ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമെന്ന് വത്തിക്കാൻ; ശ്വാസതടസവും ന്യൂമോണിയയും വെല്ലുവിളി
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് വത്തിക്കാൻ. ന്യുമോണിയയും സങ്കീർണ്ണമായ ശ്വാസകോശ അണുബാധയും മൂലം ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ ദിവസത്തേക്കാളും മോശമായി എന്നാണ് വത്തിക്കാൻ അറിയിച്ചിരിക്കുന്നത്. മാർപാപ്പ ഇതുവരെയും അപകടനില തരണം ചെയ്‌തിട്ടില്ലെന്ന് മെഡിക്കൽ ബുള്ളറ്റിനും വ്യക്തമാക്കി.
88-കാരനായ മാർപ്പാപ്പ നിലവിൽ ബോധാവസ്ഥയിൽ തന്നെയാണ് ഉള്ളതെങ്കിലും, അദ്ദേഹത്തെ ശ്വസിക്കാൻ സഹായിക്കുന്നതിന് ഓക്‌സിജൻ സൗകര്യം ഉൾപ്പെടെ നൽകേണ്ട സാഹചര്യത്തിലാണ്. കൂടാതെ, രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറവാണെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് രക്തം കയറ്റേണ്ടിയും വന്നിരുന്നു.

കഴിഞ്ഞ ഒൻപത് ദിവസമായി ഫ്രാൻസിസ് മാർപാപ്പ ആശുപത്രിയിൽ കഴിയുകയാണ്. ശ്വാസകോശ അണുബാധയെത്തുടർന്ന് അദ്ദേഹത്തിന് ന്യുമോണിയ ബാധിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇതേ തുടർന്നാണ് ആരോഗ്യനില മോശമായത്. ഇടയ്ക്ക് നേരിയ പുരോഗതി ഉണ്ടായെങ്കിലും വീണ്ടും ആരോഗ്യനില മോശമാവുകയായിരുന്നു.
പരിശുദ്ധ പിതാവിന്റെ നില ഗുരുതരമായി തുടരുകയാണ്, അതിനാൽ ഇന്നലെ വിശദീകരിച്ചതുപോലെ, മാർപാപ്പ അപകടനില തരണം ചെയ്‌തിട്ടില്ലയെന്ന് വത്തിക്കാൻ പങ്കുവച്ച പ്രസ്‌താവനയിൽ പറയുന്നു. കൂടാതെ ഫെബ്രുവരി 14-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം മാർപാപ്പയുടെ ആരോഗ്യനില ഗുരുതരം ആണെന്ന് ആദ്യമായാണ് മെഡിക്കൽ ബുള്ളറ്റിൻ പറയുന്നത്.
ന്യുമോണിയയുടെ സങ്കീർണതയായി സംഭവിക്കാവുന്ന രക്തത്തിലെ ഗുരുതരമായ അണുബാധയായ സെപ്‌സിസിന്റെ തുടക്കമാണ് നിലവിൽ ഫ്രാൻസിസ് മാർപാപ്പ നേരിടുന്ന പ്രധാന ഭീഷണിയെന്ന് ഡോക്‌ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതോടെ ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹം മുഴുവൻ പ്രാർത്ഥനയിലാണ്.
അതിനിടെ ഫ്രാൻസിസ് മാർപാപ്പ രാജിവെക്കാൻ തീരുമാനിച്ചേക്കുമെന്ന ഊഹാപോഹങ്ങൾ പൂർണമായും തള്ളുകയാണ് വത്തിക്കാൻ അധികാരകേന്ദ്രം ചെയ്യുന്നത്. ഒരു മാർപ്പാപ്പയ്ക്ക് ആരോഗ്യ പ്രശ്‌നം മൂലം തുടരാൻ കഴിയാതെ വന്നാൽ എന്തുചെയ്യണമെന്ന് കാനോൻ നിയമത്തിൽ കൃത്യമായ വ്യവസ്ഥയില്ല. ഇതാണ് ഊഹാപോഹങ്ങൾക്ക് കാരണമാവുന്നത്.
തനിക്ക് വൈദ്യശാസ്ത്രപരമായി ഇത്തരമൊരു തീരുമാനമെടുക്കാൻ കഴിവില്ലെങ്കിൽ പ്രാബല്യത്തിൽ വരൻ പറ്റുന്ന രാജിക്കത്ത് താൻ എഴുതിയിട്ടുണ്ടെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിരുന്നു. എന്നാൽ നിലവിൽ അങ്ങനെയൊരു സാഹചര്യമില്ല, മാർപ്പാപ്പ പൂർണ്ണ ബോധത്തിലും ജാഗ്രതയിലും ജോലിയിൽ തുടരുകയാണ്. അതിനാൽ രാജിയുടെ ചോദ്യം ഉയരുന്നില്ലെന്നാണ് വത്തിക്കാൻ പറയുന്നത്.












Click it and Unblock the Notifications