'ഗാസയിലേക്ക് സമാധാന സേനയെ അയക്കാൻ തയ്യാർ'; പ്രഖ്യാപനവുമായി ഇന്തോനേഷ്യൻ പ്രസിഡന്റ് സുബിയാന്റോ
ന്യൂയോർക്ക്: ഗാസയിലേക്ക് സമാധാന സേനയെ അയക്കാൻ തന്റെ രാജ്യം തയ്യാറാണെന്ന് ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ. ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിനിടെയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. 'ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന, അസഹനീയമായ ദുരന്തത്തെ ഞങ്ങൾ ഹൃദയഭാരത്തോടെ ഓർക്കുന്നു' എന്നായിരുന്നു പ്രബാവോ സുബിയാന്റോ പറഞ്ഞത്.
'ഗാസയിലെ മാനുഷിക ദുരന്തം നാം അവസാനിപ്പിക്കണം, യുദ്ധം അവസാനിപ്പിക്കുക എന്നത് നമ്മുടെ പരമപ്രധാനമായ മുൻഗണനയായിരിക്കണം. വെറുപ്പും ഭയവും നാം മറികടക്കണം. സംശയത്തെ നാം മറികടക്കണം. മനുഷ്യകുടുംബത്തിന് ആവശ്യമായ സമാധാനം നാം നേടിയെടുക്കണം' എന്നും സുബിയാന്റോ ചടങ്ങിൽ പറഞ്ഞു.

'ആയിരക്കണക്കിന് നിരപരാധികൾ കൊല്ലപ്പെട്ടു, അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്, ക്ഷാമവും നാശവും സംഭവിച്ചു. നമ്മുടെ കൺമുന്നിൽ ഒരു മാനുഷിക ദുരന്തം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. നിരപരാധികളായ സാധാരണക്കാർക്കെതിരായ എല്ലാ അക്രമങ്ങളെയും ഞങ്ങൾ അപലപിക്കുന്നു' അദ്ദേഹം പറയുന്നു. പലസ്‌തീൻ വിഷയത്തിൽ ദ്വിരാഷ്ട്ര പരിഹാരത്തോടുള്ള തന്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു.
'ഇസ്രായേൽ പലസ്‌തീൻ രാഷ്ട്രത്തെയും പലസ്‌തീന്റെ സ്വാതന്ത്ര്യത്തെയും അംഗീകരിക്കുന്ന നിമിഷം മുതൽ, ഇസ്രായേലിന്റെ സുരക്ഷയ്ക്കുള്ള എല്ലാ ഉറപ്പുകളും പിന്തുണയ്ക്കുമെന്ന് ഇന്തോനേഷ്യ പ്രഖ്യാപിക്കുന്നു' സുബിയാന്റോ നിലപാട് വ്യക്തമാക്കി. നിലവിൽ പരസ്യമായി ഈ നിലപാട് പ്രഖ്യാപിച്ച ആദ്യ രാജ്യങ്ങളിൽ ഒന്നാണ് ഇന്തോനേഷ്യ.
കഴിഞ്ഞ വർഷം തന്നെ അവർ ഇക്കാര്യത്തിൽ സൂചന നൽകിയിരുന്നു. ഗാസയിലെ യുദ്ധാനന്തര അന്താരാഷ്ട്ര സേനയ്ക്ക് സൈന്യത്തെ സംഭാവന ചെയ്യാൻ അറബ് രാജ്യങ്ങളും തയ്യാറാണെന്ന് പറയപ്പെടുന്നു, എന്നാൽ അവർ ഇതുവരെ ആ നിലപാട് പരസ്യമാക്കിയിട്ടില്ല. കൂടാതെ ഇസ്രായേൽ നിരസിക്കുന്ന പലസ്‌തീൻ അതോറിറ്റിയുടെ പങ്കിന് അവരുടെ പങ്കാളിത്തം വ്യവസ്ഥ ചെയ്‌തിട്ടുമുണ്ട്.
യൂറോപ്യൻ യൂണിയൻ, അറബ് ലീഗ് തുടങ്ങിയ രാജ്യങ്ങളെയും പ്രാദേശിക ഗ്രൂപ്പുകളെയും പ്രതിനിധീകരിക്കുന്ന 33 പ്രതിനിധി നേതാക്കൾ സമ്മേളനത്തിൽ സംസാരിച്ചിരുന്നു. ചരിത്രപരമായ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ഒരു നിമിഷമാണ് ഈ സമ്മേളനം എന്ന് പ്രബോവോ അതിനെ അഭിസംബോധന ചെയ്യവേ വ്യക്തമാക്കി.
അതിനിടെ കഴിഞ്ഞ ദിവസം, പലസ്‌തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ യുകെ ഓസ്‌ട്രേലിയയും കാനഡയും നിലപാട് സ്വീകരിച്ചിരുന്നു. ഈ വിഷയത്തിൽ ഇസ്രായേലിന്റെയും അമേരിക്കയുടെയും കടുത്ത എതിർപ്പ് അവഗണിച്ച് കൊണ്ടായിരുന്നു അവരുടെ നീക്കം. ഇതിന്റെ പാത പിന്തുടർന്ന് നിരവധി രാജ്യങ്ങൾ സമാനമായി നിലപാട് സ്വീകരിക്കുന്നുണ്ട്. എന്നാൽ ഈ തീരുമാനം ഒരിക്കലും ഹമാസിനുള്ള അംഗീകാരം അല്ലെന്ന് യുകെ പ്രധാനമന്ത്രി കെയർ സ്‌റ്റാർമർ വ്യക്തമാക്കിയിരുന്നു.
ഫ്രാൻസ്, ബെൽജിയം, മാൾട്ട, ലക്‌സംബർഗ് എന്നിവയുൾപ്പെടെ മറ്റ് യൂറോപ്യൻ രാജ്യങ്ങളും സമീപ ദിവസങ്ങളിൽ പലസ്‌തീനുള്ള അംഗീകാരം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇസ്രായേലിന്റെ പതിറ്റാണ്ടുകളായി തുടരുന്ന അധിനിവേശം അവസാനിപ്പിക്കുന്നതിനുള്ള വിശാലമായ നീക്കത്തിന്റെ ഭാഗമായാണ് ഇതിനെ കണക്കാക്കുന്നത്.












Click it and Unblock the Notifications