പുടിന്റെ ഇന്ത്യ സന്ദർശനം; അനുകൂല നിലപാട് വ്യക്തമാക്കി ചൈന, ത്രിരാഷ്ട്ര ബന്ധം ശക്തമാക്കാൻ ആഹ്വാനം
ബീജിംഗ്: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ഇന്ത്യാ സന്ദർശനത്തിൽ അനുകൂല നിലപാട് വ്യക്തമാക്കി ചൈന. ചൈന, റഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളെ ഗ്ലോബൽ സൗത്തിന്റെ പ്രധാന ഭാഗമായി വിശേഷിപ്പിച്ച ചൈനീസ് വിദേശകാര്യ മന്ത്രാലയം, ഈ ത്രിരാഷ്ട്ര ബന്ധം ദേശീയ താൽപ്പര്യങ്ങൾക്കും മേഖലയിലെയും ആഗോളതലത്തിലെയും സമാധാനത്തിനും സ്ഥിരതയ്ക്കും ഊർജ്ജം പകരുമെന്നും ചൂണ്ടിക്കാട്ടി.
'ചൈന, റഷ്യ, ഇന്ത്യ എന്നിവ വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളും ഗ്ലോബൽ സൗത്തിലെ പ്രധാന അംഗങ്ങളുമാണ്' ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞയാഴ്‌ച ന്യൂഡൽഹിയിൽ നടന്ന പുടിന്റെ ഉന്നതതല സന്ദർശനത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ചകളെയും കുറിച്ച് ആദ്യമായാണ് ചൈനീസ് വക്താവ് ഔദ്യോഗികമായി പ്രതികരിച്ചത്.

ഈ രാജ്യങ്ങൾ തമ്മിൽ നല്ല ബന്ധം നിലനിർത്തുന്നത് അവയുടെ താൽപ്പര്യങ്ങൾക്ക് മാത്രമല്ല, മേഖലയിലെയും ആഗോളതലത്തിലെയും സമാധാനം, സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കും ഉതകുന്നതാണെന്ന് ഗുവോ കൂട്ടിച്ചേർത്തു. ബീജിംഗും മോസ്കോയുമായുള്ള അടുത്ത ശക്തമായ ബന്ധം പരിഗണിച്ച്, പുടിന്റെ സന്ദർശനം ചൈന വളരെ സൂക്ഷ്‌മമായി തന്നെയാണ് നിരീക്ഷിച്ചിരുന്നത്.
സന്ദർശനത്തിനു മുന്നോടിയായി നൽകിയ അഭിമുഖത്തിൽ പുടിൻ ചൈന-ഇന്ത്യ ബന്ധത്തിന് ഊന്നൽ നൽകിയിരുന്നു. 'ഇന്ത്യയും ചൈനയും ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളാണ് - ആ ബന്ധം ഞങ്ങൾ ആഴത്തിൽ പരിപാലിക്കുന്നു' പുടിൻ പറഞ്ഞു. 2020 മുതൽ കഴിഞ്ഞ വർഷം വരെ മരവിപ്പിക്കാൻ കാരണമായ കിഴക്കൻ ലഡാക്കിലെ അതിർത്തി സംഘർഷത്തിന് ശേഷം, ഇന്ത്യ-ചൈന ബന്ധങ്ങൾ നിലവിൽ സാധാരണ നിലയിലേക്ക് വരികയാണ്.
ഈ പശ്ചാത്തലത്തിൽ, ഇന്ത്യ-ചൈന ബന്ധത്തിൽ ദീർഘകാല കാഴ്‌ചപ്പാടോടെ സുസ്ഥിരവും ശക്തവുമായ ബന്ധം പ്രോത്സാഹിപ്പിക്കാൻ ചൈന ആഗ്രഹിക്കുന്നതായി ഗുവോ വ്യക്തമാക്കി. 'ഇന്ത്യ-ചൈന ബന്ധങ്ങളെ തന്ത്രപരമായ ഉയരത്തിലും ദീർഘകാല വീക്ഷണത്തിലും കാണാനും കൈകാര്യം ചെയ്യാനും, സുസ്ഥിരവും ഉറച്ചതുമായ വളർച്ച ഉറപ്പാക്കാനും ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ ചൈന സന്നദ്ധമാണ്' എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇരു രാജ്യങ്ങൾക്കും ഇരു ജനങ്ങൾക്കും മെച്ചപ്പെട്ട പ്രയോജനം ലഭിക്കുന്നതിനും, ഏഷ്യയുടെയും അതിനപ്പുറവും സമാധാനത്തിനും സമൃദ്ധിക്കും ഉചിതമായ സംഭാവനകൾ നൽകുന്നതിനും ഇത് സഹായിക്കുമെന്നും ഗുവോ കൂട്ടിച്ചേർത്തു. നേരത്തെ ഇന്ത്യ-ചൈന നേതൃത്വങ്ങൾ അവർക്ക് ഇടയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ പ്രതിജ്ഞാബദ്ധരാണെന്ന് പുടിൻ ചൂണ്ടിക്കാട്ടിയിരുന്നു.
ഇവരുടെ ഉഭയകക്ഷി കാര്യങ്ങളിൽ ഇടപെടാൻ റഷ്യക്ക് അവകാശമില്ലെന്ന് പുടിൻ ഒരു ഇന്ത്യൻ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. പുടിന്റെ ഈ പരാമർശങ്ങൾ ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്‌തിരുന്നു. മാത്രമല്ല ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിനെതിരായ യുഎസ് ആരോപണങ്ങളെ നിഷേധിച്ചുകൊണ്ടുള്ള പുടിന്റെ വാക്കുകളും സിൻഹുവ വാർത്താ ഏജൻസി എടുത്തുകാട്ടിയിരുന്നു.
അതേസമയം, റഷ്യൻ എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നതിൽ ചൈനയാണ് നിലവിൽ ഒന്നാം സ്ഥാനത്ത്. യുക്രൈൻ യുദ്ധത്തിന് റഷ്യയെ തടയാൻ ഇറക്കുമതി നിർത്താനെന്ന യുഎസ് ആവശ്യം ചൈന നിരസിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുടിന്റെ പരാമർശങ്ങൾ പ്രാധാന്യമർഹിക്കുന്നത്. പുടിൻ ഡിസംബർ 4, 5 തീയതികളിലാണ് ഇന്ത്യ സന്ദർശിച്ചത്; 2021ന് ശേഷം ആദ്യമായാണ് അദ്ദേഹം ഇന്ത്യയിലേക്ക് വന്നത്.












Click it and Unblock the Notifications