മെറ്റ പിരിച്ചുവിടല്‍ ആരംഭിച്ചു; 1500 പേര്‍ക്ക് ജോലി നഷ്ടമാവും, എച്ച്ആര്‍ ടീമിന് പോലും രക്ഷയില്ല

വാഷിംഗ്ടണ്‍: ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റയില്‍ ഈ വര്‍ഷത്തെ പിരിച്ചുവിടല്‍ ആരംഭിച്ചു. ഹ്യൂമന്‍ റിസോഴ്‌സസ്, റിക്രൂട്ട്‌മെന്റ് ടീമുകള്‍ക്കാണ് ആദ്യം ജോലി നഷ്ടമാവുക. മാര്‍ച്ച് പതിനാലിന് മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഈ വര്‍ഷത്തെ പിരിച്ചുവിടല്‍ പ്രഖ്യാപിച്ചത്. പതിനായിരം പേരെ വരെ മെറ്റ പിരിച്ചുവിടും. നിലവില്‍ 1500 ആളുകളെയാണ് മെറ്റ പുറത്താക്കിയിരിക്കുന്നതെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
പതിയെ ഇത് പതിനായിരത്തിലേക്ക് എത്തിക്കും. പിരിച്ചുവിടുന്നത് സാമ്പത്തികമായ സാഹചര്യം മോശമായത് കൊണ്ടാണ്. ഇത് വര്‍ഷങ്ങള്‍ തുടര്‍ന്നേക്കാം. റീസ്ട്രക്ച്ചറിംഗ് വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.അതേസമയം ജോലി നഷ്ടപ്പെടുന്നവരെ ഇക്കാര്യം മുന്‍കൂട്ടി അറിയിക്കുമെന്നാണ് സക്കര്‍ബര്‍ഗ് അറിയിച്ചിരിക്കുന്നത്. എഞ്ചിനീയറിംഗ് വിഭാഗത്തിലുള്ളരെ ഏപ്രില്‍ മാസത്തിലാണ് പുറത്താക്കുക.

പെര്‍ഫോമന്‍സിന്റെ അടിസ്ഥാനത്തിലായിരിക്കും പുറത്താക്കലുകള്‍ ഉണ്ടാവുക. കമ്പനി നടത്തിയ പെര്‍ഫോമന്‍സ് പരിശോധനയില്‍ ഭൂരിഭാഗം ജീവനക്കാര്‍ക്കും ശരാശരിയിലും താഴെയാണ് മാര്‍ക്ക് നല്‍കിയിരിക്കുന്നത്. അതുകൊണ്ട് എത്ര പേര്‍ക്ക് ഇനിയും ജോലി നഷ്ടപ്പെടുമെന്ന് വ്യക്തമല്ല. നവംബര്‍ 2022ലായിരുന്നു മെറ്റ ആദ്യ ഘട്ട പുറത്താക്കല്‍ ആരംഭിച്ചത്. 11000 പേര്‍ക്കായിരുന്നു ജോലി നഷ്ടപ്പെട്ടത്.
നിരവധി പേരാണ് ജോലി നഷ്ടപ്പെട്ട കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഗര്‍ഭകാല അവധിയിലായിരുന്ന ജീവനക്കാരിക്ക് ജോലി നഷ്ടമായിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവര്‍ കമ്പനിക്കൊപ്പമുണ്ട്. സാറാ സ്‌നൈഡര്‍ എന്ന ഈ യുവതി ടാലന്റ് അക്വിസിഷന്‍ ആന്‍ഡ് റിക്രൂട്ടിംഗ് ടീമിന്റെ ഭാഗമാണ്.
ഫേസ്ബുക്കിനൊപ്പമാണ് താന്‍ ജീവിതത്തിലെ പല നിര്‍ണായക കാര്യങ്ങളും പിന്നിട്ടത്. വിവാഹവും, കുഞ്ഞുണ്ടാകുന്നതുമെല്ലാം ഈ കമ്പനിയിലൂടെയാണ് സംഭവിച്ചത്. പക്ഷേ മികച്ച പെര്‍ഫോമന്‍സ് തന്റെ ടീം നടത്തിയിട്ടും അവര്‍ പിരിച്ചുവിട്ടു. ഈ പ്രതിസന്ധിയെ മെറ്റ കൈകാര്യം ചെയ്ത രീതി ശരിയല്ലെന്നും സാറ പറഞ്ഞു.












Click it and Unblock the Notifications