ബ്രൂണൈയില്‍ നിന്നും വീണ്ടും ക്രൂഡ് ഓയില്‍ എത്തുമോ? എല്‍എന്‍ജിയിലും സുല്‍ത്താനുമായി മോദിയുടെ ചർച്ച
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രൂണൈ, സിങ്കപ്പൂർ സന്ദർശനത്തിന് ഇന്ന് തുടക്കം. ചൊവ്വാഴ്ച ബ്രൂണെയുടെ തലസ്ഥാനമായ ബന്ദർ സേരി ബെഗവാനിൽ എത്തുന്ന മോദി ബുധനാഴ്ച സിങ്കപ്പൂരിലേക്ക് പോകും. ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബ്രൂണൈയില്‍ എത്തുന്നത്. ബ്രൂണൈ സുല്‍ത്താനുമായി നിരവധി വ്യാപാര വിഷയങ്ങളിലും മോദി ചർച്ച നടത്തിയേക്കും.
1967 മുതൽ ബ്രുണൈ ഭരിക്കുന്ന ഹസനാൽ ബോൾകിയ ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ കാലം അധികാരത്തില്‍ ഇരിക്കുന്ന വ്യക്തി കൂടിയാണ. ഇന്ത്യയും ബ്രൂണെയും 2018-ലെ സഹകരണ കരാർ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുകയും ബഹിരാകാശ സഹകരണം ഉള്‍പ്പെടേയുള്ള കരാറുകളില്‍ ഒപ്പുവെക്കുമെന്നാണ് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്.

ബ്രൂണെ-ഇന്ത്യ ഉഭയകക്ഷി വ്യാപാരം കഴിഞ്ഞ ദശകത്തിൽ 500 മില്യൺ ഡോളറിന്റെ പരിസരത്താണ് നടക്കുന്നത്. സമീപ വർഷങ്ങളിൽ റഷ്യയുമായുള്ള വ്യാപാരത്തില്‍ നേരിയ ഇടിവ് ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ കൂടുതലായി ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയതോടെ ബ്രൂണെയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഏകദേശം നിലച്ച മട്ടാണ്.
ഇരു നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി വീണ്ടും ചർച്ചാ വിഷയമായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം തന്നെ ബ്രൂണെയിൽ നിന്നുള്ള ഇന്ത്യയുടെ എൽ എൻ ജി ഇറക്കുമതി വർധിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുമെന്ന് അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ പറയുന്നു.
സൗദി അറേബ്യ കരകയറിയില്ല, തിരിച്ചടികള്‍ തുടരുന്നു: റഷ്യയുടെ ഇടിവ് നേട്ടമാക്കിയത് ഇറാഖ്
സംയുക്ത വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കുന്നത് മുതൽ പ്രതിരോധ സഹകരണത്തിനുള്ള പ്രാരംഭ നീക്കങ്ങളും ഇന്ത്യയും ബ്രൂണെയും ചർച്ച ചെയ്യുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. ബഹിരാകാശ വിക്ഷേപണങ്ങൾക്കും ഉപഗ്രഹ പ്രവർത്തനങ്ങൾക്കും സഹായിക്കുന്നതിന് ഗ്രൗണ്ട് സ്റ്റേഷൻ പ്രവർത്തിപ്പിക്കാൻ ഇന്ത്യക്ക് നേരത്തെ തന്നെ ബ്രൂണൈ അനുമതി നല്‍കിയിരുന്നു.
ബന്ദർ സേരിയിൽ സുൽത്താൻ ബോൾകിയയുമായി മോദി കൂടിക്കാഴ്ച നടത്തിയേക്കും. തുടർന്ന് പ്രതിനിധി തല ചർച്ചകൾ നടക്കും. അടുത്തിടെ നിർമ്മാണം പൂർത്തിയാക്കിയ പുതിയ ഇന്ത്യൻ ചാൻസറി കെട്ടിടവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ മുഗൾ വാസ്തുവിദ്യ, പ്രത്യേകിച്ച് താജ്മഹലിന്റെ രൂപഘടന തന്നെ സ്വാധീനിച്ചുവെന്നും ഏകദേശം അതേ മാതൃകയില്‍ ഇന്നത്തെ സുൽത്താൻ്റെ പിതാവ് നിർമ്മിച്ച ഒമർ അലി സൈഫുദ്ദീൻ മസ്ജിദും നരേന്ദ്ര മോദി സന്ദർശിക്കും.
1992ലും 2008ലും പിന്നീട് 2012ലും 2018ലും ആസിയാൻ-ഇന്ത്യ ഉച്ചകോടികൾക്കായും സുൽത്താൻ ബോൾകിയ നിരവധി തവണ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. ആസിയാൻ-ഇന്ത്യ ഉച്ചകോടിയില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും 2013ൽ ബ്രൂണെ സന്ദർശിച്ചിരുന്നു. പിന്നീട് ഏഷ്യാ ഉച്ചകോടിയിലും ഉപരാഷ്ട്രപതി ഹമീദ് അൻസാരിയുടെ 2016ലെ സന്ദർശനത്തിലും നിരവധി ധാരണാപത്രങ്ങളിൽ ഇരു രാഷ്ട്രങ്ങളും ഒപ്പുവച്ചു. എന്നിരുന്നാലും ബ്രൂണൈയില്‍ ഉഭയകക്ഷി സന്ദർശനം നടത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.
അതേസമയം, ബോള്‍കിയയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കായി ഞാന്‍ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. "ഇന്ന്, ഞാൻ ബ്രൂണൈയിലേക്കുള്ള ആദ്യ ഉഭയകക്ഷി സന്ദർശനം ആരംഭിക്കുകയാണ്. ഇരുരാജ്യങ്ങളുടേയും നയതന്ത്രബന്ധത്തിന്റെ 40-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, നമ്മുടെ ചരിത്രപരമായ ബന്ധം പുതിയ ഉയരങ്ങളിലേക്കു കൊണ്ടുപോകുന്നതിനായി സുൽത്താൻ ഹാജി ഹസ്സനൽ ബോൾക്കിയയുമായും രാജകുടുംബത്തിലെ മറ്റു ബഹുമാനപ്പെട്ട അംഗങ്ങളുമായും നടത്തുന്ന കൂടിക്കാഴ്ചകൾക്കായി ഞാൻ കാത്തിരിക്കുകയാണ്." സന്ദർശനത്തിന് മുന്നോടിയായി മോദി കുറിച്ചു.












Click it and Unblock the Notifications