ഉപഭോക്തൃ വിലക്കയറ്റം തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിച്ചു; ബീഫ് ഉൾപ്പെടെയുള്ളവയുടെ തീരുവ റദ്ദാക്കി ട്രംപ്
ന്യൂഡൽഹി: ഭക്ഷണസാധനങ്ങൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവകൾ പിൻവലിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ ഉത്തരവ്. ബീഫ്, കാപ്പി, ഉഷ്‌ണമേഖലാ പഴങ്ങൾ, ചായ, കൊക്കോ, സുഗന്ധവ്യഞ്ജനങ്ങൾ, രാസവളങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഉയർന്ന ജീവിതച്ചെലവുകൾക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധവും റിപ്പബ്ലിക്കൻ പാർട്ടിക്കുണ്ടായ തിരിച്ചടികളുമാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിവരം.
വോട്ടർമാരുടെ അതൃപ്‌തിയും അടുത്തിടെ ഉണ്ടായ തിരഞ്ഞെടുപ്പ് തോൽവികളും ഈ നയമാറ്റത്തിന് കാരണമായി. ഈ മാസം നടന്ന തിരഞ്ഞെടുപ്പുകളിൽ പണപ്പെരുപ്പവും ജീവിതച്ചെലവും ആയിരുന്നു പ്രധാന വിഷയങ്ങൾ. വിർജീനിയ, ന്യൂജേഴ്‌സി തുടങ്ങിയ സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റുകൾക്ക് കാര്യമായ വിജയം നേടാൻ സാധിച്ചിരുന്നു. ട്രംപിന്റെ സാമ്പത്തിക നയങ്ങൾക്കെതിരായ ജനവികാരമായാണ് ഇത് പരക്കെ വിലയിരുത്തപ്പെട്ടത്.

ഇറക്കുമതി തീരുവകൾ ഉപഭോക്തൃ വില വർധിപ്പിക്കുന്നില്ലെന്ന് നേരത്തെ വാദിച്ചിരുന്ന ട്രംപ്, ചില സാഹചര്യങ്ങളിൽ നികുതികൾ ഉയർന്ന വിലകൾക്ക് കാരണമായേക്കാമെന്ന് ആദ്യമായി സമ്മതിച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം. നയപരമായ മാറ്റം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ എയർഫോഴ്‌സ് വണ്ണിൽ വെച്ചാണ് അദ്ദേഹം ഈ തുറന്നുപറച്ചിൽ നടത്തിയത്.
ബീഫിന്റെ റെക്കോർഡ് വിലക്കയറ്റം ഉപഭോക്താക്കൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ബ്രസീലിൽ നിന്നുള്ള ബീഫ് ഇറക്കുമതിക്ക് ട്രംപ് ഏർപ്പെടുത്തിയ തീരുവകൾ അമേരിക്കൻ വിപണിയിലെ വില വർധനവിന് വഴിയൊരുക്കിയിരുന്നു. എന്നാൽ പുതിയ ഉത്തരവിലൂടെ ഈ തീരുവകൾ പിൻവലിച്ചു. അമേരിക്കയിൽ ഉത്പാദിപ്പിക്കാത്തതോ കുറഞ്ഞ അളവിൽ മാത്രം ഉത്പാദിപ്പിക്കുന്നതോ ആയ ഉൽപ്പന്നങ്ങളുടെ തീരുവകളും ഒഴിവാക്കി.
വാഴപ്പഴം, ഓറഞ്ച്, തക്കാളി, പഴച്ചാറുകൾ, വിവിധ സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് ഇത് ബാധകമാണ്. ഈ ഇറക്കുമതി നികുതികൾ ആഭ്യന്തര ഉൽപ്പാദനത്തെ കാര്യമായി ബാധിച്ചിരുന്നില്ല, എന്നാൽ അമേരിക്കൻ ഉപഭോക്താക്കൾക്ക് വില വർധിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ട്രംപിന്റെ ഏറ്റവും പുതിയ നീക്കം രാജ്യത്തെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ഉണ്ടാക്കുന്ന ഗുണങ്ങൾ നിരവധിയാണ്.
ട്രംപ് ഭരണകൂടത്തിന്റെ നടപടിയെ ഭക്ഷ്യ വ്യവസായ അസോസിയേഷൻ സ്വാഗതം ചെയ്‌തു. ഇറക്കുമതി നികുതികൾ വിതരണ ശൃംഖലയിലെ ചെലവുകൾക്ക് പ്രധാന കാരണമാണെന്ന് അവർ ചൂണ്ടിക്കാട്ടി. എന്നാൽ, ട്രംപിന്റെ തീരുവകളാണ് വില വർധനവിന് കാരണമായതെന്ന് ഡെമോക്രാറ്റുകൾ ആവർത്തിക്കുകയാണ്.
അതിനിടെ ജനുവരിയിൽ അധികാരമേറ്റതിനുശേഷം പണപ്പെരുപ്പം അപ്രത്യക്ഷമായതായി ട്രംപ് പ്രഖ്യാപിച്ചിട്ടും, രാജ്യത്ത് പണപ്പെരുപ്പം ഉയർന്ന നിലയിൽ തുടരുകയാണ്, ഇത് യുഎസ് ഉപഭോക്താക്കളിൽ സമ്മർദ്ദം വർധിപ്പിക്കുന്നു. അതിനിടയിലാണ് കഴിഞ്ഞ നാളുകളിൽ ട്രംപ് നടപ്പാക്കിയ തീരുവ നയം കൂടി ഉപഭോക്താക്കളെ വരിഞ്ഞു മുറുക്കിയത്.
ഏപ്രിലിൽ ലോകമെമ്പാടുമുള്ള മിക്ക രാജ്യങ്ങളിലും ട്രംപ് തീരുവകൾ ഏർപ്പെടുത്തിയിരുന്നു. തീരുവകൾ ഉപഭോക്തൃ വില വർധിപ്പിക്കില്ലെന്നായിരുന്നു അദ്ദേഹവും ഭരണകൂടവും ആവർത്തിച്ചത്. ബീഫ് വിലയിലെ റെക്കോർഡ് വർധനവ് ഉൾപ്പെടെ ട്രംപിന്റെ ഈ നിരീക്ഷണങ്ങളെ നിരാകരിക്കുന്നതായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ നിർണായക തീരുമാനം സർക്കാർ എടുത്തിരിക്കുന്നത്.












Click it and Unblock the Notifications