രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു, ഇമ്രാന്‍ ഖാന്റെ പിടിഐയെ പാകിസ്താന്‍ നിരോധിക്കും
ഇസ്ലാമാബാദ്: ഇമ്രാന്‍ ഖാന്റെ തെഹ്രീകെ ഇ ഇന്‍സാഫിനെ പാകിസ്താന്‍ സര്‍ക്കാര്‍ നിരോധിക്കും. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാണ് സര്‍ക്കാരിന്റെ ആരോപണം. മെയ് ഒന്‍പതിന് അന്താരാഷ്ട്ര നാണ്യനിധി(ഐഎംഎഫ്)യുമായുള്ള പാകിസ്താന്റെ കരാര്‍ അട്ടിമറിക്കാന്‍ മെയ് ഒന്‍പതിന് പിടിഐയിലെ നേതാക്കള്‍ ശ്രമിച്ചുവെന്നാണ് ഐടി മന്ത്രി അത്താവുള്ള തരാര്‍ പറയുന്നത്.
ഈ സംഭവത്തില്‍ പിടിഐ പങ്ക് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അവരെ നിരോധിക്കാന്‍ തീരുമാനിച്ചതെന്നും തരാര്‍ പറഞ്ഞു. പിടിഐയെ നിരോധിക്കാന്‍ മതിയായ തെളിവുകളുണ്ട്. ഇമ്രാന്‍ ഖാനെതിരെ രാജ്യരഹസ്യങ്ങല്‍ ചോര്‍ത്തിയ സംഭവത്തിലും കലാപത്തിന് ആഹ്വാനം ചെയ്ത സംഭവത്തിലും ആരോപണങ്ങള്‍ നേരിടുന്നുണ്ട്.

അതേസമയം പിടിഐയെ നിരോധിക്കാനുള്ള തീരുമാനം മന്ത്രിസഭയുടെ മുന്നില്‍ കൊണ്ടുവരും. വേണ്ടി വന്നാല്‍ സുപ്രീം കോടതിയുടെ അനുമതിയും തേടുമെന്ന് ഐടി മന്ത്രി വ്യക്തമാക്കി. പിടിഐക്ക് ദേശീയ അസംബ്ലിയില്‍ സംവരണം നല്‍കിയ നടപടിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാനും തീരുമാനിച്ചു.
പിടിഐ സംവരണത്തിനായി ആവശ്യപ്പെട്ടിരുന്നില്ല. എന്നിട്ട് പോലും അത് അനുവദിച്ചുവെന്ന് അത്താവുള്ള തരാര്‍ പറഞ്ഞു. ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം 2022ല്‍ നടന്ന സമയത്ത് നിയമസഭകളെ പിരിച്ചുവിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെയും നടപടിയെടുക്കാന്‍ തീരുമാനിച്ചു.
അന്നത്തെ പ്രധാനമന്ത്രി, പ്രസിഡന്റ് ആല്‍വി, ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി എന്നിവര്‍ക്കെതിരെയാണ് നടപടിയെടുക്കുക. നിലവില്‍ ഇമ്രാന്‍ ഖാന്‍ ഒരു വര്‍ഷത്തിലേറെയായി ജയിലിലാണ്. താന്‍ വീണ്ടും അധികാരത്തിലെത്തുന്നത് തടയാന്‍ വേണ്ടിയാണ് ജയിലിലിട്ടതെന്നാണ് ഇമ്രാന്‍ ഖാന്‍ ആരോപിക്കുന്നത്. കഴിഞ്ഞയാഴ്ച്ച സുപ്രീം കോടതി പിടിഐക്ക് ഇളവുകള്‍ നല്‍കിയ വിധി വളരെ വിവാദമായിരുന്നു. ഇമ്രാന്‍ ഖാന്റെ നിയമവിരുദ്ധമായ വിവാഹത്തിലെ ശിക്ഷാ വിധി കോടതി പിന്‍വലിച്ചിരുന്നു.












Click it and Unblock the Notifications