'ഇതാണ് ശരിയായ സമയം'; ന്യൂസിലന്‍ഡ് പ്രധാനമന്ത്രി പദം ഒഴിയും, രാജി പ്രഖ്യാപിച്ച് ജസീന്ത
വെല്ലിംഗ്ടണ്‍: ഈ വര്‍ഷം ഒക്ടോബറില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ രാജി പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. അടുത്ത മാസത്തോടെ പ്രധാനമന്ത്രി പദം ഒഴിയുമെന്ന ഞെട്ടിക്കുന്ന പ്രഖ്യാപനമാണ് ജസീന്ത നടത്തിയിരിക്കുന്നത്. വ്യാഴാഴ്ച നടന്ന പാര്‍ട്ടിയുടെ വാര്‍ഷിക കോക്കസ് മീറ്റിംഗില്‍, ഈ ജോലി ചെയ്യാന്‍ തനിക്ക് ഇനി ഊര്‍ജമില്ലെന്നും ഇതാണ് രാജിക്കുള്ള സമയമെന്നും ജസീന്ത പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു തിരഞ്ഞെടുപ്പില്‍ കൂടി മത്സരിക്കാനുള്ള ഊര്‍ജം തനിക്കില്ലെന്ന് പറഞ്ഞ ജസീന്ത ഇനി കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുമെന്നും അറിയിച്ചു. ഫെബ്രുവരി ഏഴ് വരെ പ്രധാനമന്ത്രിയായി തുടരുമെന്നാണ് ജസീന്ത അറിയിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് നടക്കുന്ന കാലയളവ് വരെ എം പിയായി തുടരുമെന്നും ജസീന്ത വ്യക്തമാക്കി.
ഞാന്‍ ഒരു മനുഷ്യനാണ്, എല്ലാ രാഷ്ട്രീയക്കാരും മനുഷ്യരാണ്. ഞങ്ങള്‍ക്ക് കഴിയുന്നിടത്തോളം കാലം ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യുന്നു. ഇപ്പോള്‍ സമയമായി. എന്നെ സംബന്ധിച്ചിടത്തോളം ഇതാണ് ശരിയായ സമയം. വേനല്‍ അവധിക്കാലത്ത് തനിക്ക് ഈ പദത്തില്‍ തുടരാനുള്ള ഊര്‍ജമുണ്ടോ എന്ന് താന്‍ ചിന്തിച്ചിരുന്നു. എതില്ലെന്ന നിഗമനത്തില്‍ എത്തിയതോടെയാണ് ഈ തീരുമാനത്തിലേക്ക് എത്തിയതെന്നും ജസീന്ത പറഞ്ഞു.
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് ജസീന്ത. 2017ല്‍ പ്രധാനമന്ത്രി പദത്തിലേക്ക് എത്തുമ്പോള്‍ ജസീന്തയ്ക്ക് പ്രായം 37 ആയിരുന്നു. കൊവിഡ്, ദേവാലയങ്ങളിലെ ഭീകരാക്രമണം തുടങ്ങിയ പല പ്രതിസന്ധി സമയത്തും ഭരണസിരാ കേന്ദ്രം കൃത്യതയോടെ മുന്നോട്ടുകൊണ്ടു പോകാന്‍ ജസീന്തയ്ക്ക് കഴിഞ്ഞിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും സംതൃപ്തമായ അഞ്ചര വര്‍ഷമായിരുന്നു ഇതെന്ന് ജസീന്ത പറഞ്ഞു. ഈ സമയത്ത് ഏറെ വെല്ലുവിളികള്‍ നേരിട്ടിരുന്നെന്നും ജസീന്ത പറയുന്നു.
അതേസമയം, അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബര്‍ 14ന് ആണ് നടക്കുക.ലേബര്‍ പാര്‍ട്ടിയെ വമ്പന്‍ ഭൂരിപക്ഷത്തിലേക്ക് എത്തിച്ച പ്രധാനമന്ത്രിയായിരുന്നു ജസീന്ത. 1996ന് ശേഷം ന്യൂസിലന്‍ഡില്‍ ആദ്യമായാണ് ഒരു കക്ഷി ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയെടുത്തത്.
തന്റെ രാജിക്ക് പിന്നില്‍ മറ്റൊരു രഹസ്യവുമില്ലെന്ന് ജസീന്ത പറയുന്നു. സജീവ രാഷ്ട്രീയം ഒഴിവാക്കി തന്റെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് ജസീന്തയുടെ തീരുമാനമെന്ന് ഏറ്റവും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications