ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് സന്നദ്ധത പ്രകടിപ്പിച്ച് പാക് പ്രധാനമന്ത്രി; നീക്കം ഇറാൻ സന്ദർശന വേളയിൽ
ടെഹ്‌റാൻ: ഇന്ത്യയുമായി സമാധാന ചർച്ചകൾ നടത്താൻ സന്നദ്ധത പ്രകടിപ്പിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. തന്റെ നാല് രാഷ്ട്ര പര്യടനത്തിന്റെ രണ്ടാം പാദത്തിൽ ടെഹ്‌റാനിൽ എത്തിയപ്പോഴാണ് ഷെരീഫ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്. കശ്‌മീർ വിഷയം, ഭീകരവാദം, ജലം, വ്യാപാരം എന്നിവയുൾപ്പെടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി ചർച്ച നടത്താമെന്നാണ് പാക് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് തുർക്കിയിൽ നിന്നാണ് ഇറാൻ തലസ്ഥാനത്തേക്ക് പോയത്. അവിടെ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ അദ്ദേഹത്തെ സാദാബാദ് കൊട്ടാരത്തിൽ സ്വീകരിച്ചു. ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ഷെരീഫ്, പ്രസിഡന്റ് പെസെഷ്‌കിയാനുമായി ചർച്ച നടത്തി. സമാധാനത്തിനായി ഇന്ത്യയുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് പെസെഷ്‌കിയാനുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ ഷെരീഫ് പറഞ്ഞു.

'കശ്‌മീർ പ്രശ്‌നവും ജല പ്രശ്‌നവും ഉൾപ്പെടെയുള്ള എല്ലാ തർക്കങ്ങളും ചർച്ചകളിലൂടെ പരിഹരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടാതെ വ്യാപാരം, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിൽ അയൽക്കാരുമായി സംസാരിക്കാനും ഞങ്ങൾ തയ്യാറാണ്' അദ്ദേഹം പറഞ്ഞു. മാത്രമല്ല ഇന്ത്യ യുദ്ധത്തിന്റെ പാത തിരഞ്ഞെടുത്താൽ തിരിച്ചടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
'പക്ഷേ അവർ ആക്രമണകാരികളായി തുടരാൻ തീരുമാനിച്ചാൽ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചെയ്‌തതുപോലെ നമ്മുടെ പ്രദേശം നമ്മൾ സംരക്ഷിക്കും. പക്ഷേ അവർ എന്റെ സമാധാന വാഗ്‌ദാനം സ്വീകരിച്ചാൽ, നമ്മൾ സമാധാനം ആഗ്രഹിക്കുന്നുവെന്ന് കാണിക്കും, അതും അർഹമായ ഗൗരവത്തോടെയും ആത്മാർത്ഥതയോടെയും' ഷെരീഫ് പറയുന്നു.
ഇന്ത്യയുമായുള്ള നാല് ദിവസത്തെ യുദ്ധത്തിൽ നിന്ന് തന്റെ രാജ്യം വിജയിച്ചുവെന്നും ഷെരീഫ് അവകാശപ്പെട്ടു. അതിനിടെ പാകിസ്ഥാൻ അധിനിവേശ കശ്‌മീരിന്റെ തിരിച്ചുനൽകലിലും ഭീകരവാദ പ്രശ്‌നത്തിലും മാത്രമേ പാകിസ്ഥാനുമായി ചർച്ച നടത്തുകയുള്ളൂ എന്ന് ഇന്ത്യ നേരത്തെ തന്നെ തങ്ങളുടെ നയം വ്യക്തമാക്കിയിട്ടുണ്ട്.
ഏപ്രിൽ 22-ന് നടന്ന പഹൽഗാം ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായത്. ബൈസരൻ താഴ്‌വരയിൽ എത്തിയ വിനോദ സഞ്ചാരികളാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും. ക്രൂരമായ ആക്രമണമാണ് ഇവിടെ ഭീകരർ അഴിച്ചുവിട്ടത്.
തുടർന്ന് മെയ് 7-ന് പുലർച്ചെ പാകിസ്ഥാൻ, പാക് കശ്‌മീര്‍ എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങളിൽ ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ ശക്തമായ ആക്രമണം നടത്തി. തുടർന്ന് മെയ് 8, 9, 10 തീയതികളിൽ ഇന്ത്യൻ സൈനിക താവളങ്ങൾ ആക്രമിക്കാൻ പാകിസ്ഥാൻ ശ്രമിച്ചതോടെ, പാകിസ്ഥാൻ നടപടികളോട് ഇന്ത്യൻ സൈന്യം ശക്തമായി പ്രതികരിച്ചിരുന്നു. പാക് വ്യോമ താവളങ്ങൾ ഉൾപ്പെടെ ഇന്ത്യ തകർത്തിരുന്നു.












Click it and Unblock the Notifications