നാടെങ്ങും പ്രക്ഷോഭം, ഒടുവിൽ നേപ്പാൾ പ്രധാനമന്ത്രി കെപി ഒലി സ്ഥാനമൊഴിഞ്ഞു; അഭയം തേടി ദുബായിലേക്ക് പറക്കും!
പൊഖാറ: നേപ്പാളിനെ ഒന്നാകെ പിടിച്ചുകുലുക്കി രണ്ട് ദിവസമായി തുടരുന്ന അക്രമാസക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ പ്രധാനമന്ത്രി കെപി ശർമ്മ ഒലിക്ക് രാജിവച്ചു. ജെൻ സീ എന്ന് വിളിക്കപ്പെടുന്ന പുതുതലമുറ വിഭാഗത്തിൽ നിന്നുള്ളവരുടെ പ്രതിഷേധമാണ് അദ്ദേഹത്തിന്റെ രാജിയിൽ കലാശിച്ചിരിക്കുന്നത്. നേരത്തെ പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വസതിയ്ക്ക് തീവെക്കുകയും പ്രസിഡന്റിന്റെ വീട്ടിൽ അതിക്രമിച്ച് കയറി അവിടം നശിപ്പിക്കുകയും ചെയ്‌തിരുന്നു.
ഒലിയുടെ രാജിക്ക് പിന്നിലെ കൃത്യമായ കാരണങ്ങൾ വ്യക്തമാക്കുന്നില്ലെങ്കിലും, ജെൻ സീ പ്രക്ഷോഭങ്ങളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. രാജിവെക്കുന്നതിന് മുൻപ് ഒലി തന്റെ ചുമതലകൾ ഉപപ്രധാനമന്ത്രിക്ക് കൈമാറിയിരുന്നു എന്നാണ് വിവരം. സോഷ്യൽ മീഡിയ സൈറ്റുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും, അത് വളരെ വൈകിപ്പോയി എന്നാണ് പ്രക്ഷോഭങ്ങൾ കാണിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ കെപി ശർമ്മ ഒലി ദുബായിലേക്ക് യാത്ര ചെയ്യാൻ ഒരുങ്ങുകയാണെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസങ്ങളായി തുടരുന്ന പ്രക്ഷോഭങ്ങളാണ് രാഷ്ട്രീയ പ്രതിസന്ധിക്ക് വലിയ ശ്രദ്ധ നേടിക്കൊടുത്തത്. ഒലി സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ ജനങ്ങൾക്കിടയിൽ തൃപ്‌തിക്ക് കാരണമായിരുന്നു. പിന്നാലെ മാറ്റവും പരിഷ്‌കരണവും ആവശ്യപ്പെട്ട് യുവതലമുറ വലിയ തോതിൽ പ്രതിഷേധത്തിനിറങ്ങി.
ഒലിയോടൊപ്പം നിരവധി മന്ത്രിമാരും രാജിവെച്ചത് സംഭവ സ്ഥിതിയുടെ ഗൗരവം വർധിപ്പിക്കുന്നതാണ്. അതിനിടെ നേപ്പാളിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ഭാവി നേതൃത്വത്തെയും ഭരണത്തെയും കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു. ഒലിയുടെ പിന്മാറ്റത്തോടെ, ആരാണ് ചുമതല ഏറ്റെടുക്കുന്നതെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല.
അതിനിടെ രണ്ടാം ദിവസവും രാജ്യത്ത് പ്രക്ഷോഭം അതിരുവിട്ടിരുന്നു. തിങ്കളാഴ്‌ച 20 പേർ കൊല്ലപ്പെടുകയും 250ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. തുടർന്ന് ഇന്നും രാവിലെ മുതൽ ഒലിയെ പുറത്താക്കണമെന്നും സർക്കാരിനെ പിരിച്ചുവിടണമെന്നും പ്രകടനക്കാർ ആവശ്യപ്പെട്ടിരുന്നു. അതിനൊടുവിലാണ് പ്രധാനമന്ത്രിയുടെ രാജി.
രാജിക്ക് മണിക്കൂറുകൾക്ക് മുമ്പ്, പ്രതിഷേധക്കാരോട് സമാധാനം പുലർത്താനും സംയമനം പാലിക്കാനും, ചർച്ചയിലൂടെ പരിഹാരങ്ങൾ തേടാനും ഒലി അഭ്യർത്ഥിച്ചിരുന്നു. കൂടാതെ പ്രതിസന്ധി പരിഹരിക്കുന്നതിനായി വൈകുന്നേരം 6 മണിക്ക് ഒരു സർവകക്ഷി യോഗവും അദ്ദേഹം വിളിച്ചു ചേർത്തിരുന്നെങ്കിലും അതിന് മുന്നോടിയായി അദ്ദേഹം സ്ഥാനം ഒഴിയുകയായിരുന്നു.
നേപ്പാളിൽ സ്ഥിതി രൂക്ഷം
വഷളാകുന്ന സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനും പ്രധാനമന്ത്രിയുടെ വസതിയിൽ നിന്ന് സുരക്ഷിതമായി പുറത്തുകടക്കുന്നതിനും സൈനിക സഹായം തേടി ഒലി നേരത്തെ നേപ്പാൾ ആർമി ചീഫ് ജനറൽ അശോക് രാജുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ കെപി ശർമ്മ ഒലി രാജിവച്ചതിന് ശേഷം മാത്രമേ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കഴിയൂ എന്നാണ് സൈന്യം അറിയിച്ചത്.
അതിനിടെ സംഘർഷ സാഹചര്യം രൂക്ഷമായതോടെ പല മന്ത്രിമാരെയും വസതികളിൽ നിന്നും മറ്റും എയർലിഫ്റ്റ് ചെയ്‌തുകൊണ്ടാണ് സൈന്യം രക്ഷപ്പെടുത്തിയത്. നിലവിൽ കാഠ്‌മണ്ഡു വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. പാർലമെന്റിലെ ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് സൈന്യം പ്രത്യേക സുരക്ഷ ഒരുക്കേണ്ട സാഹചര്യവും ഇവിടെ ഉണ്ടായി.
എന്തുകൊണ്ട് ദുബായ്?
രാജ്യം കത്തിയമരുകയും പ്രക്ഷോഭം ശക്തമാവുകയും ചെയ്യുമ്പോൾ രാജിവച്ച് പദവി ഒഴിയുന്ന കെപി ശർമ്മ ഒലി എന്തുകൊണ്ട് തൊട്ടടുത്ത് തന്നെയുള്ള സുരക്ഷിതമായ രാജ്യമായ ഇന്ത്യ തിരഞ്ഞെടുക്കാതെ ദുബായിലേക്ക് പറക്കുന്നു എന്നാണ് പലരുടെയും ചോദ്യം. ഒലിയുടെ ചൈനീസ് അനുകൂല ബന്ധം മൂലം ഇന്ത്യയുമായി അദ്ദേഹം അകന്നിരുന്നു. അതുകൊണ്ട് തന്നെയാണ് ഷെയ്ഖ് ഹസീനയ്ക്ക് ലഭിക്കുന്നത് പോലെ ഒരു പരിഗണന അദ്ദേഹത്തിന് ഇന്ത്യയിൽ ലഭിക്കാത്തത്.












Click it and Unblock the Notifications