ജെഡി വാൻസുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി മോദി; മഹത്തായ വിജയത്തിന് അഭിനന്ദനം അറിയിച്ചു
പാരീസ്: യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരീസിൽ നടക്കുന്ന എഐ ആക്ഷൻ ഉച്ചകോടിയിൽ പങ്കെടുക്കുന്ന ലോക നേതാക്കൾക്കുള്ള അത്താഴ വിരുന്നിനിടയിലാണ് നിർണായക കൂടിക്കാഴ്‌ച നടന്നത്. ജെഡി വാൻസിന്റെ ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസും ഒപ്പമുണ്ടായിരുന്നു. യുഎസ് സന്ദർശത്തിന് ട്രംപ് ഭരണകൂടത്തിലെ അംഗവുമായുള്ള അദ്ദേഹത്തിന്റെ ആദ്യ ആശയവിനിമയം കൂടിയായിരുന്നു ഇത്.
കഴിഞ്ഞ നവംബറിൽ നടന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ മഹത്തായ വിജയത്തിന് മോദി വാൻസിനെ അഭിനന്ദനം അറിയിച്ചു. എലിസി കൊട്ടാരത്തിൽ വെച്ച് മോദി വാൻസുമായി ഹസ്‌തദാനം ചെയ്യുന്നതും അദ്ദേഹത്തെ അഭിനന്ദിക്കുന്നതും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ചെയ്‌ത വീഡിയോയിൽ കാണാമായിരുന്നു.

'അഭിനന്ദനങ്ങൾ. മികച്ച വിജയത്തിന്' മോദി പറഞ്ഞു. വളരെ നന്ദി. നിങ്ങളെ കണ്ടതിൽ വളരെ സന്തോഷമെന്നായിരുന്നു വാൻസിന്റെ മറുപടി. ഇരു നേതാക്കളും എഐ ഉച്ചകോടിയെ അഭിസംബോധന ചെയ്‌തപ്പോൾ, എഐ പോലുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മനുഷ്യരെ മാറ്റിസ്ഥാപിക്കാൻ കഴിയില്ലെന്ന മോദിയുടെ വാദത്തെ വാൻസ് അംഗീകരിച്ചിരുന്നു.
നരേന്ദ്ര മോദിക്ക് ശേഷം ഉച്ചകോടിയെ അഭിസംബോധന ചെയ്‌ത ജെഡി വാൻസ്, എഐ ആളുകളെ സുഗമമാക്കുകയും കൂടുതൽ ഉൽപ്പാദനക്ഷമമാക്കുകയും ചെയ്യുമെന്ന പ്രധാനമന്ത്രിയുടെ അഭിപ്രായത്തെ താൻ അഭിനന്ദിക്കുന്നുവെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്‌ചയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
നരേന്ദ്ര മോദിയും ഇമ്മാനുവേൽ മാക്രോണും ചേർന്ന് നടത്തിയ എഐ ആക്ഷൻ ഉച്ചകോടിയിൽ പങ്കെടുത്ത ലോകനേതാക്കളിൽ ചൈനീസ് വൈസ് പ്രീമിയർ ഷാങ് ഗുവോക്കിംഗ്, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ എന്നിവരും ഉൾപ്പെടുന്നു. ഉച്ചകോടിയിൽ സഹ അധ്യക്ഷനായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
രണ്ടാം വട്ടവും അധികാരത്തിൽ എത്തിയ ശേഷം ആദ്യമായി ഡൊണാൾഡ് ട്രംപുമായി നടത്തുന്ന കൂടിക്കാഴ്‌ചയ്ക്ക് മുന്നോടിയായാണ് മോദി വാൻസിനെ കണ്ടത്. പ്രധാനമന്ത്രി പാരീസിൽ എത്തുന്നതിന് തൊട്ടുമുൻപാണ് മോദിയും വാൻസും തമ്മിലുള്ള അനൗപചാരിക കൂടിക്കാഴ്‌ച ഉറപ്പിച്ചതെന്നാണ് ലഭ്യമായ വിവരം. ഒരു പരിചയപ്പെടൽ എന്ന നിലയിലുള്ള കൂടിക്കാഴ്‌ച മാത്രമാണ് നടന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
തുറമുഖ നഗരമായ മാർസെയിൽ മാക്രോണുമായുള്ള ഉഭയകക്ഷി ഇടപെടലുകൾ അവസാനിപ്പിച്ച ശേഷം മോദി ബുധനാഴ്‌ചയാണ് യുഎസിലേക്ക് പോവുക. ഇതിന് മുൻപായി മാർസെയിൽ ഇരുവരും ചേർന്ന് പുതിയ ഇന്ത്യൻ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്യും. കൂടാതെ എഐ, സിവിൽ ആണവോർജ്ജം എന്നിവയിലെ സഹകരണം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ചർച്ച നടത്തും.












Click it and Unblock the Notifications