ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു
ന്യൂഡൽഹി: ഏഴ് വർഷത്തിന് ശേഷം ഇറാനിൽ ഇന്ത്യയിലേക്ക് എണ്ണയെത്തി. ലണ്ടൻ സ്‌റ്റോക്ക് എക്സ്ചേഞ്ച് ഗ്രൂപ്പ് (എൽഎസ്ഇജി) കപ്പൽ ട്രാക്കിംഗ് ഡാറ്റ പ്രകാരം, ഇറാനിയൻ എണ്ണയുമായി രണ്ട് വിഎൽസിസികൾ ഇന്ത്യൻ തുറമുഖങ്ങളിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ മാസം അമേരിക്ക അനുവദിച്ച താൽക്കാലിക ഇളവ് ഉപയോഗിച്ച് ഇന്ത്യൻ റിഫൈനറികൾ ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് എണ്ണ വാങ്ങൽ പുനരാരംഭിച്ചതിന് പിന്നാലെയാണിത്.
ഈ ഇളവ് ഏപ്രിൽ 19-ന് അവസാനിക്കും. ലഭ്യമായ ഡാറ്റ അനുസരിച്ച്, ഇറാൻ പതാകയുള്ള 'ഫെലിസിറ്റി' സിക്ക തുറമുഖത്തും, കുറാക്കാവോ പതാകയുള്ള 'ജയ' ഒഡീഷ തുറമുഖത്തും എത്തി. ഒരു വിഎൽസിസിക്ക് 2 ദശലക്ഷം ബാരൽ വഹിക്കാൻ കഴിയും. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി ഉള്ള രാജ്യവും ഉപഭോക്താവുമാണ് ഇന്ത്യ. എന്നാൽ, യുഎസ് സമ്മർദ്ദം കാരണം 2019 മെയ് മുതൽ ഇറാനിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങിയിരുന്നില്ല.

അതിനിടെ രാജ്യത്തെ മുൻനിര ശുദ്ധീകരണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) യുഎസ് ഉപരോധത്തിലുള്ള 'ജയ' വഴി ഇറാനിയൻ എണ്ണ വാങ്ങിയിരുന്നു. ഇളവിന് പിന്നാലെയായിരുന്നു ഈ നീക്കം. തുടർന് ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയുടെ നടത്തിപ്പുകാരായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിനും ഇറാനിയൻ എണ്ണ വാങ്ങാൻ അനുമതി ലഭിച്ചു.
'കവിസ്' (കൊമോറോസ് പതാകയുള്ള അഫ്രാമാക്‌സ്), 'ലെനോർ' (കുറാക്കാവോ പതാകയുള്ള വിഎൽസിസി), 'ഫെലിസിറ്റി', 'ഹെഡി' (ഇറാൻ പതാകയുള്ള വിഎൽസിസികൾ) എന്നിവയാണ് അവർ ഉപയോഗിക്കുന്ന കപ്പലുകൾ. ഇവയെല്ലാം 20 വർഷത്തിൽ കൂടുതൽ പഴക്കമുള്ളതും യുഎസ് ഉപരോധത്തിലുള്ളതുമാണ്.
അതേസമയം, ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകൾക്ക് ചുങ്കം ഈടാക്കിയിട്ടില്ലെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ അറിയിച്ചു. ന്യൂഡൽഹിയും ഇത് ശരിവെക്കുന്നു. സുരക്ഷിത യാത്രക്ക് ഇന്ത്യ പണം നൽകിയിട്ടില്ലെന്ന് അവകാശപ്പെടുന്നതിനിടെ, നിലവിലെ പ്രതിസന്ധിയിൽ കുറഞ്ഞത് 15 ഇന്ത്യൻ കപ്പലുകൾ പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നതാണ് ആശങ്ക ഉണ്ടാക്കുന്ന കാര്യം.
ഹോർമുസ് കടലിടുക്കിൽ യുഎസ് സൈന്യം ഉപരോധം ഏർപ്പെടുത്തിയതോടെ ഇവിടെ സ്ഥിതി വഷളാണ്. ലോകത്തിലെ ഈ തന്ത്രപ്രധാന സമുദ്രപാതയിൽ, (ഇന്ത്യൻ സമയം രാത്രി 7:30 മുതൽ നിലവിൽ വന്ന ഉപരോധത്തിനും സജീവമായ ഒരു സംഘർഷ മേഖലയ്ക്കും ഇടയിലായി 15 ഇന്ത്യൻ പതാകയുള്ളതും ഉടമസ്ഥതയിലുള്ളതുമായ കപ്പലുകളാണ് ഇപ്പോൾ കുടുങ്ങിക്കിടക്കുന്നത്.
ഹോർമുസ് കടലിടുക്ക് കേവലമൊരു കപ്പൽപ്പാതയല്ല. ലോക എണ്ണ വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഈ ഇടുങ്ങിയ ജലപാതയിലൂടെ കടന്നുപോകുന്നതിനാൽ, ഇത് ആഗോള ഊർജ്ജ വ്യാപാരത്തിലെ ഏറ്റവും നിർണായകമായ തന്ത്രപ്രധാന മേഖലയാണ്. ചില രാജ്യങ്ങളുടെ കപ്പലുകൾക്ക് ഇളവ് നൽകിയാൽ പോലും, കടലിടുക്കിലെ ഗതാഗതം താൽക്കാലികമായി നിർത്തുന്ന ഒരു ഉപരോധം ഉണ്ടായാൽ അത് വലിയ രീതിയിൽ ബാധിക്കും.












Click it and Unblock the Notifications