1.8 ബില്യൺ മൈൽ സഞ്ചരിക്കും, ലക്ഷ്യം അന്യഗ്രഹ ജീവികൾ? യൂറോപ്പ ക്ലിപ്പർ ഇന്ന് ബഹിരാകാശത്തേക്ക് കുതിക്കും
ന്യൂയോർക്ക്: ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യം തേടിയുള്ള മനുഷ്യരുടെ യാത്രയിലെ നിർണായക വഴിത്തിരിവാകാൻ കെൽപ്പുള്ള ദൗത്യത്തിന് നാസ ഒരുങ്ങുകയാണ്. വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിൽ ഒന്നായ യൂറോപ്പ ലക്ഷ്യമിട്ട് കുതിക്കുന്ന നാസയുടെ പേടകം ഇത്തവണ സൗരയൂഥത്തിലെ അന്യഗ്രഹ ജീവന്റെ തുടിപ്പുകൾ അടയാളപ്പെടുത്താനും അതിനെ കുറിച്ച് പഠിക്കാനും ഒക്കെയായി ഇന്ന് ബഹിരാകാശത്തേക്ക് കുതിച്ചുയരും.
മുൻപ് പല പേടകങ്ങളും സമാന ലക്ഷ്യത്തിനായി പല ബഹിരാകാശ ഏജൻസികളും വിക്ഷേപിച്ചിട്ടുണ്ടെങ്കിലും അതിലേറെ പ്രത്യേകതകൾ ഉള്ളൊരു മിഷൻ കൂടിയാണ് ഇന്ന് നാസ ലോഞ്ച് ചെയ്യാനായി തയ്യാറാക്കിയിരിക്കുന്നത്. വർഷങ്ങൾ നീണ്ടുനിൽക്കുന്ന ഈ ദൗത്യത്തിലൂടെ ഭൂമിക്ക് പുറത്ത് സൗരയൂഥത്തിലെ ജീവന്റെ സാന്നിധ്യം കണ്ടെത്താൻ കഴിയുമോ എന്നാണ് ശാസ്ത്രലോകം മുഴുവൻ ഒരുപോലെ ഉറ്റുനോക്കുന്നത്.

യൂറോപ്പ ക്ലിപ്പർ: വിക്ഷേപണം എപ്പോൾ?
ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെൻ്ററിൽ നിന്ന് ഫാൽക്കൺ ഹെവി റോക്കറ്റിന്റെ കരുത്തിലാണ് ഈ പേടകം കുതിച്ചുയരുക. നാസ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ ബഹിരാകാശ പേടകങ്ങളിൽ ഒന്നാണിത്. ശരിക്കും നാളെ വിക്ഷേപണത്തിന് തയ്യാറാക്കി നിർത്തിയതാണെങ്കിലും മിൽട്ടൺ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ദൗത്യം നേരത്തേയാക്കുകയായിരുന്നു.
ഒരു ബാസ്‌ക്കറ്റ് ബോൾ കോർട്ടിനോളം വലുപ്പമുള്ളതാണ് ഈ പേടകം എന്നാണ് അറിയാൻ കഴിഞ്ഞത്, 6000 കിലോഗ്രാം ഭാരമുണ്ട് ഇതിന്. വളരെ എളുപ്പത്തിൽ ലക്ഷ്യത്തിൽ എത്തിക്കാൻ കഴിയുന്ന യാത്ര ആയിരിക്കില്ല ഇതെന്ന് ഏറെക്കുറെ ഉറപ്പാണ്. പ്രത്യേകിച്ച് ദൗത്യത്തിലൂടെ ഈ പേടകം താണ്ടേണ്ട ദൂരം തന്നെയാണ് പ്രത്യേകത. 1.8 ബില്യൺ മൈൽ എന്ന വലിയ ദൂരമാണ് ഈ പേടകത്തിന് പിന്നിടേണ്ടത്.
ഏതാണ്ട് 2.9 ബില്യൺ കിലോമീറ്റർ ദൂരമാണ് ഇതിനെ സഞ്ചരിക്കേണ്ടത് എന്ന് ചുരുക്കം. അഞ്ചര വർഷത്തോളം നീളുന്നതാണ് ദൗത്യം. ഇന്ന് വിജയകരമായി വിക്ഷേപണം നടത്തിയാൽ മറ്റ് തടസങ്ങൾ ഒന്നുമില്ലെങ്കിൽ 2030 ഏപ്രിൽ മാസത്തിൽ പേടകം വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയ്ക്ക് അരികിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്.
ഇന്ന് യുഎസ് പ്രാദേശിക സമയം 12.06ന് അഥവാ ഇന്ത്യൻ സമയം രാത്രി 9.36നാണ് ലോഞ്ച് നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ ദൗത്യത്തിന് ഇപ്പോൾ മുതൽ നവംബർ 6 വരെ രണ്ട് സാധ്യതയുള്ള ലോഞ്ച് വിൻഡോകൾ കൂടി നാസ ഒരുക്കിയിട്ടുണ്ട്. ഇന്ന് എന്തെങ്കിലും കാരണവശാൽ അത് മാറ്റി വയ്‌ക്കേണ്ടി വന്നാലും ഈ സമയത്തിനുള്ളിൽ അത് പൂർത്തിയാക്കുകയാവും ലക്ഷ്യം.
ഈ ദൗത്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ നാസയോടൊപ്പം ഇലോൺ മസ്‌ക് നേതൃത്വം നൽകുന്ന സ്വകാര്യ ബഹിരാകാശ ഏജൻസിയായ സ്‌പേസ് എക്‌സും സഹകരിക്കുന്നുണ്ട് എന്നതാണ്. യൂറോപ്പ ക്ലിപ്പറിനെ വഹിക്കുന്ന ഫാൽക്കൺ എക്‌സ് എന്ന റോക്കറ്റ് അവരുടേതാണ്. അതുകൊണ്ട് തന്നെ ഏറെ ശ്രദ്ധേയമാണ് ഈ ദൗത്യം.
കൂടാതെ യൂറോപ്പയിലെ മഞ്ഞുമൂടിയ സാഹചര്യങ്ങളിൽ നിരീക്ഷണം നടത്താനും വിവര ശേഖരണത്തിനും ആവശ്യമായ സൗകര്യങ്ങൾ ഈ പേടകത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. തെർമൽ ഇമേജ്, മറ്റ് റഡാർ സൗകര്യങ്ങൾ എന്നിങ്ങനെ ഈ ഉപഗ്രഹത്തിന്റെ ഓരോ ചലനങ്ങളും ഒപ്പിയെടുക്കുക ലക്ഷ്യമിട്ടാണ് ദൗത്യം ഒരുങ്ങുന്നത്. യൂറോപ്പ ക്ലിപ്പർ വിക്ഷേപണം നാസയുടെ ഔദ്യോഗിക പേജിലൂടെ തത്സമയം വീക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.












Click it and Unblock the Notifications