തെളിഞ്ഞ ആകാശത്ത് പൊടുന്നനെ പര്‍പ്പിള്‍ മേഘം; അമ്പരന്ന് നാട്ടുകാര്‍, കാരണമറിയാതെ അധികൃതര്‍
സാന്റിയാഗോ: പൊതുവെ തെളിഞ്ഞ് കിടക്കുന്ന ആകാശത്ത് പെട്ടെന്നൊരു ദിവസം മേഘങ്ങള്‍ മൂടിയാല്‍ നമ്മള്‍ അമ്പരക്കില്ല. എന്നാല്‍ ആ മേഘത്തിന് നിറവ്യത്യാസമുണ്ടായാലോ. അത്തരമൊരു അനുഭവമാണ് ചിലിയിലെ ഒരു വടക്കന്‍ പട്ടണ നിവാസികള്‍ക്ക് കഴിഞ്ഞ ദിവസം പറയാനുണ്ടായിരുന്നത്.
ഫിലാഡല്‍ഫിയ ആസ്ഥാനമായുള്ള വാര്‍ത്താ ഏജന്‍സിയായ അല്‍ ദിയയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ചിലിയിലെ ഒരു പട്ടണത്തിന് മുകളില്‍ കഴിഞ്ഞ ഞായറാഴ്ച നിഗൂഢമായ ഒരു പര്‍പ്പിള്‍ മേഘം പ്രത്യക്ഷപ്പെട്ടു. ഇത് നാട്ടുകാരെയും അധികൃതരേയും ഒരുപോലെ അമ്പരപ്പിച്ചു.

image credit: @JeannetteQuim
ചിലരിലെങ്കിലും ഭയം സൃഷ്ടിച്ച പ്രതിഭാസം മനസിലാക്കാന്‍ പ്രാദേശിക അധികാരികള്‍ അന്വേഷണം ആരംഭിച്ചതായി അല്‍ ദിയ പറയുന്നു. നഗരത്തിന് വളരെ അടുത്തുള്ള കാലാ കാലാ എന്ന ഖനിയില്‍ നിന്നാണ് മേഘങ്ങളുടെ ആവരണം ഉണ്ടായത് എന്നാണ് ചിലര്‍ അവകാശപ്പെടുന്നത്. എന്നാല്‍ മോട്ടോര്‍ പമ്പിന്റെ തകരാര്‍ മൂലമാണ് എന്ന് മറ്റ് ചിലര്‍ അവകാശപ്പെടുന്നു.
ഞങ്ങള്‍ ഒരു പരിശോധന നടത്തുകയാണ്. ഇത് ബൂസ്റ്റര്‍ പമ്പിന്റെ മോട്ടോറിന്റെ തകരാര്‍ മൂലമാണ് എന്ന് പ്രാഥമികമായി വിലയിരുത്തുന്നു, താരാപാക്ക ഡെപ്യൂട്ടി റീജിയണല്‍ ഡയറക്ടര്‍ ക്രിസ്റ്റ്യന്‍ ഇബാനെസ് പറഞ്ഞു. പമ്പ് തകരാര്‍ മൂലം പ്ലാന്റിലെ അയോഡിന്‍ ഖരാവസ്ഥയില്‍ നിന്ന് വാതകാവസ്ഥയിലേക്ക് മാറാന്‍ കാരണമായെന്ന് പരിസ്ഥിതി ഉദ്യോഗസ്ഥന്‍ ഇമ്മാനുവല്‍ ഇബാറ പറഞ്ഞു.
ഖനി സ്ഥിതി ചെയ്യുന്ന സ്ഥലം സാള്‍ട്ട്‌പെറ്റര്‍ ആന്‍ഡ് അയോഡിന്‍ കമ്പനിയുടെ (കൊസയാച്ച്) ഉടമസ്ഥതയിലുള്ളതാണ്. അതേസമയം മേഘങ്ങളുടെ ആവരണം കണ്ടെങ്കിലും ആര്‍ക്കെങ്കിലും ശാരീരിക അസ്വസ്ഥതകളൊന്നും ഉണ്ടായിട്ടില്ല, താരാപാക്ക റീജിയന്‍ പ്രതിനിധി ഡാനിയല്‍ ക്വിന്റേറോസ് പറഞ്ഞു.
പരിസ്ഥിതി വിദഗ്ദരുമായി ബന്ധപ്പെട്ടിട്ടുണ്ട്. നിയന്ത്രണങ്ങളും പാരിസ്ഥിതിക നിയമങ്ങള്‍ പാലിക്കാത്തതുമായ കമ്പനികള്‍ക്കെതിരെ പരാതി ഫയല്‍ ചെയ്യുന്നത് നാളെ പരിശോധിക്കും എന്നും ഇമ്മാനുവല്‍ ഇബാറ വ്യക്തമാക്കി. വടക്കന്‍ ചിലിയിലെ പോസോ അല്‍മോണ്ട എന്ന ഗ്രാമത്തിലായിരുന്നു ഈ പ്രതിഭാസം.
ഇതിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം ആര്‍ക്കും ശാരീരിക അവശതകള്‍ ഇല്ല എന്ന് അറിഞ്ഞതില്‍ പലരും ആശ്വാസം പ്രകടിപ്പിച്ചു. എന്നാല്‍ വ്യവസായ സ്ഥാപനങ്ങള്‍ പാരിസ്ഥിതിക നിയമങ്ങള്‍ പാലിക്കാത്തതാണ് പ്രതിഭാസത്തിന് കാരണമെങ്കില്‍ കര്‍ശന നടപടി എടുക്കണം എന്നാണ് മറ്റ് ചിലര്‍ പറയുന്നത്.












Click it and Unblock the Notifications