'അനധികൃത കുടിയേറ്റക്കാരോടുള്ള മൃദുസമീപനം ഇനിയില്ല'; ഇന്ത്യക്കാരന്റെ കൊലപാതകത്തിൽ ട്രംപ്
ന്യൂയോർക്ക്: ഡാളസിൽ ഇന്ത്യക്കാരനായ ചന്ദ്ര നാഗമല്ലയ്യയെ ക്യൂബൻ കുടിയേറ്റക്കാരൻ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായി പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രതിക്കെതിരെ നിയമത്തിന്റെ പരമാവധി പരിധി വരെ വിചാരണ ചെയ്യുമെന്നും നടപടി എടുക്കുമെന്നും ട്രംപ് വാഗ്‌ദാനം ചെയ്‌തു. അമേരിക്കയെ വീണ്ടും സുരക്ഷിതമാക്കുമെന്നും അദ്ദേഹം ദൃഢപ്രതിജ്ഞയെടുത്തു. നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്ന കുടിയേറ്റ കുറ്റവാളികളോട് തന്റെ ഭരണകൂടം മൃദുസമീപനം വച്ചുപുലർത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
'ടെക്‌സാസിലെ ഡാളസിൽ വളരെ ആദരണീയനായ ചന്ദ്ര നാഗമല്ലയ്യ എന്ന വ്യക്തിയെ, ക്യൂബയിൽ നിന്നുള്ള ഒരു നിയമവിരുദ്ധ കുടിയേറ്റക്കാരൻ ഭാര്യയുടെയും മകന്റെയും മുന്നിൽ വെച്ച് ക്രൂരമായി തലയറുത്ത് കൊലപ്പെടുത്തിയതിനെക്കുറിച്ചുള്ള ഭയാനകമായ റിപ്പോർട്ടുകൾ ഞാനും അറിഞ്ഞു' ട്രൂത്ത് സോഷ്യലിൽ എഴുതിയ ഒരു പോസ്‌റ്റിൽ അദ്ദേഹം കുറിച്ചു.

സെപ്റ്റംബർ 10നാണ് ഡാളസിലെ സാമുവൽ ബൊളിവാർഡിലുള്ള ഡൗൺടൗൺ സ്യൂട്ട്സ് മോട്ടലിൽ വെച്ച് 41 വയസുള്ള നാഗമല്ലയ്യയെ മാരകമായി ആക്രമിച്ച് പ്രതി ശിരഛേദം ചെയ്‌തത്. മുപ്പത്തിയേഴുകാരനായ യോർഡാനിസ് കോബോസ്-മാർട്ടിനെസിനെയാണ് സംഭവത്തിൽ പോലീസ് അറസ്‌റ്റ് ചെയ്‌തത്. നാഗമല്ലയ്യയെ ശിരഛേദം ചെയ്‌ത് കൊല്ലപ്പെട്ടയാളുടെ തല ഒരു ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചുവെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ക്രിമിനൽ ചരിത്രമുള്ള, രേഖകളില്ലാത്ത കുടിയേറ്റക്കാരനായ, കൊലപാതകക്കേസിലെ പ്രതിയായ മാർട്ടിനെസിനെ വിട്ടയച്ചതിന് മുൻ ബൈഡൻ ഭരണകൂടത്തെ ട്രംപ് കുറ്റപ്പെടുത്തി. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ, വാഹന മോഷണം എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ഈ വ്യക്തിയെ മുമ്പ് അസ്‌റ്റ് ചെയ്‌തിരുന്നു എന്നാണ് ഡൊണാൾഡ് ട്രംപ് തന്റെ പോസ്‌റ്റിൽ പറയുന്നത്.
ഡൗണ്ടൗൺ സ്യൂട്ട്സ് മോട്ടലിൽ നിന്നുള്ള ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ക്രിമിനൽ ചരിത്രമുള്ള, അടുത്തിടെ കസ്‌റ്റഡിയിൽ നിന്ന് മോചിതനായ മാർട്ടിനെസ്, മോട്ടൽ മാനേജർ നാഗമല്ലയ്യയെ ഭാര്യയുടെയും 18 വയസ്സുള്ള മകന്റെയും മുന്നിൽ വെച്ച് വടിവാൾ ഉപയോഗിച്ച് ആക്രമിക്കുന്നതായിരുന്നു ദൃശ്യങ്ങളിൽ ഉള്ളത്.
എറെ അസ്വസ്ഥതയുളവാക്കുന്ന വീഡിയോയിൽ, മാർട്ടിനെസ് ഒരു വടിവാളുമായി ഇരയെ പിന്തുടരുന്നതും നാഗമല്ലയ്യയുടെ തലയറുത്തു കൊല്ലുന്നതുവരെ ആക്രമണം തുടരുന്നതും കാണിച്ചിരുന്നു. തുടർന്ന് അയാൾ ഇരയുടെ തല മോട്ടൽ പാർക്കിംഗ് സ്ഥലത്തേക്ക് ചവിട്ടി തെറിപ്പിക്കുകയായിരുന്നു, തുടർന്ന് അത് എടുത്ത് ഒരു കുപ്പത്തൊട്ടിയിൽ ഇടുകയായിരുന്നു.
അതിന് പിന്നാലെയാണ് പ്രതിയെ രാജ്യത്ത് നിന്ന് പുറത്താക്കാനുള്ള പ്രക്രിയ ഇമിഗ്രേഷൻ ആൻഡ് കസ്‌റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) ആരംഭിച്ചതെന്നാണ് വിവരം. യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തുടർന്ന് രേഖകളില്ലാത്ത കുടിയേറ്റക്കാരെ രാജ്യത്തേക്ക് ബൈഡൻ ഭരണകൂടം പ്രവേശിപ്പിച്ചതായി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ആരോപിച്ചിരുന്നു.
മുമ്പ് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്‌റ്റംസ് എൻഫോഴ്‌സ്‌മെന്റിന്റെ (ഐസിഇ) കസ്‌റ്റഡിയിലായിരുന്നു കേസിൽ പിടിയിലായ മാർട്ടിനെസ്. എന്നാൽ ക്യൂബ നാടുകടത്തൽ അംഗീകരിക്കാൻ വിസമ്മതിച്ചതിനാൽ ഈ വർഷം ആദ്യം ഇയാളെ വിട്ടയക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ തന്റെ കുറ്റകൃത്യങ്ങൾ നിർബാധം തുടർന്നതും നാഗമല്ലയ്യയെ കൊലപ്പെടുത്തിയതും.
അതേസമയം, നിലവിൽ കോബോസ്-മാർട്ടിനെസ് ജാമ്യമില്ലാതെ കസ്‌റ്റഡിയിൽ തുടരുകയാണ്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, പരോൾ ഇല്ലാതെ ജീവപര്യന്തം തടവോ വധശിക്ഷയോ ഇയാൾക്ക് ലഭിക്കും. സിസിടിവി ദൃശ്യങ്ങളും സാക്ഷി മൊഴികളും ഒക്കെ ഉള്ള കേസിൽ മാർട്ടിനെസിന് എതിരായ കുറ്റം തെളിയിക്കുക പ്രോസിക്യൂഷന് എളുപ്പമാവും. അത് തന്നെയാണ് ട്രംപിന്റെ വാക്കുകളും സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications