ആര്‍ച്ച്ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു, വര്‍ണവിവേചനം അവസാനിപ്പിച്ച നൊബേല്‍ ജേതാവ്
ഡര്‍ബന്‍: സമാധാന നൊബേല്‍ പുരസ്‌കാര ജേതാവും ദക്ഷിണാഫ്രിക്കന്‍ ആര്‍ച്ച്ബിഷപ്പുമായ ഡെസ്മണ്ട ടുട്ടു അന്തരിച്ചു. അദ്ദേഹത്തിന് 90 വയസ്സായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനം അവസാനിപ്പിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ഒരു തലമുറയുടെ ഏറ്റവും മികച്ച വീരേതിഹാസങ്ങളിലൊരാളെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രമഫോസ പറഞ്ഞു. ദക്ഷിണാഫ്രിക്കയെ വിമോചിപ്പിക്കുന്നതില്‍ ആര്‍ച്ച്ബിഷപ്പ് ടുട്ടു ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് രമഫോസ വ്യക്തമാക്കി. നെല്‍സണ്‍ മണ്ഡേലയുടെ സമകാലീനന്‍ കൂടിയായിരുന്നു ടുട്ടു. അദ്ദേഹത്തിനൊപ്പം വര്‍ണവിവേചന വിരുദ്ധ സമരങ്ങളുടെയും ഭാഗമായിട്ടുണ്ട് ടുട്ടു.

ദക്ഷിണാഫ്രിക്കയില്‍ വെള്ളക്കാരുടെ സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു വര്‍ണവിവേചന നിയമങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടമായിരുന്നു ഇവര്‍ നടത്തിയത്. 1948 മുതല്‍ 1991 വരെയായിരുന്നു ദക്ഷിണാഫ്രിക്കയില്‍ വെള്ളക്കാരുടെ സര്‍ക്കാര്‍ ഉണ്ടായിരുന്നത്. 1984ലാണ് ഡെസ്മണ്ട് ടുട്ടുവിന് നൊബേല്‍ സമ്മാനം ലഭിക്കുന്നത്. വര്‍ണവിവേചന സമ്പ്രദായത്തിനെതിരെയുള്ള പോരാട്ടത്തെ തുടര്‍ന്നാണ് പുരസ്‌കാരം അദ്ദേഹത്തിന് നല്‍കിയത്. നേരത്തെ വര്‍ണവിവേചന കാലത്തെ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായിരുന്നു എഫ്ഡബ്ല്യു ഡി ക്ലര്‍ക്ക് മരിച്ച് ആഴ്ച്ചകള്‍ പിന്നിടും മുമ്പാണ് ടുട്ടുവിന്റെയും വിയോഗം. ദക്ഷിണാഫ്രിക്കയില്‍ ഒന്നാകെ സ്വാധീനം ചെലുത്തിയ ആത്മീയ നേതാവായിരുന്നു ടുട്ടുവെന്ന് രമഫോസ പറഞ്ഞു.
ആഗോള തലത്തില്‍ തന്നെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന നേതാവായി ടുട്ടു അറിയപ്പെട്ടിരുന്നു. ഒരേസമയം മികച്ചൊരു രാജ്യസ്‌നേഹി കൂടിയായിരുന്നു അദ്ദേഹം. വര്‍ണവിവേചനത്തിനെതിരെ ഒരിക്കലും ചോരാത്ത വീര്യമുള്ള, ആരുടെ മുന്നിലും വഴങ്ങാത്ത വ്യക്തിയായിരുന്നു ടുട്ടുവെന്ന് രമഫോസ വ്യക്തമാക്കി. നെല്‍സണ്‍ മണ്ഡേല ഫൗണ്ടേഷന്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു. മനുഷ്യ സമൂഹത്തിന്റെ സ്വതന്ത്രമായ ഭാവിയാണ് ടുട്ടു സ്വപ്‌നം കണ്ടിരുന്നത്. അതിന് വേണ്ടിയാണ് അനീതിക്കെതിരെ അദ്ദേഹം രാജ്യത്തും ആഗോള തലത്തിലും പൊരുതിയതെന്നും നെല്‍സണ്‍ മണ്ഡേല ഫൗണ്ടേഷന്‍ പറഞ്ഞു.
വെള്ളക്കാരുടെ സര്‍ക്കാരിനെ നാസികളുമായിട്ടാണ് ടുട്ടു താരതമ്യം ചെയ്തിരുന്നത്. ജീവിതത്തില്‍ ഉടനീളം ധാര്‍മികതയും സത്യസന്ധതയും ഉയര്‍ത്തി പിടിച്ച വ്യക്തിയായിരുന്നു ടുട്ടു. ആര്‍ച്ച് എന്നായിരുന്നു അദ്ദേഹത്തെ പ്രിയപ്പെട്ടവര്‍ വിളിച്ചിരുന്നത്. 2010ലെ ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ ലോകകപ്പ് വേദിയില്‍ ഉറക്കെ ചിരിക്കുകയും നൃത്തം ചെയ്യുകയുമൊക്കെ ചെയ്ത ടുട്ടു വലിയ ശ്രദ്ധ നേടിയിരുന്നു. വികാരങ്ങളെ പൊതുമധ്യത്തില്‍ കാണിക്കാന്‍ ഒരിക്കലും ഭയന്നിരുന്നില്ല അദ്ദേഹം. വര്‍ണ വിവേചന കാലത്തിന് ശേഷം വന്ന സര്‍ക്കാരുകളെയും ടുട്ടു വിമര്‍ശിച്ചിരുന്നു. അതുകൊണ്ട് തന്നെ രാഷ്ട്രീയ എതിര്‍പ്പുകളും അദ്ദേഹം നേരിട്ടിരുന്നു. മണ്ഡേല പ്രസിഡന്റായപ്പോള്‍ വെളുത്ത വര്‍ഗക്കാര്‍ ചെയ്തിരുന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ചത് ടുട്ടുവിനെയാണ്.












Click it and Unblock the Notifications