ധനസഹായം മാത്രം മതി; ഇന്ത്യയടക്കമുള്ളവരുടെ രക്ഷാപ്രവര്‍ത്തകര്‍ വരേണ്ടെന്ന് നേപ്പാള്‍; 2015 ലെ അനുഭവം പാഠം
മിന്നല്‍ പ്രളയത്തില്‍ വിവിധ രാജ്യങ്ങള്‍ മുന്നോട്ടുവെച്ച രക്ഷാപ്രവര്‍ത്തന സഹായം നിരസിച്ച് നേപ്പാള്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാന്‍ തങ്ങളുടെ ആഭ്യന്തര സുരക്ഷാ ഏജന്‍സികള്‍ക്ക് ശേഷിയുണ്ടെന്ന് ബാലന്‍ ഷായുടെ നേതൃത്വത്തിലുള്ള നേപ്പാള്‍ സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം ദുരന്തം തകര്‍ത്തെറിഞ്ഞ രാജ്യത്തെ പുനരുജ്ജീവിപ്പിക്കാന്‍ സാമ്പത്തിക സഹായം ആവശ്യമാണ് എന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ബുധനാഴ്ചയുണ്ടായ മിന്നല്‍ പ്രളയത്തില്‍ നേപ്പാളില്‍ കുറഞ്ഞത് 472 പേര്‍ മരിക്കുകയും 1,500-ലധികം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ ചെളിയിലും അവശിഷ്ടങ്ങള്‍ക്കിടയിലും തിരച്ചില്‍ തുടരുമ്പോള്‍, പുതുതായി രൂപപ്പെട്ട തടസ്സങ്ങള്‍ മൂലമുള്ള തടാകങ്ങള്‍ കൂടുതല്‍ വെള്ളപ്പൊക്ക ഭീഷണി ഉയര്‍ത്തുന്നു. ഇതിനിടെയാണ് സഹായവാഗ്ദാനം നേപ്പാള്‍ നിരസിച്ചത്.

'സഹായത്തിനുള്ള വാഗ്ദാനം സ്വാഭാവികമാണ്. ഞങ്ങളുടെ സുരക്ഷാ ഏജന്‍സികള്‍ തന്നെയാണ് തിരച്ചിലും രക്ഷാപ്രവര്‍ത്തനവും നടത്തുന്നത്. തല്‍ക്കാലം അത്തരം സഹായം ഞങ്ങള്‍ക്ക് ആവശ്യമില്ല,' നേപ്പാള്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ലോക് ബഹാദൂര്‍ ഛേത്രി പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിക്കാന്‍ തങ്ങളുടെ സംഘങ്ങളെ അയക്കാന്‍ ഇന്ത്യ, ചൈന, യുഎസ്, യുകെ, ജപ്പാന്‍, ദക്ഷിണ കൊറിയ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ അഭ്യര്‍ത്ഥന നടത്തിയിരുന്നു.
എന്നാല്‍ സൈന്യത്തെയും പൊലീസിനെയും മറ്റ് ആഭ്യന്തര ഏജന്‍സികളെയും ആശ്രയിക്കാനാണ് നേപ്പാള്‍ തീരുമാനിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നേരത്തെ, പ്രളയബാധിതമായ നേപ്പാളിലേക്ക് വ്യോമസേനയുടെ രണ്ട് വിമാനങ്ങളിലായി 47.5 ടണ്‍ അടിയന്തര സഹായസാമഗ്രികള്‍ ഇന്ത്യ അയച്ചിരുന്നു. 'നേപ്പാള്‍ ആവശ്യപ്പെട്ട കാര്യങ്ങളിലെല്ലാം ഞങ്ങള്‍ നടപടി സ്വീകരിക്കുന്നുണ്ട്,' വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
കൂടാരങ്ങള്‍, പുതപ്പുകള്‍, മരുന്നുകള്‍, ഭക്ഷണം, ജനറേറ്ററുകള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ സഹായത്തില്‍ ഉള്‍പ്പെടുന്നു. ഗതാഗതബന്ധം പുനഃസ്ഥാപിക്കുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനുമായി ബെയ്ലി പാലങ്ങള്‍ എത്തിക്കാനുള്ള നടപടികളും ഇന്ത്യ സ്വീകരിക്കുന്നുണ്ട്. ഇതിനിടെയാണ് രക്ഷാപ്രവര്‍ത്തനത്തിന് വിദേശ സഹായം വേണ്ട എന്ന് നേപ്പാള്‍ വ്യക്തമാക്കിയിരിക്കുന്നത്.
