നു ആ സമയത്ത്. ഇയാള്‍ പിന്നീട് ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു.

കൊല്ലപ്പെട്ടവരിലുള്ള പെണ്‍കുട്ടിയുടെ കാമുകനാണ് വെടിവെപ്പ് നടത്തിയയാള്‍. സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കുമൊപ്പം പാര്‍ട്ടിക്കെത്തിയതായിരുന്നു ഇവര്‍. പാര്‍ട്ടി നടക്കുന്നിടത്തേക്ക് വന്ന ഇയാള്‍ ഒരുപ്രകോപനവും ഇല്ലാതെ വെടിവെപ്പ് നടത്തുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ ഒരാളുടെ പിറന്നാളായിരുന്നു ഇവര്‍ ആഘോഷിച്ചത്. അതേസമയം ഇടിമിന്നലാണെന്നാണ് വെടിയൊച്ച കേട്ടപ്പോള്‍ താന്‍ ധരിച്ചതെന്ന് ശബ്ദം കേട്ടവര്‍ പറയുന്നു. പോലീസ് സൈറന്‍ ശബ്ദം കേട്ടതോടെയാണ് ഗുരുതരമായതെന്തോ സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലായതെന്ന് സമീപവാസിയായ യെനിഫെര്‍ റീസ് പറഞ്ഞു.
കുട്ടികളെ ഇവിടെ നിന്ന് രക്ഷപ്പെടുത്തിയതായി പോലീസ് പറഞ്ഞു. ഇവര്‍ പരിഭ്രാന്തരായി കരയുകയാണ്. അതേസമയം കുട്ടികള്‍ക്ക് ആക്രമണത്തില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കുട്ടികളെ ബന്ധുക്കളെ ഏല്‍പ്പിച്ചിരിക്കുകയാണ്. വെടിവെച്ചയാളുടെ വിവരങ്ങള്‍ ഇതുവരെ പോലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം കൂട്ടക്കൊലയ്ക്ക് പ്രേരകമായ കാര്യങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറയുന്നു. മാര്‍ച്ച് 22ന് കൊളറാഡോയില്‍ തന്നെ വെടിവെപ്പിന് ശേഷമുള്ള ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച കൂട്ടക്കൊല കൂടിയാണിത്. അന്ന് 22 പേരാണ് കൊല്ലപ്പെട്ടത്.
കൊളറാഡോയിലെ രണ്ടാമതെ വലിയ നഗരമാണ് കൊളറാഡോ സ്പ്രിംഗ്‌സ്. ഇവിടെ ഇടയ്ക്കിടെ സംഭവിക്കുന്ന വെടിവെപ്പില്‍ പോലീസ് അധികൃതരും ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. 2015ല്‍ കൊളറാഡോ സ്പ്രിംഗ്‌സില്‍ ഹാലോവീന്‍ ദിനത്തില്‍ ഇതേ പോലെ വെടിവെപ്പുണ്ടായിരുന്നു. അന്ന് മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. അക്രമിയെ പിന്നീട് പോലീസ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിന് ശേഷം കൃത്യം ഒരു മാസം കഴിഞ്ഞപ്പോള്‍ വീണ്ടും വെടിവെപ്പുണ്ടായിരുന്നു. അതിലും മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. പോലീസുകാരന്‍ അടക്കമാണ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications