പഞ്ചഷിറിലെ സിംഹങ്ങള്‍ വീണു; താഴ്‌വര പിടിച്ച് താലിബാന്‍ കൊടിനാട്ടി... സാലിഹും മസൂദും മുങ്ങി
കാബൂള്‍: വടക്കന്‍ സഖ്യത്തിന്റെ ശക്തികേന്ദ്രമായ പഞ്ചഷിര്‍ താഴ്‌വര പിടിച്ചടക്കിയെന്ന് താലിബാന്‍. താഴ്‌വരയിലെ ഗവര്‍ണറുടെ ഓഫീസിന് പുറത്ത് താലിബാന്റെ കൊടി നാട്ടി. ദിവസങ്ങളായി ഇവിടെ യുദ്ധം നടന്നുവരികയായിരുന്നു. നേരത്തെ ഒരു ശക്തികള്‍ക്ക് മുമ്പിലും കീഴൊതുങ്ങാത്ത ചരിത്രമുള്ളവരാണ് വടക്കന്‍ സഖ്യത്തിന്റെ നേതാക്കള്‍. എന്നാല്‍ ഏറ്റവും ഒടുവില്‍ നടന്ന ശക്തമായ യുദ്ധത്തില്‍ വടക്കന്‍ സഖ്യത്തിലെ പ്രധാനികളെല്ലാം കൊല്ലപ്പെട്ടു. ചിലര്‍ രക്ഷപ്പെട്ടു. വൈസ് പ്രസിഡന്റ് അംറുല്ല സാലിഹ് അജ്ഞാത കേന്ദ്രത്തിലേക്ക് രക്ഷപ്പെട്ടു.
പഞ്ചഷിര്‍ സ്വതന്ത്രമായി എന്നും അഫ്ഗാനിസ്താന്‍ മുഴുവന്‍ ഞങ്ങളുടെ നിയന്ത്രണത്തിലായെന്നും എല്ലാവര്‍ക്കും സ്വതന്ത്ര്യത്തോടെ ജീവിക്കാമെന്നും താലിബാന്‍ നേതാവ് സബീഹുല്ലാ മുജാഹിദ് പ്രഖ്യാപിച്ചു. ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നുമുള്ള വടക്കന്‍ സഖ്യത്തിന്റെ നേതാവ് അഹമ്മദ് മസൂദിന്റെ ആവശ്യം താലിബാന്‍ തള്ളി. വിശദാംശങ്ങള്‍ ഇങ്ങനെ...

വടക്കന്‍ സഖ്യത്തിന് കനത്ത നാശം വിതച്ചായിരുന്നു താലിബാന്റെ അവസാന നീക്കങ്ങള്‍. പ്രമുഖരായ നേതാക്കളെല്ലാം കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. വക്താവ് ഫഹീം ദസ്തി, ഗുല്‍ ഹൈദര്‍ ഖാന്‍, മുനിബ് അമീരി, അഹമ്മദ് ഷാ മസൂദിന്റെ ബന്ധു വദൂദ് എന്നിവരെല്ലാം കൊല്ലപ്പെട്ടു. സൈന്യത്തിലെ പ്രധാനികള്‍ കൊല്ലപ്പെട്ടതോടെ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹ് മുങ്ങി. അദ്ദേഹം അജ്ഞാത കേന്ദ്രത്തിലേക്ക് പോയി എന്നാണ് റിപ്പോര്‍ട്ടുകള്‍.

വടക്കന്‍ സഖ്യ സേനയുടെ വക്താവായിരുന്നു ദസ്തി. കൂടാതെ ജമാഅത്തെ ഇസ്ലാമിയുടെ മുതിര്‍ന്ന അംഗവുമായിരുന്നു. അഫ്ഗാന്‍ ജേണലിസ്റ്റ് ഫെഡറേഷന്റെ അംഗവുമായിരുന്നു അദ്ദേഹം. അംറുല്ലാ സാലിഹ് താമസിച്ച വീട് താലിബാന്‍ ഹെലികോപ്റ്ററുകള്‍ ബോംബിട്ട് തകര്‍ത്തു. പക്ഷേ, അദ്ദേഹം തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അംറുല്ലാ സാലിഹും അഹമ്മദ് മസൂദും താജിക്കിസ്താനിലേക്ക് കടന്നു എന്നാണ് വിവരം.

താലിബാന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പഞ്ചഷിര്‍ താഴ്‌വര പിടിച്ചതുമായി ബന്ധപ്പെട്ട വിവരണങ്ങളാല്‍ നിറയുകയാണ്. വാലിയിലെ ഗവര്‍ണറുടെ ഓഫീസിന് പുറത്ത് താലിബാന്റെ കൊടി നാട്ടിയ ചിത്രങ്ങളും അവര്‍ പുറത്തുവിട്ടു. മലകളാല്‍ ചുറ്റപ്പെട്ട പ്രദേശമാണ് പഞ്ചഷിര്‍. ഇടുങ്ങിയ ഒരു വഴിയിലൂടെയാണ് ഇവിടേക്ക് പ്രവേശിക്കാനാകുക. വ്യത്യസ്തമായ ഭൂപ്രദേശമായതിനാല്‍ വാലിയിലുള്ളവരെ സൈനികമായി പരാജയപ്പെടുത്താന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിരുന്നില്ല.

അധിനിവേശ കാലത്ത് സോവിയറ്റ് സൈന്യം പഞ്ചഷിര്‍ താഴ്‌വര പിടിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. 1996ല്‍ താലിബാന്‍ അധികാരത്തില്‍ വന്നപ്പോഴും ഇവരെ കീഴടക്കാന്‍ സാധിച്ചിരുന്നില്ല. 20 വര്‍ഷത്തെ അമേരിക്കന്‍ അധിനിവേശം അവസാനിച്ച പിന്നാലെ അഫ്ഗാന്റെ ഭരണം താലിബാന്‍ പിടിച്ചത് ഇക്കഴിഞ്ഞ ആഗസ്റ്റ് 15നാണ്. പിന്നീടാണ് അവര്‍ പഞ്ചഷിറിലേക്ക് സൈനിക നീക്കം നടത്തിയത്. മൂന്നാഴ്ച പിന്നിടുമ്പോള്‍ പഞ്ചഷിറും താലിബാന് കീഴടങ്ങിയിരിക്കുകയാണ്.
നടന്‍ ബാലയുടെ വിവാഹ ചിത്രങ്ങള്‍ വൈറല്‍; സന്തോഷം നിറഞ്ഞ് ബാല-എലിസബത്ത് ദമ്പതികള്‍

അതേസമയം പാകിസ്താന്റെ സൈന്യത്തിന്റെ സഹായമാണ് താലിബാന് വിജയം കൈവരിക്കാന്‍ സഹായിച്ചത് എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. പാക് വ്യോമ സേനയാണ് താലിബാനെ സഹായിച്ചതത്രെ. പഞ്ചഷിറിലേക്കുള്ള റോഡ് നേരത്തെ താലിബാന്‍ ഉപരോധിച്ചിരുന്നു. ഇതോടെ അവശ്യവസ്തുക്കള്‍ വാലിയിലുള്ളവര്‍ക്ക് കിട്ടാതായി. നേരത്തെ ഇവരെ സഹായിച്ചിരുന്ന അമേരിക്കന്‍ സൈന്യം ഇപ്പോള്‍ അഫ്ഗാനിലില്ല. ഇതെല്ലാമാണ് വേഗത്തില്‍ വാലി കീഴടക്കാന്‍ താലിബാന് കഴിഞ്ഞത്.

വാലിയിലേക്ക് അവശ്യ വസ്തുക്കള്‍ എത്താന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അംറുല്ല സാലിഹ് കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭയ്ക്ക് കത്തയച്ചിരുന്നു. പരാജയപ്പെടുമെന്ന് കണ്ടതോടെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ചര്‍ച്ച നടത്താമെന്നും വടക്കന്‍ സഖ്യം അറിയിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം താലിബാന്‍ തള്ളി. കാബൂള്‍ പിടിച്ച വേളയില്‍ താലിബാന്‍ ചര്‍ച്ചയ്ക്ക് ശ്രമിച്ചിരുന്നു എങ്കിലും അന്ന് വടക്കന്‍ സഖ്യം തയ്യാറായിരുന്നില്ല.

അഫ്ഗാനിലെ എല്ലാ പ്രദേശങ്ങളും ഞങ്ങളുടെ ഭരണത്തിന് കീഴിലായി എന്ന് താലിബാന്‍ വക്താവ് സബീഹുല്ലാ മുജാഹിദ് പറഞ്ഞു. പഞ്ചഷിറിലുള്ളവര്‍ ഞങ്ങളുടെ സഹോദരങ്ങളാണ്. എല്ലാവരും ഒരുമിച്ച് അഫ്ഗാന്റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കും. വാലിയിലുള്ളവര്‍ സ്വതന്ത്രരാണ്. നിരവധി പേരെ വടക്കന്‍ സഖ്യം തടവിലാക്കിയിരുന്നു. എല്ലാവരെയും ഞങ്ങള്‍ മോചിപ്പിച്ചുവെന്നും താലിബാന്‍ വക്താവ് പറഞ്ഞു.












Click it and Unblock the Notifications