നേപ്പാള്‍ സൈന്യത്തിന്റെയും പൊലീസിന്റെയും ശുപാര്‍ശ പ്രകാരമാണ് ഈ തീരുമാനമെടുത്തതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'ചൈനയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും സമാനമായ അഭ്യര്‍ത്ഥനകള്‍ ലഭിച്ചിരുന്നുവെങ്കിലും അവ നിരസിക്കേണ്ടി വന്നു,' വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 2015-ലെ ഭൂകമ്പ സമയത്തുണ്ടായ അനുഭവമാണ് ഈ തീരുമാനത്തെ സ്വാധീനിച്ചതെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
അന്ന് നിരവധി വിദേശ രക്ഷാപ്രവര്‍ത്തക സംഘങ്ങള്‍ എത്തിയത് ഏകോപനത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച്, 2015-ലെ ഗോര്‍ഖാ ഭൂകമ്പത്തില്‍ നേപ്പാളില്‍ 9,000-ത്തോളം പേര്‍ കൊല്ലപ്പെടുകയും 23,000-ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒരു ഏകീകൃത സംവിധാനത്തിലൂടെ സാമ്പത്തിക സഹായം സ്വീകരിക്കാനാണ് നേപ്പാള്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാത്രം സഹായം ലഭ്യമാക്കാന്‍ വിദേശത്തുള്ള തങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചില രാജ്യങ്ങള്‍ ഇതിനകം സാമ്പത്തിക സഹായം പ്രഖ്യാപിച്ചുകഴിഞ്ഞു. രക്ഷാപ്രവര്‍ത്തനം, ദുരിതാശ്വാസം, പുനരധിവാസം, പുനര്‍നിര്‍മ്മാണം എന്നിവയ്ക്കുള്ള പിന്തുണയും മറ്റു ചില രാജ്യങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ആപ്പിള്‍ സിഇഒ ടിം കുക്കും സംഭാവന നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. അമേരിക്ക, യുകെ, ലോകബാങ്ക് എന്നിവയും സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. നേപ്പാളിനുള്ള ബാങ്കിന്റെ പിന്തുണ അറിയിക്കുന്നതിനായി പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി ബന്ധപ്പെട്ടതായി ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് പ്രസിഡന്റ് മസാറ്റോ കാണ്ട പറഞ്ഞു.
വലിയ ദുരന്തത്തിനാണ് നേപ്പാള്‍ നിലവില്‍ സാക്ഷ്യം വഹിക്കുന്നത്. പൊലീസ് കണക്കുകള്‍ പ്രകാരം, കാണാതായവരില്‍ 290 ഇന്ത്യക്കാരും 65 അമേരിക്കക്കാരും 51 മലേഷ്യക്കാരും 53 ഉക്രേനിയക്കാരും 33 ബ്രിട്ടീഷുകാരും 35 ഓസ്ട്രേലിയക്കാരും 25 കാനഡക്കാരും ഉള്‍പ്പെടുന്നു. മറ്റ് പല രാജ്യങ്ങളില്‍ നിന്നുള്ളവരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. കുറഞ്ഞത് 100 ചൈനീസ് പൗരന്മാരുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ചൈനീസ് അധികൃതരും അറിയിച്ചിട്ടുണ്ട്





Click it and Unblock the Notifications