അമേരിക്കയ്ക്കും ഇറാനുമെതിരെ മുസ്ലിം രാജ്യങ്ങൾ ഐക്യപ്പെടണമെന്ന് മുജ്‌തബ ഖാംനഇ; 'ശത്രുവിനെ തിരിച്ചറിയണം'
ടെഹ്റാൻ: അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ മേഖലയിൽ മുസ്ലിം രാജ്യങ്ങൾ ഐക്യപ്പെടണമെന്ന് ആഹ്വാനം ചെയ്‌ത് ഇറാന്റെ പരമോന്നത നേതാവ് മുജ്‌തബ ഖാംനഇ. മേഖലയിൽ യുദ്ധം ആരംഭിച്ച് ആറ് മാസം പിന്നിടുന്നതിനിടെയാണ് മുജ്‌തബ ഖാംനഇ തന്റെ സന്ദേശത്തിലൂടെ ആഹ്വാനം നടത്തിയത്. ഷിയാ മുസ്ലിങ്ങൾ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ആചരിക്കുന്നതിനിടെയാണ് ഖമേനി സന്ദേശം പുറത്തുവിട്ടത്.
മുസ്ലിം രാജ്യങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം ഐക്യത്തിലും സൗഹൃദത്തിലും സഹകരണത്തിലുമാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം സമൂഹത്തിൽ ഭിന്നതയും സംഘർഷവും ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ അറിഞ്ഞോ അറിയാതെയോ ഇസ്ലാമിന്റെ ശത്രുക്കളുടെ ലക്ഷ്യങ്ങൾക്ക് സഹായകരമാകുമെന്ന് മുജ്‌തബ ഖാംനഇ മുന്നറിയിപ്പ് നൽകി.

മേഖലയിലെ രാജ്യങ്ങളുടെ ഭരണാധികാരികൾ തങ്ങളുടെ യഥാർഥ ശത്രുവിനെ തിരിച്ചറിയണമെന്നും അവരുടെ പദ്ധതികൾ മനസിലാക്കി അതിനെതിരെ ഒന്നിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കയെയും ഇസ്രയേലിനെയും പരാമർശിച്ചുകൊണ്ടായിരുന്നു ഖമേനിയുടെ ഈ ആഹ്വാനം.
യുദ്ധത്തിനിടെ ഇറാൻ സൗദി അറേബ്യ, യുഎഇ, ജോർദാൻ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നു.
ഇതിന് പിന്നാലെ ഈ രാജ്യങ്ങളുമായുള്ള ഇറാന്റെ ബന്ധത്തിൽ വലിയ വിള്ളലും ഉണ്ടായി. ഇറാനിലെ പ്രധാന നയങ്ങളിൽ അന്തിമ തീരുമാനം എടുക്കാനുള്ള അധികാരമുള്ള മുജ്‌തബ ഖാംനഇ, അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ ഇറാനിലെ ജനങ്ങളും ഉദ്യോഗസ്ഥരും അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് ഒന്നിക്കണമെന്നും ആവശ്യപ്പെട്ടു.
സാമൂഹിക ഐക്യം തകർക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്‌ച പുറത്തുവിട്ട മറ്റൊരു സന്ദേശത്തിലും ഇറാനിലെ ജനങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാകാൻ അനുവദിക്കരുതെന്ന് മുജ്‌തബ ഖാംനഇ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഇറാന്റെ സമ്പദ്‌വ്യവസ്ഥയിൽ ഡോളറിന്റെ ആശ്രിതത്വം ക്രമേണ കുറയ്ക്കണമെന്നും ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അമേരിക്കൻ നാവിക ഉപരോധവും വർഷങ്ങളായി തുടരുന്ന കടുത്ത ഉപരോധങ്ങളും ഇറാനിലെ ജനജീവിതത്തെ ബാധിച്ച സാഹചര്യത്തിലാണ് സാമ്പത്തിക വളർച്ച ശക്തിപ്പെടുത്താനുള്ള നിർദേശം. എന്നാൽ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ അഭിപ്രായ പ്രകടനങ്ങൾ നടത്താൻ അദ്ദേഹം തയ്യാറായില്ല.
അതേസമയം, 1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാന്റെ വിപ്ലവ ആശയങ്ങളെ ഗൾഫ് അറബ് രാജവംശങ്ങൾ ഒരു ഭീഷണിയായാണ് കാണുന്നത്. രാജവാഴ്‌ചയ്‌ക്കെതിരായ ഇറാന്റെ നിലപാടുകളും മേഖലയിലെ വർധിച്ചുവരുന്ന സ്വാധീനവും തങ്ങളുടെ രാഷ്ട്രീയ സംവിധാനങ്ങൾക്ക് വെല്ലുവിളിയാകുമെന്ന ആശങ്കയാണ് ഇതിന് പ്രധാന കാരണം.


Click it and Unblock the Notifications