'ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് അമേരിക്കയുടെ നടപടികളെ ആശ്രയിച്ചിരിക്കും'; ഇറാൻ പ്രസിഡന്റ്
ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് അമേരിക്ക സ്വീകരിക്കുന്ന നടപടികളെ ആശ്രയിച്ചായിരിക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. അമേരിക്ക ഉപരോധവും ഇറാനെതിരായ മറ്റ് നടപടികളും അവസാനിപ്പിച്ചാൽ, അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട സമുദ്ര ഗതാഗത ചട്ടക്കൂട് രൂപീകരിക്കുന്നതിനായി പ്രവർത്തിക്കാൻ ഇറാൻ തയ്യാറാണെന്നാണ് അദ്ദേഹം അറിയിച്ചത്. ഇന്ത്യ ടുഡേയോട് സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തന്ത്രപ്രധാനമായ കടൽപാതയ്ക്കായി പ്രത്യേക സമുദ്ര ചട്ടക്കൂട് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇറാൻ ഒമാനുമായി ചർച്ച നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹോർമുസിലെ നിലവിലെ സാഹചര്യം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി, അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ആക്രമണങ്ങൾക്കും സമ്മർദങ്ങൾക്കും മറുപടിയായാണ് ഇറാൻ നടപടിയെടുത്തതെന്ന് പെസെഷ്‌കിയാൻ വിശദീകരിച്ചു.

ഹിസ്ബുള്ളയോ ഇറാനോ നിലവിലെ സംഘർഷത്തിന് തുടക്കം കുറിച്ചിട്ടില്ലെന്നും വിവിധ വിഭാഗങ്ങൾ സ്വയം പ്രതിരോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക മേഖലയിലെ കടൽപാതകൾ തടയുകയും അതേസമയം ആയുധങ്ങൾ മേഖലയിലേക്ക് എത്തിക്കുകയും ചെയ്യുന്നതിന്റെ അടിസ്ഥാനമെന്താണെന്നും പെസെഷ്‌കിയാൻ ചോദിച്ചു.
അമേരിക്കക്കാർ എന്തിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങളുടെ മേഖലയെ ആക്രമിക്കുകയും ഞങ്ങളുടെ കടൽപാതകൾ തടയുകയും ചെയ്യുന്നത്? ഞങ്ങൾ ഒന്നും ചെയ്യാതെ ഇരിക്കണമെന്നാണോ?' എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ പ്രതികരിക്കും. മരിച്ചുകഴിഞ്ഞാൽ പ്രതികരിക്കാൻ കഴിയില്ല. ഇപ്പോൾ ഞങ്ങൾ ജീവനോടെയുണ്ട്, ഞങ്ങൾ പ്രതികരിക്കും; എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് അമേരിക്ക ഇറാനെതിരായ സമ്മർദം അവസാനിപ്പിക്കുന്നതുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുമെന്ന് പെസെഷ്‌കിയാൻ വ്യക്തമാക്കി. അമേരിക്കൻ ഉപരോധവും സാമ്പത്തിക ഉപരോധ നടപടികളും അവസാനിപ്പിക്കണമെന്നതാണ് ഇറാന്റെ പ്രധാന ആവശ്യം.
ഉപരോധങ്ങൾ സാധാരണ ഇറാനികളുടെ ജീവിതസാഹചര്യങ്ങൾ കൂടുതൽ മോശമാക്കിയെന്നും അദ്ദേഹം ആരോപിച്ചു. ഉപരോധം രോഗികൾക്ക് ചികിത്സ ലഭിക്കാതെ പോകുന്നതും തൊഴിലില്ലായ്‌മയും ദാരിദ്ര്യവും അസംതൃപ്‌തിയും മറ്റ് നിരവധി പ്രശ്‌നങ്ങളും ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സൈനിക നടപടികളിലൂടെ ലക്ഷ്യം നേടാൻ കഴിയാതെ വന്നതോടെയാണ് അമേരിക്ക സാമ്പത്തിക നടപടികളിലൂടെ സാധാരണ ജനങ്ങൾക്ക് മേൽ സമ്മർദം ചെലുത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
യുദ്ധത്തിലൂടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയാത്തതിനാൽ ഇപ്പോൾ സാമ്പത്തിക നടപടികളിലൂടെ ശ്രമിക്കുകയാണെന്നും അതിലും അവർ പരാജയപ്പെടുമെന്നും പെസെഷ്‌കിയാൻ പറഞ്ഞു. അതേസമയം, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ ഗതാഗത പാതകളിലൊന്നാണ് ഹോർമുസ് കടലിടുക്ക്. ഇവിടെ ഉണ്ടാകുന്ന തടസങ്ങളിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വലിയ ആശങ്കയുണ്ട്. ഗൾഫ് മേഖലയിലൂടെ ഇന്ത്യയുടെ വലിയൊരു ഭാഗം ഊർജ ഇറക്കുമതി കടന്നുപോകുന്നതിനാൽ ഹോർമുസിന്റെ സുരക്ഷ ഇന്ത്യയെ സംബന്ധിച്ചും ഏറെ പ്രധാനപ്പെട്ടതാണ്.
തന്ത്രപ്രധാനമായ ഈ കടൽപാതയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ടാണ് പ്രധാന തർക്കം നിലനിൽക്കുന്നത്. ഈ പാതയിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാനുള്ള അവകാശം ഉൾപ്പെടെ കടലിടുക്കിന്മേലുള്ള ഇറാന്റെ നിയന്ത്രണം അംഗീകരിക്കണമെന്നാണ് ടെഹ്റാന്റെ ആവശ്യം. എന്നാൽ അമേരിക്ക ഈ ആവശ്യം അംഗീകരിച്ചിട്ടില്ല.
അതിനിടെ ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് പെസെഷ്‌കിയാൻ ന്യൂഡൽഹിയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. സാമ്പത്തിക സഹകരണം വിപുലീകരിക്കുന്നതും ചബഹാർ തുറമുഖത്തെ ഇന്ത്യയുടെ നിക്ഷേപവും പങ്കാളിത്തവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്‌തു.


Click it and Unblock the Notifications
