ഇസ്രായേൽ സൈനികരുടെ മുഖത്തടിച്ച കുറ്റത്തിന് പലസ്തീന്‍ ആക്ടിവിസ്റ്റ് അഹദ് തമീമിക്ക് എട്ടുമാസം തടവ്
വെസ്റ്റ് ബാങ്ക്: അതിക്രമങ്ങളെ ചെറുത്തുനില്‍ക്കുന്നതിനിടെ ഇസ്രായേല്‍ സൈനികരുടെ മുഖത്തടിച്ച് ലോകപ്രശസ്തയായ പലസ്തീനി ആക്ടിവിസ്റ്റ് അഹദ് തമീമിയെ എട്ട് മാസം തടവിന് ഇസ്രായേല്‍ സൈനിക കോടതി ശിക്ഷിച്ചു. കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തില്‍ പ്രോസിക്യൂട്ടറുമായി നടന്ന ധാരണയിലാണ് തടവിന് വിധിച്ചത്. രണ്ട് ഇസ്റായേലി സൈനികരെ മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ 19നാണ് അഹദ് തമീമിയെയും മാതാവ് നുറൈമാനെയും ബന്ധുവായ നൗറിനെയും സൈന്യം അറസ്റ്റ് ചെയ്തത്.
അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ നബി സാലിഹിലെ വീട്ടിലേക്ക് രാത്രി അതിക്രമിച്ചുകയറി മൂവരെയും പിടികൂടുകയായിരുന്നു. ഇതിനെതിരായ ചെറുത്തുനില്‍പ്പിനിടെ ഇസ്രായേല്‍ സൈനികരെ അടിക്കുകയും തൊഴിക്കുകയും ചെയ്യുന്ന തമീമിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ തരംഗമായിരുന്നു.
റാമല്ലക്ക് സമീപമുള്ള ഇസ്റാഈല്‍ സൈനിക കോടതിയിലാണ് ശിക്ഷ പ്രഖ്യാപിച്ചത്.

പ്രോസിക്യൂട്ടറും പ്രതിഭാഗവുമായി നടന്ന ധാരണയെ തുടര്‍ന്നാണിത്. തടവ് കാലാവധി പൂര്‍ത്തിയാവുന്നതോടെ കേസ് അവസാനിക്കും. അറസ്റ്റ് ചെയ്തത് മുതലുള്ള ദിവസങ്ങള്‍ തടവ് കാലാവധിയായി പരിഗണിക്കുമെന്ന് അഹദ് തമീമിയുടെ അഭിഭാഷക ഗാബി ലാസ്‌കി പറഞ്ഞു. തനിക്കെതിരേ ചുമത്തിയ 12 കേസുകളില്‍ നാലെണ്ണം തമീമി സമ്മതിച്ചു.
1,500 ഡോളര്‍ പിഴയായി കോടതിയില്‍ അടക്കണം. സൈനികര്‍ക്കെതിരേ കല്ലെറിയാന്‍ പ്രേരിപ്പിച്ചതുള്‍പ്പെടെയുള്ള മറ്റു കേസുകള്‍ പ്രോസിക്യൂട്ടര്‍ പിന്‍വലിച്ചുവെന്ന് ഗാബി ലാസ്‌കി പറഞ്ഞു.ഇസ്റായേല്‍ അധിനിവേശത്തിന് കീഴില്‍ നീതിയില്ലെന്നും ഈ കോടതി അനധികൃതമാണെന്നും അഹദ് തമീമി ജഡ്ജിക്കു മുന്നില്‍ പറഞ്ഞതായി അവരുടെ പിതാവ് ബസ്സം തമീമി പറഞ്ഞു.
ഇസ്രായേല്‍ സൈനികര്‍ക്കെതിരേ കല്ലേറ് നടത്തി, സൈനികരെ അക്രമിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങി 12 കുറ്റങ്ങളാണ് തമീമിക്കെതിരേ ഇസ്രായേല്‍ കോടതി ചുമത്തിയിരിക്കുന്നത്. ഇസ്രായല്‍ സൈന്യത്തിന്റെ ആക്രമണങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പിന്റെ പ്രതീകമായാണ് അഹദ് തമീമിയെ ഫലസ്തീനികള്‍ കാണുന്നത്. നേരത്തെ തമീമിക്ക് സൈനിക കോടതി ജാമ്യം നിഷേധിച്ചിരുന്നു.












Click it and Unblock the Notifications