മുഹമ്മദ് യൂനുസ് ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ തലവനായി തുടരും; രാജി വാർത്തകൾ തള്ളി ഉപദേശകൻ
ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ തലവനായി മുഹമ്മദ് യൂനുസ് തുടർന്നേക്കും. യൂനുസിന്റെ രാജിവാർത്തകൾ വലിയ രീതിയിൽ പ്രചരിക്കുന്നതിനിടയിലാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. നോബൽ സമ്മാന ജേതാവ് രാജിവയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഉപദേഷ്‌ടാവ് ഇക്കാര്യം തള്ളി രംഗത്ത് വന്നതോടെ അദ്ദേഹം തുടരുമെന്ന കാര്യത്തിൽ ഏറെക്കുറെ ഉറപ്പായി.
'അദ്ദേഹം പോകുമെന്ന് പറഞ്ഞിട്ടില്ല. നമ്മെ ഏൽപ്പിച്ചിരിക്കുന്ന ജോലിയും ഉത്തരവാദിത്തങ്ങളും നിർവഹിക്കുന്നതിൽ നമുക്ക് നിരവധി തടസങ്ങൾ നേരിടേണ്ടിവരുമ്പോഴും, അവയെ മറികടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുൻകൂട്ടി നിശ്ചയിച്ചിട്ടില്ലാത്ത ഉപദേശക സമിതി യോഗത്തിന് ശേഷം ആസൂത്രണ ഉപദേഷ്‌ടാവ് വാഹിദുദ്ദീൻ മഹ്മൂദ് ആണ് രാജിവാർത്തകൾ തള്ളിയത്.

അദ്ദേഹം ഉറപ്പായും തുടരുമെന്നും മഹ്മൂദ് പറയുകയുണ്ടായി. ഇടക്കാല സർക്കാരിലെ ഉപദേഷ്‌ടാക്കളിൽ ആരും എവിടേക്കും പോകുന്നില്ലെന്നും അവരെ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്തം വളരെ പ്രധാനമാണെന്നും അവർക്ക് അവരുടെ കടമ ഉപേക്ഷിക്കാൻ കഴിയില്ലെന്നും വാഹിദുദ്ദീൻ മഹ്മൂദിനെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ബംഗ്ലാദേശിലെ ഉന്നത രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെ യൂനുസ് നേരിട്ട് കാണാൻ പോകുന്നതിന് മണിക്കൂറുകൾക്ക് മുമ്പും, യൂനുസ് രാജി ഭീഷണി മുഴക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് ദിവസങ്ങൾക്ക് ശേഷവുമാണ് ഉപദേശക സമിതിയുടെ അപ്രതീക്ഷിത യോഗം ഇന്ന് ബംഗ്ലാദേശിൽ നടന്നത്.
രാജ്യത്തെ ശക്തരായ ബംഗ്ലാദേശ് നാഷണലിസ്‌റ്റ് പാർട്ടി (ബിഎൻപി), ജമാഅത്തെ ഇസ്ലാമി എന്നിവയുടെ നേതാക്കളുമായി യൂനുസ് കൂടിക്കാഴ്‌ച നടത്തുമെന്ന് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി ഷഫീഖുൽ ആലം ഇന്ന് രാവിലെ എഎഫ്‌പിയോട് പറഞ്ഞിരുന്നു. എങ്കിലും ഈ തിടുക്കപ്പെട്ടുള്ള ചർച്ചകൾക്കുള്ള അജണ്ട എന്താണെന്ന് ഇതുവരെയും പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ വർഷം ബംഗ്ലാദേശിൽ നടന്ന ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് അധികാരമേറ്റ യൂനുസ്, രാഷ്ട്രീയ പാർട്ടികൾ തന്നെ പിന്തുണയ്ക്കുന്നില്ലെങ്കിൽ രാജിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ബംഗ്ലാദേശ് അവാമി ലീഗ് നേതാവ് ഷെയ്ഖ് ഹസീനയെ സ്ഥാനഭ്രഷ്‌ടയാക്കിയാണ് യൂനുസിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരം ഏറ്റെടുത്തത്.
അതിനിടെ ബംഗ്ലാദേശിൽ പലയിടത്തും വലിയ പ്രക്ഷോഭം നടക്കുകയാണ്. ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധി അടുത്തിടെയാണ് കൂടുതൽ രൂക്ഷമായി മാറിയത്. പ്രതിപക്ഷ പാർട്ടികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തലസ്ഥാനമായ ധാക്കയിലെ തെരുവുകളിൽ പ്രതിഷേധ പ്രകടനം നടത്തി കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് മുഹമ്മദ് യൂനുസ് രാജിഭീഷണി മുഴക്കിയത്.
അധികാരം ഏറ്റെടുത്ത ശേഷം 2026 ജൂണോടെ ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന് മുഹമ്മദ് യൂനുസ് വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാൽ കൃത്യമായ തീയതി നിശ്ചയിക്കണമെന്ന് ബിഎൻപി അനുകൂലികൾ അദ്ദേഹത്തോട് നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് അദ്ദേഹം രാജിവയ്ക്കാൻ ഒരുങ്ങുകയാണ് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. യൂനുസ് വന്നതിന് ശേഷം ഇന്ത്യയുമായുള്ള ബന്ധം മോശമായിരുന്നു. അതിനാൽ തന്നെ ഇന്ത്യക്കാരും വിഷയം ഗൗരവമായാണ് നോക്കി കാണുന്നത്.
ഡിസംബറോടെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് സൈനിക മേധാവി ജനറൽ വക്കർ-ഉസ്-സമാൻ പറഞ്ഞതോടെ യൂനുസിന്റെ രാജ്യത്തെ സൈന്യവുമായുള്ള ബന്ധം വഷളായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രതിപക്ഷ പാർട്ടികളിൽ നിന്ന് നിരന്തരം ഉയരുന്ന സമ്മർദവും അതിനൊപ്പമുള്ള പ്രക്ഷോഭങ്ങളും സൈന്യത്തിന്റെ എതിർപ്പും യൂനുസിനെ പിന്നോട്ട് വലിക്കുന്ന ഘടകങ്ങളാണ്.
രണ്ട് ദിവസം മുമ്പ്, വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള നാഷണൽ സിറ്റിസൺ പാർട്ടി (എൻസിപി) മന്ത്രിസഭയെയും നേതാക്കളെയും താൻ രാജിയെക്കുറിച്ച് ആലോചിക്കുകയാണെന്ന് യൂനുസ് പറഞ്ഞതായി സൂചനയുണ്ട്. നിലവിലെ സാഹചര്യങ്ങൾ സ്ഥാനത്ത് തുടരുന്നത് ബുദ്ധിമുട്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. എന്നാൽ നിലവിൽ അത്തരം നീക്കങ്ങൾ ഒന്നുമില്ലെന്നാണ് പുതിയ സാഹചര്യത്തിൽ വ്യക്തമാവുന്നത്.












Click it and Unblock the Notifications