ഗാസയിലെ സൈനിക ആക്രമണത്തെ ന്യായീകരിച്ച് നെതന്യാഹു; 'ജോലി പൂർത്തിയാക്കുകയല്ലാതെ വേറെ വഴിയില്ല'
ജെറുസലേം: ഗാസയിൽ നടത്തുന്ന സൈനിക ആക്രമണത്തെ ന്യായീകരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ജോലി തീർത്ത് ഹമാസിന്റെ പരാജയം പൂർത്തിയാക്കുകയല്ലാതെ ഇസ്രായേലിന് മറ്റ് മാർഗമില്ല എന്നായിരുന്നു പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്. ജറുസലേമിൽ വിദേശ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ആസൂത്രിതമായ സൈനിക ആക്രമണത്തെ ന്യായീകരിച്ചുകൊണ്ട് അദ്ദേഹം രംഗത്ത് വന്നത്.
'ഗാസ പിടിച്ചടക്കുകയല്ല ഞങ്ങളുടെ ലക്ഷ്യം, ഗാസയെ സ്വതന്ത്രമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം' എന്ന നിലപാട് നെതന്യാഹു വ്യക്തമാക്കി. ഇസ്രായേലിനകത്തും പുറത്തും പദ്ധതിയെ അപലപിക്കുന്ന പ്രവണത വർധിക്കുമ്പോൾ അതിനെയൊക്കെയും 'നുണകളുടെ ആഗോള പ്രചാരണം' എന്ന് അദ്ദേഹം വിശേഷിപ്പിക്കുകയും ചെയ്‌തു.

പുതിയ ആക്രമണങ്ങളിൽ ഡസൻ കണക്കിന് പലസ്‌തീനികൾ കൊല്ലപ്പെടുകയും ഇസ്രായേലിന്റെ യുദ്ധ തന്ത്രത്തിനെതിരായ അന്താരാഷ്ട്ര വിമർശനം രൂക്ഷമാവുകയും ചെയ്യുന്നതിനിടെയാണ് ഈ സംഭവവികാസം. പ്രദേശത്തിന്റെ സ്ഥിരമായ നിയന്ത്രണം ഇസ്രായേൽ തേടുന്നുവെന്ന ആരോപണങ്ങൾ അദ്ദേഹം നിഷേധിക്കുകയും ചെയ്‌തു.
ഗാസയെ സൈനികവൽക്കരണം ഇല്ലാതാക്കുക, ഇസ്രായേലിന്റെ സുരക്ഷാ നിയന്ത്രണം മറികടക്കുന്നില്ലെന്ന് ഉറപ്പാക്കുക, ഇസ്രായേലി ഇതര സിവിലിയൻ ഭരണകൂടത്തിന്റെ കൈകളിൽ ഭരണം സ്ഥാപിക്കുക എന്നിവയാണ് അദ്ദേഹം ലക്ഷ്യങ്ങളായി പറഞ്ഞത്. കൂടാതെ ഗാസയിലേക്ക് കൂടുതൽ വിദേശ പത്രപ്രവർത്തകരെ അനുവദിക്കാൻ അദ്ദേഹം സൈന്യത്തോട് ഉത്തരവിടുകയും ചെയ്‌തു.
നിലവിലുള്ള കർശനമായ മാധ്യമ നിയന്ത്രണങ്ങളിൽ നിന്നുള്ള ശ്രദ്ധേയമായ മാറ്റത്തെയാണ് ഈ തീരുമാനം അടയാളപ്പെടുത്തുന്നത്. ഗാസയിലെ മാനുഷിക പ്രതിസന്ധിക്ക് ഹമാസിനെ തന്നെയാണ് വീണ്ടും അദ്ദേഹം കുറ്റപ്പെടുത്തുന്നത്. ആയുധം താഴെ വയ്ക്കാൻ ഹമാസ് വിസമ്മതിച്ചതിനെയും സാധാരണക്കാരെ പരിചയായി ഉപയോഗിക്കുന്നതിനെയും നെതന്യാഹു വിമർശിച്ചു.
അതിനിടെ ഗാസ മുനമ്പിൽ സഹായം തേടുന്നതിനിടെ കുറഞ്ഞത് 26 പലസ്‌തീനികൾ കൂടി കൊല്ലപ്പെട്ടുവെന്ന് ആശുപത്രികളും ദൃക്‌സാക്ഷികളും പറയുന്നു. ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഇസ്രായേലി ബന്ദികളുടെ കുടുംബങ്ങൾ പ്രദേശത്ത് സൈനിക നടപടികൾ വ്യാപിപ്പിക്കാനുള്ള പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പദ്ധതികളിൽ പ്രതിഷേധിച്ച് ഒരു പൊതു പണിമുടക്കിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്.
തെക്കൻ നഗരങ്ങളായ റഫയെയും ഖാൻ യൂനിസിനെയും വേർതിരിക്കുന്ന പുതുതായി നിർമ്മിച്ച മൊറാഗ് ഇടനാഴിക്ക് സമീപം സഹായ ട്രക്കുകൾക്കായി കാത്തിരുന്ന 10 പേർ മരിച്ചവരിൽ ഉൾപ്പെടുന്നുവെന്ന് നാസർ ആശുപത്രി അറിയിച്ചു. വടക്കൻ ഗാസയിൽ സിക്കിം ക്രോസിംഗിന് സമീപം സഹായത്തിനായി കാത്തിരുന്ന ആറ് പേരും കൊല്ലപ്പെട്ടവരിൽ അടങ്ങിയിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ ഗാസയിൽ ഇപ്പോഴും തടവിലാക്കപ്പെട്ടവരുടെ കുടുംബങ്ങളും ബന്ധുക്കളും അടുത്തയാഴ്‌ച പണിമുടക്ക് പ്രഖ്യാപിക്കാൻ കമ്പനികളോട് ആവശ്യപ്പെട്ടതോടെ, യുദ്ധം കൂടുതൽ വ്യാപിപ്പിക്കാനുള്ള സാധ്യത അന്താരാഷ്ട്ര തലത്തിലും ഇസ്രായേലിനുള്ളിലും പ്രതിഷേധം ആളിക്കത്തിക്കാൻ കാരണമായിട്ടുണ്ട്.
ശനിയാഴ്‌ച രാത്രി ടെൽ അവീവിൽ പതിനായിരക്കണക്കിന് ഇസ്രായേലികൾ ഇതുമായി ബന്ധപ്പെട്ട റാലി നടത്തിയിരുന്നു. സമീപ മാസങ്ങളിലെ ഏറ്റവും വലിയ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിലൊന്നാണിതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു, ഗാസയിൽ ആക്രമണം കടുപ്പിക്കാനുള്ള നീക്കത്തിനിടയിലാണ് ഈ സംഭവവികാസം.
ഗാസ നഗരം പിടിച്ചെടുക്കാനുള്ള തീരുമാനം പിൻവലിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ കുടുംബങ്ങളും അവരുടെ പിന്തുണക്കാരും പണിമുടക്കിലൂടെ പ്രതീക്ഷിക്കുന്നു. യുദ്ധം വ്യാപിപ്പിക്കുന്നത് തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവൻ അപകടത്തിലാക്കുമെന്ന മുന്നറിയിപ്പാണ് ഇവർ സർക്കാരിന് നൽകുന്നത്. എന്നാൽ അത് നെതന്യാഹു ചെവിക്കൊള്ളുമോ എന്നാണ് കണ്ടറിയേണ്ടത്.












Click it and Unblock the Notifications