ഇന്ത്യ തകർത്ത പാകിസ്ഥാനിലെ നൂർഖാൻ വ്യോമതാവളത്തിന്റെ പുനർനിർമാണം ആരംഭിച്ചു; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്
ന്യൂഡൽഹി: ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ തകർന്ന പാകിസ്ഥാൻ വ്യോമസേനയുടെ പ്രധാന താവളങ്ങളിലൊന്നായ നൂർ ഖാൻ വ്യോമതാവളം പുനർനിർമിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യൻ ആക്രമണത്തിൽ തകർന്ന വ്യോമതാവളത്തിന്റെ ഭാഗങ്ങൾ പാകിസ്ഥാൻ പുനർനിർമ്മിക്കുന്നുവെന്നാണ് പുതിയ ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നത്. മെയ് മാസത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ നടന്ന സംഘർഷത്തിനിടെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ ഈ വ്യോമതാവളം വലിയ തോതിൽ തകർന്നിരുന്നു.
പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ നിന്ന് 25 കിലോമീറ്റർ അകലെയാണ് തന്ത്രപ്രധാനമായ നൂർ ഖാൻ വ്യോമതാവളം സ്ഥിതി ചെയ്യുന്നത്. പാകിസ്ഥാൻ വ്യോമസേനയുടെ ഡ്രോൺ നിയന്ത്രണ കേന്ദ്രമായും ഇത് അറിയപ്പെടുന്നു. മെയ് 10ന് ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ ഈ താവളത്തിലെ രണ്ട് റൺവേകളും സമീപത്തുള്ള കെട്ടിടങ്ങൾക്കും കാര്യമായ കേടുപാടുകളാണ് ഉണ്ടായത്.

ആക്രമണത്തിനായി ഇന്ത്യ ഏത് ആയുധങ്ങളാണ് ഉപയോഗിച്ചതെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ബ്രഹ്മോസ് അല്ലെങ്കിൽ സ്‌കാൽപ് മിസൈലുകൾ ഉപയോഗിച്ചതാകാമെന്നാണ് സൂചന. ഇന്ത്യൻ വ്യോമസേനയുടെ എസ്‍യു-30 പോർവിമാനങ്ങളിൽ നിന്ന് ബ്രഹ്മോസ് മിസൈലുകളും റഫാൽ പോർവിമാനങ്ങളിൽ നിന്ന് സ്‌കാൽപ് മിസൈലുകളും വിക്ഷേപിച്ചതായും റിപ്പോർട്ടുകളുണ്ട്.
മെയ് 10-ന് ആക്രമണം നടന്നതിന് ശേഷം, മെയ് 17-ഓടെ ഇവിടെ നിന്നും അവശിഷ്‌ടങ്ങൾ നീക്കം ചെയ്‌തിരുന്നു. സെപ്റ്റംബർ 3-ന് എടുത്ത പുതിയ ഉപഗ്രഹ ചിത്രങ്ങളിൽ, താവളത്തിൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതായി കാണുന്നുണ്ട്. പുതിയ മതിലുകൾ ഉൾപ്പെടെയുള്ള നിർമാണങ്ങൾ പുരോഗമിക്കുകയാണ്.
'ഇന്ത്യ ഈ പ്രദേശത്ത് നടത്തിയ ആക്രമണം കൃത്യമായ ആസൂത്രണത്തോടെയായിരുന്നു. കാര്യമായ നാശനഷ്‌ടങ്ങൾ സംഭവിച്ചിരുന്നു. പാകിസ്ഥാൻ സൈനിക ആസ്ഥാനത്തിന് സമീപമുള്ള താവളം ഇന്ത്യ കൃത്യമായി ലക്ഷ്യം വച്ചു. എന്നാൽ, പുതിയ ഉപഗ്രഹ ചിത്രങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത് കാണാം. നാശനഷ്‌ടങ്ങൾ പ്രതീക്ഷിച്ചത്ര കഠിനമല്ലാത്തതിനാൽ വലിയ തോതിലുള്ള അറ്റകുറ്റപ്പണികൾ ആവശ്യമില്ലായിരിക്കാം' പ്രതിരോധ വിദ്ഗധൻ പറഞ്ഞു.
നേരത്തെ വിഷയത്തിൽ, ഇന്ത്യൻ വ്യോമസേനയുടെ ഡെപ്യൂട്ടി ചീഫ് എയർ മാർഷൽ നർമദേശ്വർ തിവാരി ചില നിർണായക വിവരങ്ങൾ പങ്കുവെച്ചിരുന്നു. പഹൽഗാം ആക്രമണം നടന്ന് രണ്ട് ദിവസത്തിനുള്ളിൽ, പാകിസ്ഥാനിലെ ഏതൊക്കെ ഭീകര ക്യാമ്പുകൾ ആക്രമിക്കാമെന്നതിന്റെ പട്ടിക വ്യോമസേന കേന്ദ്ര സർക്കാരിന് സമർപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ഏപ്രിൽ 29-ന് ആക്രമണം നടത്താനുള്ള സ്ഥലങ്ങൾ ചുരുക്ക പട്ടികയിൽ ഉൾപ്പെടുത്തി മെയ് 6-ന് ആക്രമണത്തിന്റെ തീയതിയും സമയവും അന്തിമമാക്കുകയും ചെയ്‌തിരുന്നു. തുടർന്ന് മെയ് 7ന് ഇന്ത്യ പാകിസ്ഥാനെതിരായ ആക്രമണം ആരംഭിച്ചു. പാകിസ്ഥാനിലെ 200 കിലോമീറ്റർ ദൂരത്തിൽ വരെ കടന്ന് ഇന്ത്യ ഭീകര ക്യാമ്പുകൾ നശിപ്പിച്ചിരുന്നു.
ഏറ്റവും പുതിയ ചിത്രങ്ങളിൽ ബോംബാർഡിയർ ഗ്ലോബൽ 6000 പോലെയുള്ള ഒരു വിവിഐപി ജെറ്റും പുനർനിർമ്മാണ മേഖലയ്ക്ക് സമീപം പാർക്ക് ചെയ്‌തിരിക്കുന്ന ഒരു സൈനിക ഗതാഗത വിമാനവും കാണുന്നുണ്ട്. യുകെയിലെ ഫാർൺബറോ സെന്ററിൽ ഔദ്യോഗിക വിമാനം മൂന്ന് മാസത്തെ അറ്റകുറ്റപ്പണികൾക്ക് വിധേയമായപ്പോൾ, അസിം മുനീർ സമീപകാല വിദേശ യാത്രകൾക്കായി പിഎഎഫ് ഗ്ലോബൽ 6000 ആണ് ഉപയോഗിച്ച് വരുന്നത്.












Click it and Unblock the Notifications