ഫ്രാൻസിൽ പ്രതിഷേധം അക്രമാസക്തം; 1200ലധികം പേർ അറസ്‌റ്റിൽ, കൊള്ളയും തീവെപ്പും വ്യാപക സംഘർഷവും

പാരിസ്: ജീവിതച്ചെലവ് ഉയരുന്നതും പൊതുസേവനങ്ങൾ മോശമാകുന്നതുമെതിരായ ഫ്രാൻസിൽ നടക്കുന്ന രാജ്യവ്യാപക പ്രതിഷേധങ്ങൾ അക്രമാസക്തമായി. വിവിധ സംഭവങ്ങളിലായി 1200ലധികം പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പാരിസ് ഉൾപ്പെടെ നിരവധി നഗരങ്ങളിൽ നടന്ന ഏറ്റുമുട്ടലുകൾക്കിടെ ഡസൻകണക്കിന് കടകളും പൊതുകെട്ടിടങ്ങളും തകർക്കപ്പെട്ടു. ഇതിന് പിന്നാലെ അക്രമം, കൊള്ള, പൊതുസ്ഥാപനങ്ങൾക്കുനേരെയുള്ള ആക്രമണം എന്നിവയിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചു.

ശനിയാഴ്‌ച നടന്ന പ്രതിഷേധത്തിൽ വിദ്യാലയങ്ങളിലെ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി വിദ്യാർഥികളും പങ്കുചേർന്നു. മുഖംമൂടി ധരിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രതിഷേധക്കാർ നിരവധി വാഹനങ്ങൾക്ക് തീയിട്ടു, വ്യാപാരസ്ഥാപനങ്ങൾ കൊള്ളയടിക്കപ്പെട്ടു, ലിമോജിലെ ടൗൺ ഹാൾ ഉൾപ്പെടെ പൊതുകെട്ടിടങ്ങളിൽ തീപിടിത്തമുണ്ടായി. ലിമോജിലെ ടൗൺ ഹാളിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണതായും റിപ്പോർട്ടുണ്ട്.

france

അറുപതോളം പോലീസുകാർക്ക് അക്രമങ്ങളിൽ പരിക്കേറ്റുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഞായറാഴ്‌ച എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ മാക്രോൺ അക്രമത്തെ ശക്തമായി അപലപിക്കുകയും സുരക്ഷാസേനയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തു. പൊതുസ്ഥാപനങ്ങളെയും വ്യാപാരസ്ഥാപനങ്ങളെയും ആക്രമിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശിക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ അനിശ്ചിതത്വം വർധിക്കുന്നതിനിടെയാണ് പ്രതിഷേധം ശക്തമായത്. സാമ്പത്തിക സമ്മർദങ്ങൾക്കും ജനങ്ങളുടെ പരാതികൾക്കും സർക്കാർ പരിഹാരം കാണുന്നില്ലെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ഫ്രാൻസ് 24 റിപ്പോർട്ട് പ്രകാരം, ലക്ഷക്കണക്കിന് ആളുകൾ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിനു പിന്നാലെയാണ് വിവിധ നഗരങ്ങളിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്.

സിജിടി ട്രേഡ് യൂണിയൻ രാജ്യത്താകെ ഏകദേശം 5.5 ലക്ഷം പേർ പ്രതിഷേധത്തിൽ പങ്കെടുത്തതായി കണക്കാക്കിയെങ്കിലും ഔദ്യോഗിക കണക്ക് അധികൃതർ പുറത്തുവിട്ടിരുന്നില്ല. പാരിസിൽ പടക്കങ്ങളും മറ്റ് വസ്‌തുക്കളും എറിഞ്ഞ പ്രതിഷേധക്കാർക്കെതിരെ കലാപനിയന്ത്രണ ചുമതലയുള്ള പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും ഉപയോഗിച്ചു.

പ്രതിഷേധക്കാർ ഒരു ബാറിന് തീയിട്ടു, പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങൾ പലതിനും തീയിട്ടു, നിരവധി വ്യാപാരസ്ഥാപനങ്ങളിൽ കൊള്ള നടന്നതായി റിപ്പോർട്ടുണ്ട്. ലില്ലെയിലെ ഒരു ആപ്പിൾ സ്‌റ്റോറും ആക്രമിക്കപ്പെട്ട സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നു. ലിയോണിലെ ടൂറിസ്‌റ്റ് ഓഫിസിന് തീയിട്ടതായും മാർസെയിലെയും ലില്ലെയിലെയും ടൗൺ ഹാളുകൾ നശിപ്പിക്കപ്പെട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം, ഫ്രാൻസിന് പുറമേ യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ ജീവിതച്ചെലവ് വർധിക്കുന്നതിനെതിരെ ലക്ഷക്കണക്കിന് ആളുകൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ശനിയാഴ്‌ച ബെൽജിയം, ഇറ്റലി, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ പ്രതിഷേധങ്ങളും സംഘർഷങ്ങളും ശക്തമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma