യുഎസും ചൈനയും തമ്മിൽ പുതിയ വ്യാപാര ധാരണ; ഒന്നിച്ച് നിൽക്കാൻ ആഹ്വാനം ചെയ്‌ത് ഷിയും ട്രംപും
ന്യൂയോർക്ക്: യുഎസും ചൈനയും തമ്മിൽ പുതിയ വ്യാപാര ധാരണയിലെത്തിയതായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. വ്യാപാര രംഗത്തെ താൽക്കാലിക ധാരണ നീട്ടാനും പരിഹരിക്കപ്പെടാത്ത സാമ്പത്തിക വിഷയങ്ങളിൽ ചർച്ചകൾ തുടരാനുമാണ് ഇരു രാജ്യങ്ങളും തീരുമാനിച്ചത്. ഏറ്റവും പുതിയ സാമ്പത്തിക, വ്യാപാര ചർച്ചകൾ പുതിയ സംയുക്ത ധാരണയിലെത്തിയെന്നും ഇത് ഇരു രാജ്യങ്ങളിലെയും വ്യാപാര സ്ഥാപനങ്ങൾക്കും ജനങ്ങൾക്കും ആഗോള സമ്പദ് വ്യവസ്ഥയ്ക്കും ഗുണകരമായ വാർത്തയാണെന്നും ഷി പറഞ്ഞു.
നിലവിലുള്ള വ്യാപാര ധാരണ 2027 ജനുവരി 10 വരെ നീട്ടാൻ അമേരിക്കയും ചൈനയും തീരുമാനിച്ചതായി അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് അറിയിച്ചു. നിലവിലെ ധാരണ നവംബർ 10ന് അവസാനിക്കാനിരിക്കുകയായിരുന്നു. അവശേഷിക്കുന്ന വിഷയങ്ങളിൽ കൂടുതൽ ചർച്ചകൾ നടത്താൻ പുതിയ കാലയളവ് ഇരു രാജ്യങ്ങളിലെയും ചർച്ചാ സംഘങ്ങൾക്ക് അവസരം നൽകും. ഏറ്റവും പുതിയ ചർച്ചകളിൽ പുതിയ ധാരണകളുണ്ടായതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വ്യക്തമാക്കി.

കൂടുതൽ വിപുലമായ കരാറിലെത്തുന്നതിനായി ചർച്ചകൾ തുടരണമെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങളായി തുടരുന്ന തീരുവ തർക്കങ്ങൾ, കയറ്റുമതി നിയന്ത്രണങ്ങൾ, സാങ്കേതികവിദ്യ, വിപണി പ്രവേശനം, തന്ത്രപ്രധാന വ്യവസായങ്ങൾ തുടങ്ങിയ വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലാണ് അമേരിക്കയും ചൈനയും ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുന്നത്.
വ്യാപാരം മാത്രമല്ല ട്രംപും ഷിയും തമ്മിലുള്ള ചർച്ചകളിൽ വിഷയമായത്. എഐ, തായ്‌വാൻ, മധ്യപൂർവദേശം, യുക്രെയ്ൻ യുദ്ധം, കൊറിയൻ ഉപദ്വീപ് തുടങ്ങിയ വിഷയങ്ങളും നേതാക്കൾ ചർച്ച ചെയ്‌തു എന്നാണ് വിവരം. വികസിത സാങ്കേതികവിദ്യയിൽ അമേരിക്കയും ചൈനയും തമ്മിൽ തന്ത്രപരമായ മത്സരം തുടരുമ്പോഴും എഐ പ്രധാന ചർച്ചാ വിഷയമായി മാറിയിട്ടുണ്ട്.
തായ്‌വാൻ സ്വാതന്ത്ര്യത്തെ അമേരിക്ക എതിർക്കണമെന്നും തായ്‌വാൻ വിഷയത്തിൽ കൂടുതൽ ജാഗ്രതയോടെ ഇടപെടണമെന്നും ഷി ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണത്തിന് കൂടുതൽ അനുകൂലമായ സാഹചര്യം സൃഷ്‌ടിക്കാൻ ഇത് സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
വൈറ്റ് ഹൗസിൽ നടന്ന ഔദ്യോഗിക അത്താഴ വിരുന്നിന് മുമ്പ് ട്രംപും ഷിയും സൗഹൃദപരമായ പരാമർശങ്ങൾ നടത്തി. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ് വ്യവസ്ഥകളായ അമേരിക്കയും ചൈനയും തമ്മിൽ സ്ഥിരതയുള്ള ബന്ധം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഇരുവരും ചൂണ്ടിക്കാട്ടി. ഷി ജിൻപിങ്ങിനെയും ഭാര്യ പെങ് ലിയുവാനെയും ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും ചേർന്ന് സ്വീകരിച്ചു.
ഇരു രാജ്യങ്ങളുടെയും രാഷ്ട്രീയ സംവിധാനങ്ങൾ വ്യത്യസ്‌തമാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. എന്നാൽ അമേരിക്കൻ, ചൈനീസ് ജനങ്ങൾ തമ്മിലുള്ള ബന്ധം ദീർഘകാലമായി തുടരുന്നതായും അദ്ദേഹം പറഞ്ഞു. ചൈന സന്ദർശിച്ചപ്പോൾ ലഭിച്ച ആതിഥേയത്വത്തിന് ഷിയോട് ട്രംപ് നന്ദി അറിയിച്ചു. ഷിയുടെ അമേരിക്കൻ സന്ദർശനത്തിന് സമാനമായ ആതിഥേയത്വം തിരിച്ചുനൽകാൻ വാഷിങ്ടൺ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അമേരിക്ക ചൈന ബന്ധത്തിന്റെ ഭാവിയെക്കുറിച്ച് ഷിയും സൗഹൃദപരമായ നിലപാടാണ് സ്വീകരിച്ചത്. ഒരിക്കലും നിലച്ചുപോകാതെ ഒഴുകുന്ന നദിയെ ചരിത്രത്തോട് ഉപമിച്ച അദ്ദേഹം ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള സൗഹൃദത്തിന് വലിയ സാധ്യതകളുണ്ടെന്നും ഒരുമിച്ച് മുന്നോട്ട് പോകണമെന്നും പറഞ്ഞു. മെയിൽ ചൈന സന്ദർശിച്ചപ്പോൾ ട്രംപ് അമേരിക്കയിലേക്ക് വരാൻ ക്ഷണിച്ചിരുന്നുവെന്നും ആ ക്ഷണം സ്വീകരിച്ചാണ് ഇപ്പോഴത്തെ സന്ദർശനമെന്നും ഷി വ്യക്തമാക്കി.


Click it and Unblock the Notifications
