സാമ്പത്തിക ശാസ്ത്ര നോബൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പുരസ്‌കാര നേട്ടം
ഓസ്ലോ: 2026ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം റോബർട്ട് ഇ ഹാളിനും മൈക്കൽ വുഡ്‌ഫോർഡിനും ലഭിച്ചു. സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനുള്ള നയങ്ങളുടെ സൂക്ഷ്‌മ സാമ്പത്തിക അടിത്തറയെക്കുറിച്ചുള്ള പഠനങ്ങളാണ് ഇരുവരെയും പുരസ്‌കാരത്തിന് അർഹരാക്കിയത്. സാമ്പത്തിക രംഗത്തെ വലിയ ചാഞ്ചാട്ടങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന നയങ്ങൾ രൂപപ്പെടുത്തുന്നതിൽ നിർണായകമായ സംഭാവനകളാണ് ഇരുവരും നൽകിയത്.
സാമ്പത്തിക പ്രതിസന്ധികളും വിപണിയിലെ മാറ്റങ്ങളും നേരിടാൻ സർക്കാരുകൾക്ക് കൂടുതൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ സഹായിക്കുന്ന പുതിയ സാമ്പത്തിക മാതൃകകൾ ഇരുവരും വികസിപ്പിച്ചു. നികുതി, സർക്കാർ ചെലവ് തുടങ്ങിയ ധനകാര്യ നടപടികളും പലിശനിരക്കുമായി ബന്ധപ്പെട്ട പണനയങ്ങളും എപ്പോൾ നടപ്പാക്കണമെന്നത് കൃത്യമായി തീരുമാനിക്കാൻ ഇത്തരം മാതൃകകൾ നയരൂപീകരണ വിദഗ്‌ധരെ സഹായിക്കും. സാമ്പത്തിക രംഗത്തെ പെട്ടെന്നുള്ള മാറ്റങ്ങളുടെ ആഘാതം കുറച്ച് സ്ഥിരത കൈവരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പുരസ്‌കാരത്തുകയായി 1.2 കോടി സ്വീഡിഷ് ക്രോണർ ലഭിക്കും. ഇത് ഏകദേശം 12 ലക്ഷം അമേരിക്കൻ ഡോളറിന് തുല്യമാണ്. ഇന്ത്യൻ രൂപ 11.48 കോടിയോളം വരുമിത്. ഈ വർഷം പ്രഖ്യാപിക്കുന്ന അവസാനത്തെ നൊബേൽ പുരസ്‌കാരമാണിത്. നേരത്തെ സാഹിത്യം, സമാധാനം, രസതന്ത്രം, ഭൗതിക ശാസ്ത്രം ഇംന്നീ മേഖലകളിലെ പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നു.
റോബർട്ട് ഇ ഹാളിനെയും മൈക്കൽ വുഡ്‌ഫോർഡിനെയും അറിയാം
1943ൽ അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തെ പാലോ ആൾട്ടോയിലാണ് റോബർട്ട് ഇ ഹാൾ ജനിച്ചത്. സ്‌റ്റാൻഫോർഡ് സർവകലാശാലയിലെ പ്രൊഫസറാണ് അദ്ദേഹം. സാമ്പത്തിക ശാസ്ത്രത്തിലെ വിവിധ മേഖലകളിൽ ഗവേഷണം നടത്തിയിട്ടുള്ള ഹാളിന്റെ പഠനങ്ങൾ സാമ്പത്തിക നയങ്ങൾ രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ ശ്രദ്ധേയമാണ്.
1955ൽ അമേരിക്കയിലെ മസാച്യുസെറ്റ്സ് സംസ്ഥാനത്തെ ചികോപ്പിയിലാണ് മൈക്കൽ വുഡ്‌ഫോർഡ് ജനിച്ചത്. കൊളംബിയ സർവകലാശാലയിലെ പ്രൊഫസറാണ് അദ്ദേഹം. സാമ്പത്തിക വ്യവസ്ഥകളുടെ പ്രവർത്തനവും കേന്ദ്ര ബാങ്കുകളുടെ നയങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനങ്ങളിലൂടെ അദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്.
സാമ്പത്തിക വ്യവസ്ഥകളിൽ മാറ്റങ്ങൾ സംഭവിക്കുമ്പോൾ അവ എങ്ങനെ പ്രതികരിക്കുന്നു എന്നും സാമ്പത്തിക സ്ഥിരത ഉറപ്പാക്കാൻ നയരൂപീകരണ വിദഗ്‌ധർക്ക് എന്തെല്ലാം ചെയ്യാനാകുമെന്നും വിശദീകരിക്കുന്ന തത്വങ്ങളിലാണ് ഇരുവരുടെയും ഗവേഷണങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സാമ്പത്തിക രംഗത്തെ മാറ്റങ്ങൾ മുൻകൂട്ടി വിലയിരുത്താനും അതിനനുസരിച്ച് നടപടികൾ സ്വീകരിക്കാനും സഹായിക്കുന്ന പഠനങ്ങളാണിവ.
ആൽഫ്രഡ് നൊബേലിന്റെ സ്‌മരണാർഥം സാമ്പത്തിക ശാസ്ത്രത്തിൽ നൽകുന്ന സ്വെറിക്‌സ് റിക്‌സ് ബാങ്ക് പുരസ്‌കാരം എന്നതാണ് ഈ പുരസ്‌കാരത്തിന്റെ ഔദ്യോഗിക നാമം. 1968ലാണ് ഇത് സ്ഥാപിച്ചത്. സ്വീഡനിലെ സ്‌റ്റോക്ക്ഹോം ആസ്ഥാനമായ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസാണ് പുരസ്‌കാരം നൽകുന്നത്.
സാമ്പത്തിക ഗവേഷണ രംഗത്ത് നിർണായക സംഭാവനകൾ നൽകിയ വ്യക്തികളെയാണ് ഈ പുരസ്‌കാരത്തിലൂടെ ആദരിക്കുന്നത്. സാമ്പത്തിക വ്യവസ്ഥകൾ എങ്ങനെ പ്രവർത്തിക്കുന്നു, വിപണിയിലെ മാറ്റങ്ങൾ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നു, സാമ്പത്തിക നയങ്ങൾ വഴി സ്ഥിരത എങ്ങനെ കൈവരിക്കാം തുടങ്ങിയ വിഷയങ്ങളിൽ മനുഷ്യരുടെ അറിവ് വർധിപ്പിക്കുന്ന പഠനങ്ങൾക്കാണ് പുരസ്‌കാരം നൽകുന്നത്.


Click it and Unblock the Notifications
